പ്രണയം നിറയുന്ന 'ഓ മൈ ഡാര്‍ലിംഗ്'- റിവ്യു
അനിഖ സുരേന്ദ്രൻ നായികയായി എത്തിയ ചിത്രം 'ഓ മൈ ഡാര്‍ലിംഗ്' റിവ്യു.
മനോഹരമായ ഒരു പ്രണയ കഥ പറയുന്നതിനൊടൊപ്പം കാര്യമാത്ര പ്രസക്തമായ ഒരു വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ചിത്രമാണ് 'ഓ മൈ ഡാര്‍ലിംഗ്'. യുവ പ്രേക്ഷകരെ മുന്നില്‍ക്കണ്ട് ഒരുക്കിയ സിനിമയാണെങ്കിലും കുടുംബബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്ന പ്രമേയമാണ് 'ഓ മൈ ഡാര്‍ലിംഗി'ന്റേത്. ലാളിത്യമാര്‍ന്ന ആഖ്യാനമാണ് ചിത്രം എന്നതിനാല്‍ തിയറ്റര്‍ കാഴ്ചയില്‍ എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുകയും ചെയ്യുന്നു 'ഓ മൈ ഡാര്‍ലിംഗ്'. മലയാളത്തിലെ യുവ താരങ്ങളും സീനിയര്‍ അഭിനേതാക്കളും ഒരുപോലെ തിളങ്ങിയ 'ഓ മൈ ഡാര്‍ലിംഗ്' കുടുംബസമേതം ആസ്വദിക്കാവുന്ന ചിത്രം എന്ന് നിസംശയം പറയാം.
'ജെന്നി'യും 'ജോയലു'മാണ് സിനിമയുടെ കേന്ദ്രകഥാപാത്രങ്ങള്‍. വളച്ചുകെട്ടലുകളൊന്നുമില്ലാതെ തന്നെ പ്രധാന കഥാപാത്രങ്ങളെയും അവരുടെ പ്രണയത്തെയും ആദ്യ രംഗങ്ങളില്‍ തന്നെ വെളിപ്പെടുത്തുന്നു. 'ജെന്നി'യും 'ജോയലും' പ്രണയിതാക്കളായതിന് ശേഷമുള്ള സംഭവങ്ങളാണ് 'ഓ മൈ ഡാര്‍ലിംഗി'ല്‍. 'ജെന്നി'യുടെയും 'ജോയലി'ന്റെയും പ്രണയം മറ്റൊരു വഴിത്തിരിവിലേക്ക് എത്തുന്ന സംഭവവികാസങ്ങളോടെയാണ് ചിത്രത്തിന്റെ കഥാഗതി രസകരമായ സന്ദര്‍ഭങ്ങള്‍ ഉള്‍പ്പെടുത്തിതന്നെ ഗൗരവസ്വഭാവത്തിലേക്ക് എത്തുന്നത്.
'ജെന്നി' എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമാണ് ആദ്യ പകുതിയുടെ അവസാന രംഗങ്ങള്‍തൊട്ട് ചിത്രത്തെ സംഘര്‍ഷഭരിതമാക്കുന്നത്. 'ജെന്നി' വളരെ സന്തോഷപൂര്‍വം ജീവിതത്തിലെ പുതിയ മാറ്റം ആഘോഷിക്കുമ്പോള്‍ 'ജോയല്‍' എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. സ്ഥിര ജോലി ഇല്ലാത്ത 'ജോയല്‍' ഭാവി ജീവിതം എങ്ങനെ എന്നതിന്റെ ആശങ്കയിലാണ്. 'ജോയല്‍' എങ്ങനെ ആ ഒരു അവസ്ഥയെ മറികടക്കും, 'ജെന്നി'യുടെ സ്വപ്‍നങ്ങള്‍ക്ക് എന്തുസംഭവിക്കും എന്ന ആകാംക്ഷയില്‍ സ്‍ക്രീനിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന പ്രേക്ഷകനെ ഞെട്ടിക്കുന്ന മറ്റൊരു വഴിത്തിരിവുണ്ടാകുന്നതോടെയുമാണ് 'ഓ മൈ ഡാര്‍ലിംഗ്' സാധാരണ ഒരു സിനിമ എന്നതിനപ്പുറത്തേയ്ക്ക് സഞ്ചരിക്കുന്നത്.
മന:ശാസ്‍ത്രപരമായ വിഷയം ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം തന്നെ സമൂഹം ഇന്നും മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്ന, അല്ലെങ്കില്‍ ഉള്‍ക്കൊള്ളാൻ തയ്യാറാകാതെ നില്‍ക്കുന്ന ഒരു കാര്യവും ചിത്രത്തിന്റെ കഥയുടെ ഒഴുക്കിനൊപ്പം സംവിധായകൻ ക്ലൈമാക്സില്‍ പറഞ്ഞുവയ്‍ക്കുന്നു. കേവലം ബോധവത്‍കരണ ശ്രമം എന്നതിലുപരിയായി കഥാഗതിയോടെ ചേര്‍ത്തുനിര്‍ത്തിയാണ് സംവിധായകൻ അക്കാര്യം അവതരിപ്പിച്ചിരിക്കുന്നത്. ഗൗരവമാര്‍ന്ന വിഷയം പറയുന്ന പ്രധാന രംഗങ്ങളില്‍ പോലും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിരിക്കുന്നു. യൗവനാരംഭത്തിലെ പ്രണയം ക്ലീഷേയാകാത്ത വിധത്തിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ആല്‍ഫ്രഡ് ഡി സാമുവല്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തിനൊത്ത ആഖ്യാനം സ്വീകരിക്കുന്നതില്‍ സംവിധായകൻ വിജയംകണ്ടതാണ് 'ഓ മൈ ഡാര്‍ലിംഗി'നെ ആസ്വാദ്യകരമാക്കുന്നത്. തിരക്കഥയെഴുത്തുകാരൻ കൃത്യമായ ഗൃഹപാഠം ചെയ്‍തുതന്നെ ചിത്രത്തെ സമീപിച്ചിരിക്കുന്നു. രസകരമായ സംഭാഷണങ്ങളോടെയും കഥാ സന്ദര്‍ഭങ്ങളിലൂടെയും ചിത്രത്തെ ആസ്വാദ്യകരമായ അവതരിപ്പിക്കുന്ന എഴുത്തുതന്നെയാണ് ജിനീഷ് കെ ജോയ്‍യുടേത്.
ബാലതാരമായി പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച അനിഖ സുരേന്ദ്രന്റെ മലയാളത്തിലെ നായികാ അരങ്ങേറ്റമെന്ന നിലയിലായിരുന്നു 'ഓ മൈ ഡാര്‍ലിംഗ്' വാര്‍ത്തകളില്‍ ആദ്യം നിറഞ്ഞത്. അനിഖയുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റും. വിവിധ ഭാവ മാറ്റങ്ങള്‍ ആവശ്യമായിവരുന്ന സങ്കീര്‍ണമായ കഥാപാത്രമായിരുന്നിട്ടുപോലും പക്വതയോടെ അവതരിപ്പിക്കാൻ അനിഖയ്‍ക്ക് സാധിച്ചിട്ടുണ്ട്. നവാഗതനായ മെല്‍വിന്‍ ജി ബാബു ചിത്രത്തില്‍ നായകനായ 'ജോയലാ'യി കഥാപാത്രത്തിനൊത്ത പ്രകടനം നടത്തിയിരിക്കുന്നു. വളരെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്ന വിജയരാഘവനും 'ഓ മൈ ഡാര്‍ലിംഗി'ല്‍ സ്വന്തം കഥാപാത്രത്തെ ഭംഗിയാക്കിയിരിക്കുന്നു. ഫുക്രു, ഡെയ്‍ൻ, നന്ദു, ലെന, ജോണി ആന്റണി, മഞ്‍ജു പിളള തുടങ്ങിയ താരങ്ങളെല്ലാം തന്നെ ചിത്രം ആവശ്യപ്പെടുന്ന അഭിനയശൈലിയോട് ചേര്‍ന്നുനില്‍ക്കുന്നു.
ഷാൻ റഹ്‍മാന്റെ സംഗീതത്തിലെ പാട്ടുകളും ചിത്രത്തിന്റെ കഥാസന്ദര്‍ഭങ്ങളോട് ചേരുംവിധമുള്ളതാണ്. വിനായക് ശശികുമാറിന്റെ വരികളും ആകര്‍ഷകമാണ്. അൻസാര്‍ ഷായുടെ മികവാര്‍ന്ന ഛായാഗ്രാഹണവും ചിത്രത്തെ ആകര്‍ഷകമാക്കുന്ന ഘടകമാണ്. ലിജോ പോളിന്റെ കട്ടുകളും പ്രേക്ഷകനെ ചിത്രത്തിനൊപ്പം സഞ്ചരിക്കാൻ പ്രേരിപ്പിക്കുംവിധമുള്ളതാണ്.
Read More: കാത്തിരിപ്പിനൊടുവില്‍ ആ ചിത്രം തുടങ്ങുന്നു, കുഞ്ചാക്കോ ബോബനൊപ്പം സുരാജും