Asianet News MalayalamAsianet News Malayalam

ത്രില്ലടിപ്പിച്ച് ഒപ്പം കൂടുന്ന 'ചിത്തിനി'; റിവ്യൂ

ഈ ജോണറില്‍പ്പെട്ട ചിത്രങ്ങളോട് പ്രേക്ഷകര്‍ക്കുള്ള ശിശുസഹജമായ ജിജ്ഞാസയെ ആദ്യം മുതല്‍ തന്നെ ലിഫ്റ്റ് ചെയ്യുന്നുണ്ട് 'ചിത്തിനി'

Chithini malayalam movie review Mokksha Vinay Forrt Amith Chakalakkal east coast vijayan
Author
First Published Sep 27, 2024, 6:16 PM IST | Last Updated Sep 27, 2024, 6:16 PM IST

സിനിമയില്‍ എക്കാലത്തും പ്രേക്ഷകരുള്ള ജോണറുകളിലൊന്നാണ് ഹൊറര്‍. അതേസമയം പാളിപ്പോവാന്‍ ഏറെ സാധ്യതയുള്ളതിനാല്‍ വളരെ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട ഒന്നും. കൈവിട്ട് പോയാല്‍ വര്‍ക്ക് ആവില്ലെന്ന് മാത്രമല്ല, പ്രേക്ഷകരെ ഭയപ്പെടുത്താന്‍ ഉദ്ദേശിച്ച് ചെയ്തത് കോമഡിയും ആവും. വിശേഷിച്ചും ചലച്ചിത്ര സാക്ഷരരായ പ്രേക്ഷകരുള്ള ഇന്നത്തെ കാലത്ത്. എന്നാല്‍ ഹൊററിനൊപ്പം ഇന്‍വെസ്റ്റിഗേഷന്‍ കൂടി കടന്നുവരുന്ന ചിത്തിനി എന്ന ചിത്രത്തില്‍ സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഈ വെല്ലുവിളിയെ മറികടന്നു എന്നതാണ് കാഴ്ചാനുഭവം.

കൗതുകമുണര്‍ത്തുന്ന പേരും ട്രെയ്‍ലര്‍ ഉള്‍പ്പെടെയുള്ള പ്രൊമോഷണല്‍ മെറ്റീരിയലുകളും വഴി പ്രേക്ഷകരുടെ പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമാണ് ഇത്. സിഐ അലന്‍ ആന്‍റണിക്കും സീതയ്ക്കുമൊപ്പം പല വിചിത്ര വഴികളിലൂടെയുമുള്ള യാത്രയില്‍ നമ്മെ ഒപ്പം കൊണ്ടുപോവുകയാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ള അലനും സീതയും പ്രണയത്തിലാണ്. സ്വന്തമെന്ന് പറയാന്‍ മറ്റാരുമില്ലാത്തയാളാണ് അലന്‍. സീതയ്ക്കാവട്ടെ അച്ഛന്‍ മാത്രമാണ് ഉള്ളത്. സീതയുടെ അച്ഛന്‍റെ അതൃപ്തിയെ മറികടന്ന് ഇരുവരും വിവാഹം കഴിക്കുകയാണ്. സ്വന്തം ജോലിയില്‍ വിട്ടുവീഴ്ചകള്‍ക്കൊന്നും തയ്യാറല്ലാത്ത അലന് വനാതിര്‍ത്തിയിലുള്ള ഒരു പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടുകയാണ്. വിചിത്രങ്ങളായ ചില കഥകളും അനുഭവങ്ങളുമൊക്കെ പങ്കുവെക്കുന്ന പ്രദേശവാസികളുള്ള സ്ഥലത്ത് വ്യത്യസ്ത അനുഭവങ്ങളെ നേരിടേണ്ടിവരികയാണ് ഈ പൊലീസ് ഉദ്യോ​ഗസ്ഥനും. ഒപ്പം ഒരു മിഷനും അയാള്‍ക്ക് മുന്നിലേക്ക് എത്തുന്നു. സ്വയം ഏറ്റെടുക്കുന്ന ഇന്‍വെസ്റ്റി​ഗേഷനുമായി സിഐ അലന്‍ ആന്‍റണി നടത്തുന്ന യാത്രയാണ് ചിത്രത്തെ മുന്നോട്ട് ഉദ്വേ​ഗഭരിതമാക്കുന്നത്. സിഐ അലനെ അമിത് ചക്കാലയ്ക്കലും സീതയെ മോക്ഷയും അവതരിപ്പിക്കുന്നു.

ഹൊററും ഇന്‍വെസ്റ്റി​ഗേഷനുമാണ് ചിത്രമെങ്കിലും ഏച്ചുകെട്ടലൊന്നുമില്ലാത്ത ലളിതമായ ആഖ്യാനമാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ പിന്തുടരുന്നത്. ഹൊറര്‍ ചിത്രത്തിന്‍റേതായ ഒരു പശ്ചാത്തലം അവതരിപ്പിച്ചതിന് ശേഷം അലനെയും സീതയെയും അവതരിപ്പിക്കുകയാണ് സംവിധായകന്‍. തൊട്ടുപിന്നാലെ നി​ഗൂഢതയുള്ള വനാതിര്‍ത്തിയിലേക്ക് ചിത്രം പറിച്ചുനടപ്പെടുകയും ചെയ്യുന്നു. വനവും പഴയൊരു ബം​ഗ്ലാവുമൊക്കെ ചേരുന്ന നി​ഗൂഢതയുടേതായ പശ്ചാത്തലത്തെ എഫക്റ്റീവ് ആയി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകന്‍. അതിനാല്‍ത്തന്നെ കഥാപാത്രങ്ങളുമായി കാണിക്ക് വേ​ഗത്തില്‍ കണക്റ്റ് ചെയ്യാനും സാധിക്കുന്നു. ചിത്രത്തില്‍ താരതമ്യേന ചെറിയ സ്ക്രീന്‍ ടൈം ഉള്ള കരിന്തളം ​ഗണേശന്‍ (മണികണ്ഠന്‍), സീതയുടെ അച്ഛന്‍ നരസിംഹ ഭട്ടതിരി (ശ്രീകാന്ത് മുരളി), മന്ത്രവിദ്യകളില്‍ പലപ്പോഴും അയാളുടെ സുഹൃത്ത് ആയിരുന്ന കത്തനാര്‍ (ജോയ് മാത്യു) തുടങ്ങിയവയൊക്കെ രസകരമായ കഥാപാത്രങ്ങളാണ്. ജോണി ആന്‍റണി അവതരിപ്പിച്ച സേവ്യര്‍ പോത്തനും വിനയ് ഫോര്‍ട്ടിന്‍റെ ഗോസ്റ്റ് ഹണ്ടറുമാണ് ചിത്രത്തിലെ മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങള്‍.

ഈ ജോണറില്‍പ്പെട്ട ചിത്രങ്ങളോട് പ്രേക്ഷകര്‍ക്കുള്ള ശിശുസഹജമായ ജിജ്ഞാസയെ ആദ്യം മുതല്‍ തന്നെ ലിഫ്റ്റ് ചെയ്യുന്നുണ്ട് ചിത്തിനി. ഈസ്റ്റ് കോസ്റ്റ് വിജയനെ അതിന് ഏറ്റവും സഹായിക്കുന്നത് ഛായാ​ഗ്രാഹകന്‍ രതീഷ് റാം ആണ്. നി​ഗൂഢതയെ ആഖ്യാനത്തില്‍ ഉള്‍ച്ചേര്‍ക്കാന്‍ വനത്തിന്‍റെ പശ്ചാത്തലം ഏറ്റവും നന്നായി ഉപയോ​ഗപ്പെടുത്തിയിട്ടുണ്ട് രതീഷ് റാം. ഒപ്പം രതീഷിന്‍റെ ഫ്രെയ്‍മുകള്‍ മനോഹരവുമാണ്. രഞ്ജിന്‍ രാജ് ആണ് സം​ഗീതം. ഒരു ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതുപോലെ പാട്ടുകള്‍ക്ക് പ്രാധാന്യമുള്ള ചിത്രമാണിത്. ​ഗാനങ്ങള്‍ക്കൊപ്പം പശ്ചാത്തല സം​ഗീതവും ഏറ്റവും മേന്മയോടെ ഉപയോ​ഗിച്ചിട്ടുണ്ട് ചിത്രത്തില്‍. ഹൊറര്‍, സസ്പെന്‍സ് രം​ഗങ്ങളെ നന്നാക്കുന്നതില്‍ ആ പശ്ചാത്തല സം​ഗീതത്തിനും പങ്കുണ്ട്. ജോണ്‍ കുട്ടി ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. കെ വി അനിലിന്‍റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അമിത് ചക്കാലയ്ക്കലിനെ മലയാളത്തിന്‍റെ നായക നിരയിലേക്ക് ഒന്നുകൂടി പ്രതിഷ്ഠിക്കുന്നുണ്ട് ചിത്തിനി. കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ പരിചിതയായ ബംഗാളി നടി മോക്ഷ മലയാളി സിനിമാപ്രേമിക്ക് ഒന്നുകൂടി പരിചിതയാകുന്നുണ്ട് ചിത്തിനിയിലൂടെ. വെറും ശബ്ദത്തിന്‍റെ ഉപയോഗം കൊണ്ട് മാത്രമല്ലാതെ സൃഷ്ടിച്ചിട്ടുള്ള ചില ഹൊറര്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. എഴുത്തിലെ മികവിനെ അതേ രീതിയില്‍ സ്ക്രീനിലെത്തിക്കുന്നതില്‍ ഈസ്റ്റ് കോസ്റ്റ് വിജയിച്ചിരിക്കുകയാണ് അവിടെയൊക്കെ. ഹൊറര്‍, ഇന്‍വെസ്റ്റിഗേഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഒപ്പം കുടുംബപ്രേക്ഷകര്‍ക്കും രുചിക്കുംവിധമാണ് ചിത്തിനി ഒരുങ്ങിയിരിക്കുന്നത്.

ALSO READ : 'കല്‍ക്കി 2898 എഡി' ബുസാന്‍ ചലച്ചിത്രോത്സവത്തിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios