അപ്രിയ സത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഭാരത സര്‍ക്കസ്'- റിവ്യു

സോഹൻ സീനുലാല്‍ സംവിധാനം ചെയ്‍ത ചിത്രം 'ഭാരത സര്‍ക്കസി'ന്റെ റിവ്യു.

Binu Pappu starrer new film Bharatha Circus review

കേരളം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ് 'ഭാരത സര്‍ക്കസ്' സര്‍ഗ്ഗാത്മകമായി അവതരിപ്പിച്ചിരിക്കുന്നത്. നിറം, ജാതി പേര് തുടങ്ങിയവയെ എങ്ങനെയാണ് നവോത്ഥാന കേരളമെന്ന് അഭിമാനിക്കുന്ന മലയാളികള്‍ പലപ്പോഴും നോക്കിക്കാണുക എന്ന സത്യം ചൂണ്ടിക്കാട്ടുകയാണ് 'ഭാരത സര്‍ക്കസ്'. പൊലീസ് അടക്കമുള്ള ഭരണ സംവിധാനങ്ങള്‍ എങ്ങനെയാണ് അശരണരെ അല്ലെങ്കില്‍ പാര്‍ശ്വവത്ക്കരിക്കുന്നവരെ കൈകാര്യം ചെയ്യുന്നത് എന്ന വിഷയവും ചിത്രം ചര്‍ച്ചയ്‍ക്ക് വയ്‍ക്കുന്നു. വര്‍ത്തമാന കേരളം പുന:പരിശോധിക്കേണ്ട മനോഭാവങ്ങളെയാണ് ചിത്രം പരിശോധിക്കുന്നത്.

'ലക്ഷ്‍മണൻ കാണി'യാണ് ചിത്രത്തിന്റെ കേന്ദ്രസ്ഥാനത്ത്. ഒരു പരാതിയുമായി 'ലക്ഷ്‍മണൻ കാണി' പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയാണ്. തീര്‍ത്തും ദുര്‍ബലമായ ശരീര ഭാഷയിലാണ് 'ലക്ഷ്‍മണൻ കാണി'യെ തുടക്കത്തില്‍ കാട്ടുന്നത്. തന്റെ മകളുടെ നഗ്ന ദൃശ്യം ഫോണില്‍ കാണേണ്ടി വന്നതിന്റെ ദുരവസ്ഥയാണ് അദ്ദേഹത്തിന് പരാതിയായി പറയാനുണ്ടായിരുന്നത്. മകള്‍ ആത്മഹത്യക്ക് ശ്രമിച്ച അതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയുമാണ്. തന്റെ മകളുടെ ജീവിതം ഇങ്ങനെയാക്കിയ ആളെ പിടികൂടണമെന്ന് 'ലക്ഷ്‍മണൻ കാണി' സര്‍ക്കിള്‍ ഇൻസ്‍പെക്ടറോട് പറയുന്നു. ആദ്യം പൊലീസ് കാര്യക്ഷമമായി കേസ് അന്വേഷിക്കുന്നു എന്ന തോന്നില്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും പിന്നീട് കാര്യങ്ങള്‍ കീഴ്‍മേല്‍ മറിയുകയാണ്. 'ലക്ഷ്‍മണൻ കാണി'യുടെ ജീവിതം അയാള്‍ ഇന്നോളം നേരിട്ടില്ലാത്ത അവസ്ഥയിലേക്ക് എത്തുന്നു. പൊലീസ് അയാളെ കുരുക്കുന്നു. 'ലക്ഷ്‍മണൻ കാണി' പൊലീസ് കുരുക്കില്‍ നിന്ന് രക്ഷപ്പെടുമോ അതോ ഭരണ സംവിധാനത്തിന്റെ കുതന്ത്രങ്ങളില്‍ ഇല്ലാതാകുമോ എന്ന പ്രേക്ഷക ആകാംക്ഷയെ വളര്‍ത്തിയാണ് ചിത്രം പുരോഗമിക്കുന്നത്.

Binu Pappu starrer new film Bharatha Circus review


ബിനു പപ്പുവാണ് 'ലക്ഷ്‍മണൻ കാണി' എന്ന കഥാപാത്രമായി വേഷപകര്‍ച്ച നടത്തിയിരിക്കുന്നത്. ഗംഭീര കാസ്റ്റിംഗ് എന്ന് എടുത്തു പറയേണ്ട ഒന്നാണ് ബിനു പപ്പുവിന്റേത്. മകളുടെ ദുരവസ്ഥയില്‍ നീറുന്ന അച്ഛൻ കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു ബിനു പപ്പു. ബിനു പപ്പുവിന്റെ പക്വതയാര്‍ന്ന പ്രകടനമാണ് ചിത്രത്തിലെ പല കഥാസന്ദര്‍ഭങ്ങള്‍ക്കും ആഴം പകരുന്നത്.

എം എ നിഷാദിന്റെ 'സര്‍ക്കിള്‍ ഇൻസ്‍പെക്ടര്‍' കഥാപാത്രവും ചിത്രത്തില്‍ നിര്‍ണായകമാണ്. പല വിധ ഭാവ മാറ്റങ്ങളുള്ള കഥാപാത്രം എം എ നിഷാദില്‍ ഭദ്രമായിരുന്നു. സംവിധായകനുമായ എം എ നിഷാദ് ചിത്രത്തിന്റെ വഴിത്തിരിവുകള്‍ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. നാട്ടിലെ സാമൂഹ്യപ്രവര്‍ത്തകനും പുരോഗമനപരമായ വിഷയങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നതുമായ 'അനൂപ്' എന്ന കഥാപാത്രത്തിന് അര്‍ഹിക്കുന്ന കാസ്റ്റിംഗാണ് ഷെൻ ടോം ചാക്കോയുടേതും. ജാഫര്‍ ഇടുക്കിയുടെ സമകാലീന രാഷ്‍ട്രീയക്കാരൻ കഥാപാത്രം വര്‍ത്തമാന സാഹചര്യങ്ങളെ ഓര്‍മിപ്പിക്കുന്നതായി. സുനില്‍ സുഖദയും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായി ചിത്രത്തിലുണ്ട്. ജയകൃഷ്‍ണൻ, സുധീര്‍ കരമന, ആഭിജ, ജോളി ചിറയത്ത്, ലാലി പി എം,  തുടങ്ങിയവരും അവരവരുടെ വേഷങ്ങള്‍ മികച്ചതാക്കി.

Binu Pappu starrer new film Bharatha Circus review

തെരഞ്ഞെടുത്ത പ്രമേയം കൊണ്ട് അഭിനന്ദനം അര്‍ഹിക്കുകയാണ് സംവിധായകൻ സോഹൻ സീനുലാല്‍. പ്രമേയത്തിനനുസരിച്ചുള്ള കൃത്യമായ ചലച്ചിത്രാഖ്യാനമാണ് സോഹൻലാല്‍ 'ഭാരത സര്‍ക്കസി'നു വേണ്ടി ആവിഷ്‍കരിച്ചിരിക്കുന്നത്. ഫോട്ടോ കൊണ്ടുപോലും സംവദിക്കാൻ പാകത്തിലുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയാണ് 'ഭാരത സര്‍ക്കസി'ന്റെ പ്രമേയത്തെ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിച്ചിരിക്കുന്നത്. ഇങ്ങനെയൊരു പ്രമേയത്തെ അര്‍ഹിക്കുംവിധം  അവതരിപ്പിക്കുന്നതിനായി ചിത്രത്തില്‍  ഒട്ടേറെ കഥാസന്ദര്‍ഭങ്ങളെ സര്‍ഗാത്മകമായി തന്നെ തിരക്കഥയില്‍ ഇഴചേര്‍ത്ത രചയിതാവ് മുഹാദ് വെമ്പായവും നീതിപുലര്‍ത്തിയിരിക്കുന്നു.

ബിനു കുര്യന്റെ ഛായാഗ്രാഹണം പ്രമേയത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന തരത്തിലുള്ളതാണ്.  കേവലം പ്രകൃതി ദൃശ്യ സൗന്ദര്യങ്ങള്‍ക്കപ്പുറമായി പറയാനുള്ള വിഷയത്തെ ഗൗരവപരമായി സംവദിപ്പിക്കുന്ന തരത്തിലാണ് ബിനു കുര്യന്റെ ഛായാഗ്രാഹണം. വി സാജന്റെ കട്ടുകളും സോഹൻ സീനുലാലിന് 'ഭാരത സര്‍ക്കസി'ന്റെ ആഖ്യാനത്തില്‍ വേണ്ട പിന്തുണ നല്‍കുന്നു. ഗൗരവമാര്‍ന്ന പ്രമേയത്തെ 'ഭാരത സര്‍ക്കസെ'ന്ന സിനിമയില്‍ ആസ്വാദനപരമായ രീതിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു വി സാജൻ.

Binu Pappu starrer new film Bharatha Circus review

ബിജിബാലാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.  'ഭാരത സര്‍ക്കസി'ന്റെ സിനിമാനുഭവത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിനാവശ്യമായ സംഗീതം തന്നെയാണ് ബിജിബാല്‍ ഉപയോഗിച്ചിരിക്കുന്നത്. 'പുലയാടി മക്കള്‍ക്ക് പുലയാണ് പോലും' എന്ന വിവാദ ഗാനം റീമീക്സ് ചെയ്‍ത് റിലീനിന് മുന്നേ ചിത്രത്തിലേതായി പുറത്തുവിട്ടിരുന്നു. പി എൻ ആര്‍ കുറുപ്പ് എഴുതിയ ഗാനത്തിന്റെ ദൗത്യം ഉള്‍ക്കൊണ്ടു തന്നെയുള്ള 'ഭാരത സര്‍ക്കസും'.

Read More: 'രണ്ട് ലക്ഷം രൂപ നല്‍കി', ബാലയുടെ ആരോപണം നിഷേധിച്ച് ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍

Latest Videos
Follow Us:
Download App:
  • android
  • ios