അടിമുടി ത്രില്ലര്‍, ത്രസിപ്പിച്ച് ടൊവിനോ തോമസ്- ഐഡന്റിറ്റിയുടെ റിവ്യു
ത്രില്ലടിപ്പിക്കുന്ന സസ്‍പെൻസ് ത്രില്ലറാണ് ഐഡന്റിറ്റി.
ത്രസിപ്പിക്കുന്ന ത്രില്ലര്‍. അതാണ് ഐഡന്റിറ്റി. പേരില്‍ പ്രമേയം ഒളിപ്പിച്ചുള്ള ചിത്രം ആദ്യാവസാനം പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നു. സാങ്കേതികത്തികവില്‍ സസ്‍പെൻസ് കഥയുമായി അന്യഭാഷാ സിനിമകളോട് മത്സരിക്കാൻ പോന്ന വിധത്തില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രമാകുന്നു ഐഡന്റിറ്റി.
പൊലീസ് സ്‍കെച്ച് ആര്‍ട്ടിസ്റ്റായ അമ്മയും പൊലീസ് ഓഫീസറായ അച്ഛന്റെയും വേര്‍പിരിയില്‍ തീര്‍ത്ത അരക്ഷിതാവസ്ഥയില്‍ വളര്‍ന്ന കുട്ടിയാണ് ഹരൻ. കര്‍ക്കശ്സക്കാരനായ അച്ഛന്റെ ചിട്ടവട്ടങ്ങളില്‍ വളര്‍ന്ന കുട്ടി അതിന്റേതായ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നു. ഹരൻ പെര്‍ഫക്ഷന് ഒബ്‍സസീവായി മാറുന്നു. ഹരന്റെ ആ കഥയില്‍ നിന്ന് തുടങ്ങുന്നതാണ് ഐഡന്റിറ്റിയും.
കഥാപാത്രത്തെ അടയാളപ്പെടുത്തിയ ശേഷമാണ് പ്രധാന കഥയിലേക്ക് ഐഡന്റിറ്റി തിരിയുന്നത്. ഹരൻ യുവാവായതിനു ശേഷമുള്ള കാലഘട്ടത്തെ കഥയാണ് ഐഡന്റിറ്റിയെ ഉദ്വേഗജനകമാക്കുന്നത്. വസ്‍ത്രശാലയിലെ ട്രയല്‍ റൂമില്‍ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സംഭവം ഐഡന്റിറ്റിയുടെ കഥാഗതിയെ മാറ്റുന്നു. പകര്‍ത്താൻ നിയോഗിച്ചയാള്‍ കൊല്ലപ്പെട്ടതുകണ്ട അലിഷയുമായി പൊലീസ് ഓഫീസര്‍ ഹരൻ താമസിക്കുന്ന ഫ്ലാറ്റിലേക്ക് എത്തുന്നു. ആ കൊലപാതകിയെ കണ്ടെത്തുകയാണ് ലക്ഷ്യം. കര്‍ണാടകയില്‍ നിന്ന് വരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അലനും അലിഷയും ഹരന്റെയും സഹായം തേടുന്നു. സ്‍കെച്ച് ആര്‍ട്ടില്‍ പ്രാവീണ്യമുള്ള അലൻ അവര്‍ക്ക് സഹായകമാകുന്നു. തുടര്‍ന്നാണ് ഐഡന്റിറ്റി സംഭവബഹുലമാകുന്നതും ഉദ്വേഗജനകമാകുന്നതും.
തിരക്കഥയാണ് ഐഡന്റിറ്റിയുടെ നട്ടെല്ല് എന്ന് പറയുന്നത് അതിശയോക്തിയാകില്ല. ക്ലൈമാക്സിന് കുറച്ച് മുമ്പ് വരെ കഥാപാത്രങ്ങളുടെ നിഗൂഡത സൂക്ഷിക്കും വിധമാണ് തിരക്കഥയെഴുത്ത്. മാത്രവുമല്ല ഓരോ കഥാപാത്രത്തിനും ആ കഥാപാത്രം അര്‍ഹിക്കുന്ന പശ്ചാത്തലവും പരിചരണവും നല്‍കിയിരിക്കുന്നു. ആരാണ് കൊലപാതകി അല്ലെങ്കില്‍ വില്ലൻ ആരാണ് എന്ന് തിരിച്ചറിയാനാകാത്ത വിധം സൂക്ഷ്‍മതയോടെ തിരക്കഥാകൃത്തുക്കള്‍ കഥ മെനഞ്ഞിരിക്കുന്നു. സൈക്കോളജിക്കല്‍ ഘടകവും ഇൻവെസ്റ്റിഗേഷണറുമായ തിരക്കഥയ്‍ക്ക് വേണ്ട ഗൃഹപാഠം ചെയ്‍തിരിക്കുന്നു അവര്‍. അനസ് ഖാനും അഖില്‍ പോളുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
തിരക്കഥാകൃത്തുക്കളാണ് ഐഡന്റിറ്റിയുടെ സംവിധാനവും ആ നിര്‍വഹിച്ചിരിക്കുന്നത്. അത് ഐഡന്റിറ്റിയെ മൊത്തത്തില്‍ കാച്ചിക്കുറുക്കിയതാക്കുന്നു. ചടുലവും പക്വവുമായ ആഖ്യാനമാണ് സംവിധായകര്‍ സിനിമയ്‍ക്കായി സ്വീകരിച്ചിരിക്കുന്നത്. സസ്‍പെൻസ് നിറച്ച ഓരോ രംഗവും ഓരോ ചരടില്‍ കോര്‍ത്തെടുത്ത വിധമാണ് ഐഡന്റിറ്റിയുടെ കഥ അനസ് ഖാനും അഖില്‍ പോളും ഇരട്ട സംവിധായകരായി പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ കാസ്റ്റിംഗും ഒരു സസ്‍പെൻസ് ചിത്രത്തിന്റെ നിഗൂഢത നിലനിര്‍ത്താൻ പോന്നതാണ്. കഥ താളം മുറുക്കിയും അയച്ചും സിനിമയെ പ്രേക്ഷകരിലേക്ക് ഇമോഷണലായും കണക്റ്റ് ചെയ്യിപ്പിക്കുന്നു സംവിധായകര്‍. സാങ്കേതികമായ മേൻമയും സിനിമയ്‍ക്ക് ഉറപ്പുവരുത്തിയിരിക്കുന്നു.
ഐഡന്റിറ്റിയില്‍ നിറഞ്ഞുനില്‍ക്കുന്നത് മൂന്ന് കഥാപാത്രങ്ങളാണ്. ഹരനും ആലിഷയും അലനും. ഹരനായി നിറഞ്ഞാടിയിരിക്കുകയാണ് ടൊവിനോ തോമസ്. തന്റെ ചെറു ചലനം പോലും കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ നിന്ന് വിട്ടുനില്‍ക്കാത്ത വിധം ജാഗ്രത കാട്ടിയിട്ടുണ്ട് പ്രകടനത്തില്‍ ടൊവിനോ തോമസ്. അലൻ ജേക്കബായി വിനയ് റോയ് സിനിമയുടെ നെടുംതൂണാകുന്നു. രൂപത്തിലും ഭാവത്തിലും സൂക്ഷ്‍മത പുലര്‍ത്തിയാണ് ചിത്രത്തില്‍ നടൻ വിനയ് റോയ് പകര്‍ന്നാടിയിരിക്കുന്നത്. ആലിഷയായ തൃഷ തന്റെ കഥാപാത്രത്തിന് സിനിമയില്‍ ലഭ്യമായ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഐഡന്റിയെ ചടുലമാക്കുന്നത് പശ്ചാത്തല സംഗീതമാണ്. ഐഡന്റിറ്റിയുടെ പ്രമേയത്തിന് അടിവരയിരുന്ന പശ്ചാത്തല സംഗീതം ജേക്ക്‍സ് ബിജോയ്‍യുടേതാണ്. അഖില്‍ ജോര്‍ജിന്റെ ഛായാഗ്രാഹണവും ടൊവിനോ ചിത്രത്തിന്റെ പ്രമേയത്തിനൊത്തുള്ളതാണ്. ചമൻ ചാക്കോയുടെ കട്ടുകള്‍ ഐഡന്റിറ്റി സിനിമയുടെ താളത്തിന് നിര്‍ണായകമാകുന്നു.
Read More: ബജറ്റ് 100 കോടി, വമ്പൻ ചിത്രം തകര്‍ന്നടിഞ്ഞു, നേടിയ തുക നിരാശപ്പെടുത്തുന്നത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക