സ്ക്രീനില്‍ വിലസുന്ന ശ്രീനാഥ് ഭാസി; 'ചട്ടമ്പി' റിവ്യൂ
കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് ലഭിച്ചപ്പോള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ മികവുറ്റതാക്കിയിട്ടുണ്ട് ശ്രീനാഥ് ഭാസി
സംവിധായകന്‍ എന്ന നിലയിലെ അരങ്ങേറ്റമാണെങ്കിലും സിനിമാപ്രേമികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുള്ള പേരാണ് അഭിലാഷ് എസ് കുമാറിന്‍റേത്. 22 ഫീമെയില്‍ കോട്ടയം, ടാ തടിയാ തുടങ്ങിയ ആഷിക് അബു ചിത്രങ്ങളുടെ സഹരചയിതാവ് ആയിരുന്നു അദ്ദേഹം. ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചട്ടമ്പിയില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത് ശ്രീനാഥ് ഭാസിയാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ പേര് സൂചിപ്പിക്കുംപോലെ ഒരു ചട്ടമ്പിയുടെ കഥ പറയുകയാണ് ചിത്രം. ഇടുക്കിയാണ് കഥാപശ്ചാത്തലം. പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ മനസിലാക്കിയതിലേക്കാള്‍ ഏറെ വ്യത്യസ്തമാണ് ചിത്രമെന്നാണ് ചട്ടമ്പിയുടെ കാഴ്ചാനുഭവം.
നാട്ടിലെ പ്രധാന പ്രമാണിയും മദ്യക്കച്ചവടക്കാരനുമായ ജോണ്‍ മുട്ടാറ്റിലിന്‍റെ സഹായി ആയാണ് ശ്രീനാഥ് ഭാസിയുടെ കറിയ ജോര്‍ജിനെ നാം ആദ്യം കാണുന്നത്. ഒപ്പമുള്ളവര്‍ക്കുവേണ്ടി എന്തുചെയ്യാനും മടിയില്ലാത്ത, എടുത്തുചാട്ടക്കാരനായ കറിയ പക്ഷേ ജോണിന്‍റെ നിഴലില്‍ നില്‍ക്കാതെ സ്വന്തം വ്യക്തിത്വമുള്ളയാളുമാണ്. മുന്നോട്ടുപോകവെ ജോണുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോഴും സ്വന്തം നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറാവാത്ത കറിയയുടെ ജീവിതം അവിടുന്നങ്ങോട്ട് മാറിമറിയുകയാണ്. ജോണ്‍ മുട്ടാറ്റില്‍ ആയി ചെമ്പന്‍ വിനോദ് ജോസ് ആണ് എത്തുന്നത്. തൊണ്ണൂറുകളിലെ ഹൈറേഞ്ച് പശ്ചാത്തലത്തില്‍ മിഴിവുറ്റ കഥാപാത്രങ്ങളിലൂടെ ഒരു ജീവിതചിത്രം വരച്ചിട്ടിരിക്കുകയാണ് സംവിധായകന്‍. സംവിധായകന്‍ ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നതും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നതും അലക്സ് ജോസഫ് ആണ്.
വണ്‍ലൈന്‍ കേള്‍ക്കുമ്പോള്‍ സാധാരണത്വമാവും തോന്നുകയെങ്കിലും അങ്ങനെയുള്ള ചിത്രമല്ല ചട്ടമ്പി. രണ്ട് പുരുഷ കഥാപാത്രങ്ങളുടെ ഈഗോയുടെ ഏറ്റുമുട്ടലില്‍ തുടങ്ങി വലിയ അടിയില്‍ പര്യവസാനിക്കുന്ന ഒരു ഫ്രെയിം അല്ല ചിത്രത്തിന്‍റേത്, അത്തരത്തിലുള്ള മാനസികമായ ഒരു മല്‍പ്പിടുത്തം കറിയയ്ക്കും ജോണിനുമിടയില്‍ ഉണ്ടെങ്കിലും. കഥ നടക്കുന്ന പ്രദേശത്തെയും കഥാപാത്രങ്ങളെയുമൊക്കെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ചിത്രം പലപ്പോഴും കറുത്ത ഹാസ്യത്തിന്‍റെ ഫ്രെയ്മിലൂടെ ജീവിതത്തിന്‍റെ അര്‍ഥശൂന്യതയിലേക്കും നോട്ടമയയ്ക്കുന്നുണ്ട്.
സാങ്കേതിക ഘടകങ്ങളൊക്കെ സൂക്ഷ്മതയോടെയും സൗന്ദര്യാത്മകമായും ഉപയോഗിച്ചിരിക്കുന്ന അനുഭവവുമാണ് ചട്ടമ്പി. വലയുടെ നടുവില്‍ ഇരിക്കുന്ന ഒരു ചിലന്തിയുടെ ഷോട്ടില്‍ നിന്ന് ആരംഭിക്കുന്ന ചിത്രം ആദ്യാവസാനം നിഗൂഢതയുടേതായ ഒരു സൗന്ദര്യം വിനിമയം ചെയ്യുന്നുണ്ട്. കേവലം മൂഡ് സെറ്റ് ചെയ്യലും മികച്ച ഫ്രെയിമുകള്‍ ഒരുക്കലും മാത്രമല്ല ഇവിടെ സിനിമാറ്റോഗ്രാഫര്‍ക്ക് ചെയ്യാന്‍ ഉണ്ടായിരുന്നത്. മറിച്ച് പറയുന്ന കഥയ്ക്കപ്പുറം സംവിധായകന്‍റെ ഇച്ഛയ്ക്കനുസരിച്ച്, സ്പൂണ്‍ ഫീഡിംഗ് ഇല്ലാതെ ഒരു അനുഭവതലം കാണിക്ക് നല്‍കുക എന്നതുകൂടിയാണ്. തിരക്കഥാകൃത്തും ഛായാഗ്രാഹകനും ഒരാള്‍ ആയതിന്‍റെ ഗുണം ശരിക്കും സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. കഥയോട് ഇത്രയും ചേര്‍ന്നുനില്‍ക്കുന്ന ഒരു ക്യാമറാ വര്‍ക്ക് സമീപകാലത്ത് മലയാളത്തില്‍ കണ്ട ഏറ്റവും മികച്ചവയുടെ കൂട്ടത്തില്‍ ഉണ്ട്.
ശ്രീനാഥ് ഭാസിയുടെ ആംഗ്രി യംഗ് മാന്‍ ഓണ്‍ സ്ക്രീന്‍ പ്രതിച്ഛായയെ നന്നായി ഉപയോഗപ്പെടുത്തിയിട്ടുള്ള കഥാപാത്രം പക്ഷേ ഉപരിപ്ലവമായ ഒന്നല്ല. എഴുത്തില്‍ ആഴം അനുഭവിപ്പിക്കുന്ന ആ കഥാപാത്രം ഒരു നടനില്‍ നിന്ന് ഏറെ ആവശ്യപ്പെടുന്ന ഒന്നുമാണ്. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് ലഭിച്ചപ്പോള്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ മികവുറ്റതാക്കിയിട്ടുണ്ട് ശ്രീനാഥ് ഭാസി. പറയുന്ന കഥയും കാലവുമൊക്കെ ഏറെ വിശ്വസനീയമാക്കുന്നതിലും ചിത്രത്തിന്‍റെ മൂഡ് സെറ്റ് ചെയ്യുന്നതിലും മറ്റു താരനിര്‍ണ്ണയങ്ങളും സഹായിച്ചിട്ടുണ്ട്. ജോണ്‍ മുട്ടാറ്റിലിനെ ചെമ്പന്‍ ഭദ്രമാക്കിയപ്പോള്‍ മൈഥിലിയുടെ രാജിയും ഗ്രേസ് ആന്‍റണിയുടെ സിസിലിയും ഗുരു സോമസുന്ദരത്തിന്‍റെ മുനിയാണ്ടിയും ചിലമ്പന്‍റെ കോരയുമടക്കം ഒരുപിടി മികവുറ്റ പ്രകടനങ്ങളുണ്ട് ചിത്രത്തില്‍.
സാങ്കേതികമായി മികവ് പുലര്‍ത്തുമ്പോഴും നല്‍കുന്ന സിനിമാനുഭവത്തെ അലോസരപ്പെടുത്തുന്ന സ്റ്റൈലേസേഷന്‍ ചിത്രത്തിനില്ല എന്നത് അഭിലാഷിലെ സംവിധായകന്‍റെ പക്വതയാണ്. ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍ സമീപകാലത്തിറങ്ങിയ ചിത്രങ്ങളില്‍ പലതും വയലന്‍സിനെ ദൃശ്യപരമായി ആഘോഷിക്കുമ്പോള്‍ ചട്ടമ്പിയുടെ സഞ്ചാരം മറ്റൊരു വഴിയിലൂടെയാണ്. വേറിട്ട സിനിമാനുഭവം പകരുന്നു അത്.