Beast Movie Review : 'രക്ഷകന്‍' റീലോഡഡ്; 'ബീസ്റ്റ്' റിവ്യൂ

സാങ്കേതികമായി മികവ് പുലര്‍ത്തുന്ന ചിത്രം, വിജയ്‍യുടെ താരപരിവേഷം കാലത്തിനനുസൃതമായി ഉപയോഗിച്ചിരിക്കുന്നു

beast movie review vijay nelson dilipkumar anirudh ravichander

കൊവിഡ് രണ്ടാം തരം​ഗത്തിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ വിജയങ്ങളിലൊന്നായിരുന്നു വിജയ് നായകനായ മാസ്റ്റര്‍. ആ ചിത്രത്തിന്‍റെ വിജയത്തിനു ശേഷമെത്തുന്ന വിജയ് ചിത്രം എന്നതു മാത്രമായിരുന്നില്ല ബീസ്റ്റ് ഉയര്‍ത്തിയ പ്രീ-റിലീസ് ഹൈപ്പിന് കാരണം. ഒപ്പം അതിന്‍റെ സംവിധായകന്‍റെ പേര് കൂടിയായിരുന്നു. കോലമാവ് കോകിലയ്ക്കും ഡോക്ടറിനും ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും സിനിമാപ്രേമികളില്‍ ആകാംക്ഷ ഉണര്‍ത്തിയ ഘടകമാണ്. കൂടാതെ സം​ഗീതത്തിലെ ജനപ്രിയ ചേരുവകള്‍ മറ്റാരെക്കാളും നന്നായി അറിയുന്ന അനിരുദ്ധ് രവിചന്ദറിന്‍റെ സാന്നിധ്യവും. എല്ലാം ഒത്തുചേര്‍ന്ന, ടെക്നിക്കലി ബ്രില്യന്‍റ് ആയ ഒരു വിജയ് ചിത്രം എന്നതായിരുന്നു റിലീസിനു മുന്‍പ് സിനിമാപ്രമികള്‍ക്കിടയില്‍ ബീസ്റ്റ് ഉയര്‍ത്തിയ പ്രതീക്ഷ. ആ പ്രതീക്ഷകളെ നിലനിര്‍ത്താനായോ ചിത്രത്തിന് എന്നു നോക്കാം.

വീരരാഘവന്‍ എന്ന സീനിയര്‍ റോ ഏജന്‍റ് ആണ് വിജയ്‍ അവതരിപ്പിക്കുന്ന നായകന്‍. ഒരു വര്‍ഷത്തോളം മുന്‍പ് തന്‍റെ നേതൃത്വത്തില്‍ നടത്തിയ, തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷവും വിഷാദവും നേരിട്ടുകൊണ്ട് മുന്നോട്ടു പോവുകയാണ് അയാള്‍. താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോലിയില്‍ നിന്ന് അവധിയെടുത്ത് വ്യക്തിപരമായ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന വീരയെ തേടി യാദൃശ്ചികമായി ഒരു സൈനിക മിഷന്‍ മുന്നിലെത്തുകയാണ്. മറ്റെന്തിനെക്കാളുമേറെ സ്വന്തം മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന, മിഷനുകളില്‍ തികഞ്ഞ പോരാളിയായ ഈ നായക കഥാപാത്രം മുന്നിലെത്തുന്ന ഒരു കടുത്ത വെല്ലുവിളിയെ അതിജീവിക്കുമോ എന്നതിലേക്കാണ് ബീസ്റ്റ് പ്രേക്ഷകരുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.

beast movie review vijay nelson dilipkumar anirudh ravichander

 

ചിത്രത്തിന്‍റെ പ്ലോട്ടിനെ കൃത്യമായി പരിചയപ്പെടുത്തുന്ന ഒന്നായിരുന്നു നേരത്തെ പുറത്തെത്തിയ, ചിത്രത്തിന്‍റെ 2.57 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍. വിജയ് പലപ്പോഴും ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള രക്ഷകന്‍ പരിവേഷം തന്നെയാണ് ബീസ്റ്റിലെ നായകനായ വീരരാഘവനുമുള്ളത്. ന​ഗരത്തിലെ ഒരു ഷോപ്പിം​ഗ് മാള്‍ പിടിച്ചടക്കി സന്ദര്‍ശകരെ ബന്ദികളാക്കുന്ന ഒരു സംഘം തീവ്രവാദികള്‍. ആ സ്ഥലത്ത് അപ്രതീക്ഷിതമായി എത്തിപ്പെടുന്ന വീരരാഘവന്‍. ബന്ദികളുടെ കൂട്ടത്തില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മികവുറ്റ ഒരു ഓഫീസറും പെട്ടിട്ടുണ്ടെന്ന് അറിയുന്ന സൈനികവൃത്തങ്ങള്‍ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹത്തോടു തന്നെ ആവശ്യപ്പെടുകയാണ്. ഒരു അടഞ്ഞ സ്ഥലത്ത് തീവ്രവാദികളാല്‍ ബന്ദികളാക്കപ്പട്ട നിരപരാധികളെ മോചിപ്പിക്കാന്‍ വീരരാഘവന്‍ നടത്തുന്ന പരിശ്രമങ്ങളാണ് 2 മണിക്കൂര്‍ 36 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം.

വിജയ്‍യെപ്പോലെ ഒരു സൂപ്പര്‍താരം നായകനാവുമ്പോള്‍ സാധാരണയായി സംവിധായകന് ചുമക്കേണ്ടിവരുന്ന അമിതഭാരം അനുഭവിപ്പിക്കാത്ത രീതിയിലാണ് ചിത്രത്തിന്‍റെ തുടക്കം. വീരരാഘവനെ നാടകീയതയൊന്നുമില്ലാതെ പരിചയപ്പെടുത്തിയതിനു ശേഷം അധികം ഇടവേളയെടുക്കാതെ പ്ലോട്ടിലേക്ക് നേരിട്ട് പ്രവേശിക്കുകയാണ് നെല്‍സണ്‍. പ്രധാന കഥാപരിസരമായ ഷോപ്പിം​ഗ് മാളിലേക്ക് പ്രേക്ഷകരെ എത്തിച്ചതിനു ശേഷം ചിത്രത്തിന്‍റെ മൂഡ് കൃത്യമായി സെറ്റ് ചെയ്യുന്നുമുണ്ട് സംവിധായകന്‍. എന്നാല്‍ ആവേശം പകരുന്ന ഈ ആരംഭത്തിന് തുടര്‍ച്ച കണ്ടെത്തുന്നതില്‍ നെല്‍സണ്‍ അത്ര കണ്ട് വിജയിക്കുന്നില്ല. ഒരു അടഞ്ഞ സ്ഥലത്ത് സംഭവിക്കുന്ന ചിത്രങ്ങളുടെ സംവിധായകന്‍ പ്രാഥമികമായി നേരിടുന്ന വെല്ലുവിളി തന്നെയാണ് ഇവിടെ നെല്‍സണും നേരിടുന്നത്. ഒരു ആക്ഷന്‍ ത്രില്ലറിന് അനുയോജ്യമായ സെറ്റിം​ഗ് എല്ലാം ഒരുക്കിയിട്ടും ആദ്യാവസാനം പിടിച്ചിരുത്തുന്ന ഒരു അനുഭവമാക്കി ബീസ്റ്റിനെ മാറ്റാന്‍ സംവിധായകനും അത് ആ രീതിയില്‍ അസ്വദിക്കാന്‍ ഒരുപക്ഷേ പ്രേക്ഷകനും വെല്ലുവിളിയാവുന്നത് നായകനായുള്ള വിജയ്‍യുടെ സാന്നിധ്യമാണ് എന്നതാണ് വൈരുദ്ധ്യം. വിജയ്‍യുടെ നായകന്‍ അന്തിമമായി വിജയിക്കുക തന്നെ ചെയ്യുമെന്ന പ്രേക്ഷകബോധ്യത്തില്‍ നെല്‍സണ്‍ ഒരുക്കിയ പല ത്രില്ലര്‍ നിമിഷങ്ങളും കാര്യമായ ചലനം സൃഷ്ടിക്കാതെ പോകുന്നു. 

beast movie review vijay nelson dilipkumar anirudh ravichander

 

അതേസമയം കാഴ്ചാനുഭവമെന്ന തലത്തില്‍ സാങ്കേതികമായി മികവുള്ള ഒരു വര്‍ക്കുമാണ് ബീസ്റ്റ്. വിജയ്‍യുടെ സാന്നിധ്യം സൃഷ്ടിക്കുന്ന ഭാരം ഒഴിവാക്കിയാല്‍ ഴോണറിനോട് കഴിവതും നീതി പുലര്‍ത്തുന്ന, ആക്ഷന്‍ രം​ഗങ്ങളിലും ഛായാ​ഗ്ര​ഹണത്തിലുമൊക്കെ ഒരു ക്ലാസ് അനുഭവപ്പെടുത്തുന്ന ചിത്രവുമാണ് ബീസ്റ്റ്. അനിരുദ്ധ് രവിചന്ദറിനെപ്പോലെ ഒരു സം​ഗീത സംവിധായകനെ കിട്ടിയിട്ടും, ചിത്രത്തിന്‍റെ മൂഡ് മറ്റൊന്നായതിനാല്‍ പാട്ടുകള്‍ രണ്ടിലേക്ക് ചുരുക്കിയിട്ടുണ്ട് നെല്‍സണ്‍. പാട്ടുകളില്‍ വിജയ്‍യുടെ നൃത്തച്ചുവടുകള്‍ക്കായുള്ള സെലിബ്രേഷന്‍ മൂഡ് ഒരുക്കിയിട്ടുള്ള അനിരുദ്ധ് സ്കോറിം​ഗില്‍ പുലര്‍ത്തിയിരിക്കുന്ന മിതത്വം ശ്രദ്ധേയമാണ്. 

വിജയ്‍യെ സമീപകാലത്ത് ഏറ്റവും നന്നായി അവതരിപ്പിച്ചിട്ടുള്ള ചിത്രമാണ് ബീസ്റ്റ്. ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് വരാറുള്ള പല വിജയ് നമ്പറുകളും മാനറിസങ്ങളുമൊക്കെ ഒഴിവാക്കി തമിഴകത്തിന്‍റെ സൂപ്പര്‍താരത്തെ വീരവാഘവന്‍ എന്ന സ്പൈ ഏജന്‍റിന്‍റെ കുപ്പായത്തിലേക്ക് മാറ്റിയിട്ടുണ്ട് നെല്‍സണ്‍. നായിക പൂജ ഹെ​ഗ്‍ഡെയ്ക്ക് കാര്യമായി റോള്‍ ഒന്നുമില്ലാത്ത ചിത്രത്തില്‍ പ്രേക്ഷകരെ പലപ്പോഴും കണക്ട് ചെയ്ത് നിര്‍ത്തുന്നത് വിടിവി ​ഗണേഷും യോഗി ബാബുവും സംഘവും ഒരുക്കുന്ന കോമഡി ട്രാക്ക് ആണ്. എന്നാല്‍ ഇത് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ടിനെ ദോഷകരമായി ബാധിക്കുന്ന ഒരു സൈഡ് ട്രാക്ക് ആയി മാറാതെ കൈകാര്യം ചെയ്‍തിട്ടുണ്ട് സംവിധായകന്‍. തമിഴ് അരങ്ങേറ്റം നടത്തുന്ന ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു പ്രധാന കഥാപാത്രത്തെയാണ് ലഭിച്ചത്. ഷൈന്‍ മലയാളത്തില്‍ നടത്തിയിട്ടുള്ള മികവുറ്റ പ്രകടനങ്ങള്‍ക്കുള്ള അം​ഗീകാരമാണ് ഈ കഥാപാത്രം, അദ്ദേഹത്തിന്‍റെ പ്രതിഭയെ വെല്ലുവിളിക്കുന്ന ഒന്നല്ല അതെങ്കിലും. മലയാളി താരം അപര്‍ണ ദാസിനും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിച്ചത്.

beast movie review vijay nelson dilipkumar anirudh ravichander

 

യുവസംവിധായകരില്‍ ശ്രദ്ധേയനായ നെല്‍സണ്‍ ദിലീപ്‍കുമാറിനൊപ്പം കോളിവുഡിന്‍റെ സൂപ്പര്‍താരം ആദ്യമായി എത്തുമ്പോള്‍ ഉയരുന്ന അമിത പ്രതീക്ഷ തന്നെയാണ് അണിയറക്കാര്‍ നേരിട്ട പ്രധാന വെല്ലുവിളി. ഈ പ്രതീക്ഷാഭാരം വിജയകരമായി മറികടന്നുവെന്ന് പറയാനാവില്ലെങ്കിലും ഒറ്റ കാഴ്ചയില്‍ അമ്പേ നിരാശപ്പെടുത്തില്ല ബീസ്റ്റ്. വിജയ് ആരാധകരെ സംബന്ധിച്ച് സ്ക്രീനിലെ 'വിജയിസം' കാലാനുസൃതമായി മാറ്റി അവതരിപ്പിച്ചിരിക്കുന്നതിലെ മികവ് കൗതുകം പകരും.

Latest Videos
Follow Us:
Download App:
  • android
  • ios