ഉദ്വേഗം നിറച്ച് 'അദൃശ്യം'- റിവ്യു

'അദൃശ്യം' എന്ന ചിത്രത്തിന്റെ റിവ്യു.

 

Adrishyam Malayalam film review

'അദൃശ്യം' എന്ന ചിത്രത്തിന്റെ പേരില്‍ തന്നെയുള്ള കൗതുകമാണ് പ്രേക്ഷകനെ ആദ്യം ആകര്‍ഷിച്ചിട്ടുണ്ടാകുക. ട്രെയിലര്‍ അടക്കമുള്ള ചിത്രത്തിന്റെ പ്രമോഷണല്‍ മെറ്റീരിയലുകളും പ്രമേയത്തെ കുറിച്ചുള്ള നിഗൂഢത വര്‍ദ്ധിപ്പിച്ചു. ഇൻവെസ്റ്റിഗേഷൻ സസ്‍പെൻസ് ത്രില്ലര്‍ എന്ന ഴോണറിലാണ് ചിത്രം എത്തിയത്. തിയറ്ററുകളില്‍ പ്രേക്ഷകനെ ആദ്യവസാനം ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്ന ഒരു ചിത്രം തന്നെയാണ് കാഴ്‍ചാനുഭവത്തിലും 'അദൃശ്യം'.

സമാന്തരമായ രണ്ട് വഴികളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 'സിഐഡിയായ നന്ദ'യെ, കേസന്വേഷണം നേരിടുന്ന മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ഒരു ദൗത്യം ഏല്‍പ്പിക്കുന്നു. കാണാതായ തന്റെ മകളെ കണ്ടെത്തുകയെന്നതായിരുന്നു ദൗത്യം. മറുവശത്ത് ഉയര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥനെന്ന് തോന്നിപ്പിക്കുന്ന 'സ്വാമി' എന്ന വിളിപ്പേരുള്ള ആള്‍ വിഗ്രഹ മോഷണ കേസും ആ പൊലീസ് ഓഫീസറെയും അന്വേഷിക്കുന്നു.  വിവിധ വഴികളിലുള്ള അന്വേഷണം മറ്റ് ചില കണ്ടെത്തലുകളിലേക്കും കഥാഗതിയില്‍ തിരിയുന്നു. ആരാണ് അന്വേഷകൻ ആരാണ് കുറ്റവാളി എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിലാണ് ചിത്രം മുന്നോട്ടുപോകുന്നത്. 'സിഐഡി'യുടെയും 'സ്വാമി'യുടെയും അന്വേഷണം തീര്‍ച്ചയായും പ്രേക്ഷകനെ ഉദ്വേഗത്തിലാക്കുന്നതാണ്.

Adrishyam Malayalam film review

'അദൃശ്യ'ത്തിന്റെ നിഗൂഢത ചിത്രത്തിന്റെ ഏകദേശം അവസാന രംഗങ്ങള്‍ വരെ നിലനിര്‍ത്തി കഥ പറഞ്ഞു പോകുന്ന ആഖ്യാനമാണ് സംവിധായകൻ സാക്ക് ഹാരീസിന്റേതാണ്. ആദ്യവസാനം വരെ കാണാൻ പ്രേരിപ്പിക്കുന്ന തരത്തില്‍ ആകാംക്ഷ നിറയ്‍ക്കുന്ന ഒട്ടനവധി കഥാസന്ദര്‍ഭങ്ങള്‍ ചേര്‍ക്കാൻ തിരക്കഥാകൃത്തു കൂടിയായ സാക്ക് ഹാരീസിനായിട്ടുണ്ട്. കേസന്വേഷണത്തിന്റെ വഴിത്തിരുവുകള്‍ തീര്‍ക്കുന്ന പലതരം അടരുകളില്‍ ചിന്തകൊണ്ട് ഭാഗമാകാൻ പ്രേക്ഷകനെയും പ്രേരിപ്പിക്കുന്ന കൗശലവും സംവിധായകൻ കാണിക്കുന്നുണ്ട്.  എന്തായാലും ആദ്യ സിനിമയില്‍ തന്നെ വരവറിയിക്കാൻ സാക്ക് ഹാരീസിനായിട്ടുണ്ട്.

നരേൻ, ജോജു, ഷറഫുദ്ദീൻ എന്നിങ്ങനെ മുൻനിര താരങ്ങള്‍ക്കും വലിയൊരു നിര അഭിനേതാക്കളുടെ പ്രകടനവും അദൃശ്യത്തെ മികവിലേക്കുയര്‍ത്തുന്നു. അന്വേഷണത്തിന്റെ വിവിധ ഘട്ടത്തില്‍ പല വഴികളില്‍ സഞ്ചരിക്കുന്ന രണ്ട് പ്രധാന കഥാപാത്രങ്ങള്‍ക്കും പ്രകടനം കൊണ്ട് വേറിട്ട വ്യക്തിത്വം നല്‍കാൻ നരേനും ജോജുവിനും ആകുന്നുണ്ട്. ഉദ്വേഗമുനയില്‍ പ്രേക്ഷനെ നിര്‍ത്തുന്ന മാനറിസങ്ങളാണ് നരേന്റെതെങ്കില്‍ ജോജുവിന്റെ പ്രകടനം കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ടും വേറിട്ടുനില്‍ക്കുന്നു. മാലയിട്ട സ്വാമിയായിട്ടുള്ള അന്വേഷകന്റെ വേഷത്തില്‍ ജോജുവിന്റെ പ്രത്യേക താളത്തിലുള്ള പെരുമാറ്റങ്ങള്‍ ആകര്‍ഷണീയത തോന്നുന്നതാണ്. സസ്‍പെൻഷനിലായ പൊലീസുകാരനായി ആദ്യം പരിചയപ്പെടുന്ന ഷറഫുദ്ദീന്റേത് വിവിധ അടരുകളുള്ള കഥാപാത്രമാണ്. പ്രകടനത്തില്‍ സാധ്യതകള്‍ ഷറഫുദ്ദീന് ഏറെയുണ്ടുതാനും.  പ്രതാപ് പോത്തൻ, ആനന്ദി, ജോണ്‍ വിജയ്, സിനില്‍ സൈനുദ്ദീൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായി പ്രധാന വേഷങ്ങളിലുണ്ട്.

Adrishyam Malayalam film review

പുഷ്‍പരാജ് സന്തോഷിന്റെ ഛായാഗ്രാഹണം 'അദൃശ്യ'ത്തെ നിഗൂഢത അനുഭവിപ്പിക്കുന്ന ഒരു ചലച്ചിത്രകാഴ്‍ചയാക്കുന്നു. കളര്‍ ടോണിലടക്കം ചിത്രത്തെ പ്രമേയത്തോട് ചേര്‍ത്തുനിര്‍ത്തുന്ന തരത്തിലാണ് പുഷ്‍പരാജ് സന്തോഷിന്റെ ക്യാമറാനോട്ടം. ത്രില്ലറനുഭവങ്ങളില്‍ തമിഴ് ചിത്രങ്ങളുടെ ദൃശ്യപരിചരണത്തോടാണ് 'അദൃശ്യ'ത്തിനു സാമ്യം. തമിഴിലും ഒരുങ്ങിയ ചിത്രം എന്ന നിലയിലെ യാദൃശ്ചികതയാണെങ്കിലും 'അദൃശ്യ'ത്തിന്റെ  ആസ്വാദനത്തില്‍ പുഷ്‍പരാജ് സന്തോഷിന്റെ ക്യാമറാ കാഴ്‍ചകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

'അദ്യശ്യ'ത്തിലെ പാട്ടിന് രഞ്‍ജിൻ രാജിന്റെ സംഗീതമാണ്. ജോജുവിന്റെ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്ന പാട്ട് റിലീസിന് മുന്നേ ഹിറ്റായതുമാണ്. ജോജു തന്നെ ചിത്രത്തിനായി പാടിയ ഗാനത്തിന്റെ പശ്ചാത്തലം കഥാപാത്രത്തെ കൃത്യമായി പരിചയപ്പെടുത്തുന്നതാണ്. 'അദ്യശ്യം' എന്ന ചിത്രത്തിന്റെ നിഗൂഢത ഫ്രെയിമിയില്‍ നിറയുന്നത് ഡോണ്‍ വിൻസെന്റിന്റെ പശ്ചാത്തല സംഗീതത്തിന്റെയും മികവിലാണ്.

Adrishyam Malayalam film review

ചിത്രത്തിന്റെ നിഗൂഢത വെളിപ്പെട്ടുവരുന്ന തരത്തില്‍ ഓരോ രംഗത്തെയും സമര്‍ഥമായി യോജിപ്പിക്കുന്നതാണ് ആശിഷ് ജോസഫിന്റെ കട്ടുകള്‍.  പലയിടങ്ങളിലെ ട്വിസ്റ്റുകള്‍ ചിത്രത്തെ ആകാംക്ഷഭരിതമാക്കുന്ന തരത്തിലുള്ള ദൃശ്യാഖാനത്തിന് സംവിധായകന് ഏറ്റവും സഹായകരമായിട്ടുള്ള ഒരാളായിരിക്കും ആശിഷ് ജോസഫ്. പുതിയ കാലത്തെ സിനിമാ അഭിരുചികളെ തൃപ്‍തിപ്പെടുത്തും വിധമുള്ള കാഴ്‍ച തന്നെയാണ് 'അദൃശ്യം'. എന്തായാലും 'അദൃശ്യം' തിയറ്ററില്‍ കാണേണ്ട ഒരു കാഴ്‍ചയുമാണ്.

Read More: കളിക്കളത്തിലെ കാണാക്കാഴ്‍ചകളും മത്സരാവേശവുമായി 'ഹോട്ട് സ്റ്റോവ് ലീഗ്'- റിവ്യു

Latest Videos
Follow Us:
Download App:
  • android
  • ios