ദുരൂഹതയുടെ ചുരുളഴിച്ച് ടൊവിനോ, എൻഗേജിംഗ് മൊമന്‍റുമായി 'അന്വേഷിപ്പിന്‍ കണ്ടെത്തും'-റിവ്യു
ആകെ മൊത്തം പ്രേക്ഷകര്‍ക്ക് ത്രില്ലിംഗ് മൊമന്‍റ് ഒരുക്കുന്ന ചിത്രമാണ് 'അന്വേഷിപ്പിൽ കണ്ടെത്തും'.
ഏതൊരു സിനിമാസ്വാദകനും ഒരുമടിയും കൂടാതെ കണ്ടിരിക്കുന്ന ചിത്രങ്ങളാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ. അത്തരത്തിലുള്ള നിരവധി സിനിമകൾ ഇതിനോടകം തന്നെ കാലങ്ങളായി മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ അവയിൽ നിന്നും, അതായത് സ്ഥിരം കണ്ടു പഴകിയ ക്ലീഷേ പൊലീസ് സ്റ്റോറികളില്‍ നിന്നും വിഭിന്നമായ നോര്‍മല്‍ ക്രൈം ത്രില്ലര്‍ ആണ് 'അന്വേഷിപ്പിൽ കണ്ടെത്തും' എന്ന ടൊവിനോ തോമസ് ചിത്രം. ആദ്യാവസാനം വരെ പ്രേക്ഷകരെ എൻഗേജ് ചെയ്യിച്ചു കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത് എന്നത് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയമായി കണക്കാക്കാം.
ആനന്ദ് നാരായണൻ(ടൊവിനോ തോമസ്), മാത്തൻ(വെട്ടുക്കിളി പ്രകാശ്), ഫാദർ തോമസ്(മധുപാൽ), അലക്സ്( കോട്ടയം നസീർ), സെമൺ(അസീസ് നെടുമങ്ങാട്), രാജഗോപാൽ ഐപിഎസ്(സിദ്ധിഖ്), കൃഷ്ണൻ ഉണ്ണി(ഇന്ദ്രൻസ്), സാദാനന്ദൻ(ഷമ്മി തിലകൻ) എന്നിവരാണ് അന്വേഷിപ്പിൻ കണ്ടെത്തും സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. കഥ നടക്കുന്നത് സബ് ഇൻസ്പെക്ടർ ആയ ആനന്ദ് നാരായണനെ ചുറ്റിപ്പറ്റിയാണ്.
ആനന്ദ് നാരായണന്റെ നേതൃത്വത്തിലുള്ള കേസന്വേഷണങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം ത്രില്ലിങ്ങും എൻഗേജങ്ങും ആയിട്ടുള്ള നിമിഷങ്ങൾ കൊണ്ട് സമ്പന്നമാണ്. അമാനുഷികതയില്ലാത്ത ഒരു പക്കാ പൊലീസ് സ്റ്റോറിയെ എല്ലാ രീതിയിലും പ്രേക്ഷകർക്ക് കണക്ടാകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. അക്കാര്യത്തിൽ തിരക്കഥാകൃത്തായ ജിനു എബ്രഹാമും സംവിധായകൻ ഡാർവിൻ കുര്യാക്കോസും കയ്യടി അർഹിക്കുന്നുണ്ട്. അത്യന്തികമായി വിജയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും വിഭിന്നമായി അയാളിലെ മനുഷ്യന്റെ വൈകാരികതകളിലേക്കും ചിത്രം കടന്നു ചെല്ലുന്നുണ്ട്.
കോട്ടയം ചിങ്ങവനം, ചെറുവള്ളി എന്നിവിടങ്ങൾ ആണ് കഥയ്ക്ക് പശ്ചാത്തലം. ഒരു പെൺകുട്ടിയുടെ തിരോധാനത്തിൽ നിന്നും ആരംഭിച്ച് മുന്നോട്ടു പോകുന്ന സിനിമ, അവസാനിക്കുന്നത് മറ്റൊരു കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കൊണ്ടാണ്. ഈ കേസുകൾക്ക് പുറകെയുള്ള ഒരു പൊലീസുകാരന്റെ ഓട്ടപ്പാച്ചിലും അവഗണനകളും പിരിമുറുക്കങ്ങളുമെല്ലാം കോർത്തിണക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് അഭിനേതാക്കളുടെ പ്രകടനമാണ്.
ടൊവിനോ മുതൽ ഒരു ഷോട്ടിൽ വന്ന് പോകുന്നവർ വരെ അതിഗംഭീരമായാണ് അഭിനയിച്ചിരിക്കുന്നത്. ടൊവിനോയുടെ നടത്തവും നോട്ടവുമെല്ലാം ശരിക്കും ഒരു പൊലീസ് ഓഫീസറെ പോലെ ആയിരുന്നു എന്നത് എടുത്ത് പറയേണ്ടുന്ന കാര്യമാണ്. മിതമായ പ്രകടനം ആവശ്യമായ റോൾ ആയതിനാൽ അതിനെ ഒട്ടും ലൗഡ് ആക്കാതെ ടൊവിനോ ഭംഗിയാക്കി.
അന്വേഷണ സംഘത്തിലെ മൂന്ന് പൊലീസ് വേഷം ചെയ്തവരും(വിനീത് തട്ടിൽ,പ്രമോദ് വെളിയനാട്, കരിക്കിലെ പോലീസുകാരൻ) മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ബാബുരാജ്, ഷമ്മി തിലകൻ, സിദ്ദിഖ്, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയ സീനിയർ താരങ്ങളും സിനിമയിൽ നല്ല പ്രകടനമാണ് കാഴ്ചവച്ചത്.
നെഗറ്റീവും പോസിറ്റീവും ഉണ്ട്, ഞാൻ ഉറക്കെ ചിരിക്കുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടാകാം: മിഥുൻ രമേശ്
അതിഗംഭീരമായ മേക്കിംഗ് ആണ് സിനിമയുടെ ഹൈലൈറ്റ്. തനിക്ക് മലയാള സിനിമയിൽ മികച്ചൊരിടം ഉണ്ടെന്ന് ഇതിലൂടെ ഡാർവിൻ കുര്യാക്കോസ് തെളിയിച്ചിട്ടുണ്ട്. സ്ഥിരം ത്രില്ലർ സിനിമകളിൽ കാണുന്ന ഡാര്‍ക്ക് മോഡ് മാത്രമല്ല ഗ്രാമീണ ഭംഗിയും അതിമനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് ഗിരീഷ് ഗംഗാദരൻ. ആകെ മൊത്തം പ്രേക്ഷകര്‍ക്ക് ത്രില്ലിംഗ് മൊമന്‍റ് ഒരുക്കുന്ന ചിത്രമാണ് 'അന്വേഷിപ്പിൽ കണ്ടെത്തും'.