'കലാസദന്‍ ഉല്ലാസി'ന് കൈയടിക്കാം; 'ഗാനഗന്ധര്‍വ്വന്‍' റിവ്യൂ
'കലാസദന്‍' എന്ന ഗാനമേള ട്രൂപ്പിലെ 'ഉല്ലാസ്' എന്ന ഗായകനായി മമ്മൂട്ടി. മമ്മൂട്ടി കരിയറില്‍ ആദ്യമായാണ് അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'പഞ്ചവര്‍ണ്ണതത്ത'യുടെ വിജയത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് എന്തൊക്കെയാണ് പ്രതീക്ഷിക്കേണ്ടത്?
'പഞ്ചവര്‍ണ്ണതത്ത' എന്ന വിജയചിത്രത്തിന് ശേഷം രമേഷ് പിഷാരടി എന്ന സംവിധായകന്‍, ഒപ്പം മമ്മൂട്ടി എന്ന താരവും നടനും. ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന 'കലാസദന്‍ ഉല്ലാസ്' ആണ് മമ്മൂട്ടിയുടെ കഥാപാത്രമെന്ന് 'ഗാനഗന്ധര്‍വ്വന്റെ' പ്രഖ്യാപന സമയത്തേ രമേശ് പിഷാരടി അനൗണ്‍സ് ചെയ്തിരുന്നു. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം രമേശ് പിഷാരടിയുടെ സംവിധാനത്തില്‍ വന്നാല്‍ എങ്ങനെയുണ്ടാവും എന്ന കൗതുകം തന്നെയായിരുന്നു 'ഗാനഗന്ധര്‍വ്വന്‍' എന്ന ചിത്രത്തിന്റെ യുഎസ്പി. ആ പ്രതീക്ഷകളെ സാധൂകരിക്കുന്നുണ്ടോ ചിത്രം? കാഴ്ചാനുഭവത്തിലേക്ക് പോകാം.
പ്രമേയം
കലാസദന്‍ എന്ന ഗാനമേള ട്രൂപ്പിലെ 'ഉല്ലാസ്' എന്ന ഗായകന്‍. അതത് കാലങ്ങളില്‍ അത്തരം വേദികളില്‍ തരംഗം തീര്‍ക്കുന്ന ഹിന്ദി, തമിഴ് ഗാനങ്ങളാണ് ഉല്ലാസിന്റെ മാസ്റ്റര്‍പീസ്. പഴയ പുഷ്‌കലകാലം പിന്നിട്ട ട്രൂപ്പാണ് ഇപ്പോള്‍ കലാസദനും. എന്നാല്‍ രമേശ് പിഷാരടി നേരത്തേ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നതുപോലെ കഥാനായകന്റെ പശ്ചാത്തലം എന്നതിനപ്പുറത്തുള്ള സവിശേഷപ്രാധാന്യം ഗാനമേള ട്രൂപ്പിന്റെ പരിസകരങ്ങള്‍ക്കില്ല. അതേസമയം ഉല്ലാസ് മറ്റേതെങ്കിലും മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളായിരുന്നെങ്കില്‍ ചിത്രത്തിന്റെ കഥാവഴി ഇതാകുമായിരുന്നുമില്ല. ആര്‍ക്കും അറിഞ്ഞുകൊണ്ട് ഉപദ്രവമൊന്നും ചെയ്യാത്ത ഉല്ലാസിന്റെ ജീവിതത്തിലേക്ക് വളരെ സ്വാഭാവികമെന്ന് തോന്നുന്ന തരത്തില്‍ ചില പ്രശ്‌നങ്ങള്‍ കടന്നുവരികയാണ്. പണത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കപ്പുറത്ത് അത്രകാലവും സമാധാനത്തോടെ കൊണ്ടുപോയിരുന്ന ജീവിതത്തിന് ഭീഷണിയാവുന്ന തരത്തില്‍ ആ പ്രതിസന്ധികള്‍ക്ക് രൂപമാറ്റം സംഭവിക്കുകയാണ്. അവയെ ഉല്ലാസ് എങ്ങനെ നേരിടുന്നു, അതിനോടൊക്കെയുള്ള അയാളുടെ ഉറ്റവരുടെ പ്രതികരണങ്ങള്‍ എന്തൊക്കെയാണ്, അയാള്‍ ഇതിനെ അതിജീവിക്കുമോ തുടങ്ങിയ ചോദ്യങ്ങളിലൂടെയാണ് രമേശ് പിഷാരടിയുടെ നരേഷന്‍ പുരോഗമിക്കുന്നത്.
കലാസദന്‍ ഉല്ലാസ് ആയി മമ്മൂട്ടി
നാല് പതിറ്റാണ്ട് നീളുന്ന അഭിനയജീവിതത്തില്‍ മമ്മൂട്ടി ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത കഥാപാത്രമാണ് ഒരു സ്റ്റേജ് ഗായകന്റേത് എന്ന് പറഞ്ഞു. അത്തരമൊരു കഥാപാത്രമായി മമ്മൂട്ടിയെ കാണാനുള്ള പ്രേക്ഷകരുടെ ആഗ്രഹത്തെ സാധൂകരിക്കുന്നുണ്ട് ചിത്രം. തന്റെ കലാമേഖലയെ അതര്‍ഹിക്കുന്ന ബഹുമാനത്തോടെയും പ്രൊഫഷണലിസത്തോടെയും കാണുന്ന, അയാളുടെതന്നെ അഭിപ്രായത്തില്‍ ജീവിതത്തില്‍ അത്രയൊന്നും വിജയിക്കാത്ത, എന്നാല്‍ തികഞ്ഞ പരാജയമാകാതിരുന്ന ആളാണ് ഉല്ലാസ്. മകളും ഭാര്യയുമടങ്ങുന്ന കുടുംബവും അത്രത്തോളം തന്നെ പ്രധാനമാണ് അയാള്‍ക്ക്. ഗ്ലാമര്‍കാലം അവസാനിച്ച ഗാനമേളവേദികളിലൂടെ നിലവില്‍ ഉല്ലാസ് നടത്തുന്നത് ഒരു അതിജീവന സമരം തന്നെയാണ്. കഥാപാത്രത്തിന്റെ മനസ്സറിഞ്ഞുള്ള പ്രകടനമാണ് മമ്മൂട്ടിയുടേത്. സാധാരണക്കാരായ കഥാപാത്രങ്ങളായി വരുമ്പോഴുള്ള ഭംഗി മമ്മൂട്ടി കലാസദന്‍ ഉല്ലാസ് ആയി വരുമ്പോഴുമുണ്ട്.
താരനിര
വന്ദിത മനോഹരനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ ജോഡിയായി എത്തുന്നത്. അതുല്യ ചന്ദ്ര മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം മുകേഷ്, മനോജ് കെ ജയന്‍, സിദ്ദിഖ്, ഇന്നസെന്റ്, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, മോഹന്‍ജോസ്, ഫാഫി, സ്‌നേഹ ബാബു, ധര്‍മ്മജന്‍, സുനില്‍ സുഖദ തുടങ്ങി ചെറുകഥാപാത്രങ്ങളില്‍ പോലും താരങ്ങളെയാണ് രമേശ് പിഷാരടി അണിനിരത്തിയിരിക്കുന്നത്. കാണിയെ മുഷിപ്പിക്കാതെ കഥാഗതി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സംവിധായകനെ ഒട്ടൊന്നുമല്ല ഇത് സഹായിച്ചിരിക്കുന്നത്.
തമാശകള്‍
ഒരു ഔട്ട് ആന്റ് ഔട്ട് ഹ്യൂമര്‍ ചിത്രമല്ല ഗാനഗന്ധര്‍വ്വന്‍. മറിച്ച് ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന് പറയുന്നതാവും ഉചിതം. എന്നാല്‍ നര്‍മ്മത്തിന് പ്രാധാന്യമില്ലാതെയുമില്ല. കോമഡിക്ക് വേണ്ടിയുള്ള സീനുകള്‍ ഇല്ലെങ്കിലും കഥാപാത്രങ്ങള്‍ക്കിടയില്‍ സ്വാഭാവികമായി കടന്നുവരുന്ന സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും അതിലൂടെ വന്നുചേരുന്ന ഹ്യൂമറുമുണ്ട്.
പ്രമേയത്തിലെ ഗൗരവം
നിയമത്തിന്റെ കണ്ണില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പരിഗണന ഗാര്‍ഹികപീഡന പരാതികളില്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് സുപ്രീം കോടതി ഒരിക്കല്‍ നിരീക്ഷിച്ചിരുന്നു. ഈ വിഷയത്തിലേക്ക് പ്രക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട് ചിത്രം. ഏറെ സെന്‍സിറ്റീവ് ആയൊരു വിഷയത്തെ, കൈപൊള്ളാതെ കൈകാര്യം ചെയ്തിട്ടുണ്ട് സംവിധായകന്‍.
ഫാമിലി എന്റര്‍ടെയ്‌നര്‍
രമേശ് പിഷാരടി ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തുന്നതിന്റെ, അതും ഇതുവരെ അവതരിപ്പിച്ചില്ലാത്ത ഒരു കഥാപാത്രമാവുന്നതിന്റെ യുഎസ്പി അല്ലാതെ, അവകാശവാദങ്ങളൊന്നുമില്ലാതെ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ഏതെങ്കിലും ഒരു പ്രത്യേക പ്രേക്ഷകവിഭാഗത്തെ മുന്നില്‍ക്കണ്ട് ഒരുക്കപ്പെട്ട ചിത്രമെന്ന് പറയാനാവില്ലെങ്കിലും കുടുംബപ്രേക്ഷകരില്‍ നിന്നാവും ചിത്രത്തിന് കൂടുതല്‍ കൈയ്യടികള്‍ കിട്ടുക.