മങ്ങലേൽക്കാതെ 'മാധവനുണ്ണി', റി റിലീസിൽ പഞ്ച് കൂടുന്ന വല്ല്യേട്ടൻ- റിവ്യു
24 വർഷത്തിന് ശേഷം റി റിലീസ് ചെയ്ത് വല്ല്യേട്ടന്‍- റിവ്യു.
കാലം 2000, ആ വർഷം സെപ്റ്റംബർ 10ന് ഒരു സിനിമ റിലീസ് ചെയ്തു. ഷാജി കൈലാസിന്റെ സംവിധാനത്തിൽ രഞ്ജിത്ത് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ച ചിത്രം. നായകനായി എത്തിയത് മമ്മൂട്ടി. വൈറ്റ് ജുബ്ബയിട്ട് വിവിധ വർണങ്ങളിലുള്ള മുത്തു മാലയും കഴുത്തിലിട്ട്, കയ്യിൽ കറുത്ത ചരട് അടുപ്പിച്ച് കെട്ടി, മുണ്ടും മടക്കിക്കുത്തി, മാസിൽ മാസായി മമ്മൂട്ടി എത്തിയപ്പോൾ ചിത്രം വൻഹിറ്റ്. പടത്തിലെ ചടുലതയാർന്ന സംഭാഷണങ്ങളും ഗാനങ്ങളും തീം മ്യൂസിക്കും എല്ലാം മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റി. റിലീസ് ചെയ്ത് 24 വർഷത്തിടയിൽ പലയാവർത്തി ടെലിവിഷനിൽ വന്ന ആ ചിത്രത്തിന്റെ പേര് ഇന്ന് വീണ്ടും ബിഗ് സ്ക്രീനിൽ തെളിഞ്ഞു. 'വല്ല്യേട്ടൻ'.
മലയാള സിനിമയിലെ റി റിലീസ് ട്രെന്റിലെ ഏറ്റവും ഒടുവിലത്തെ സിനിമയാണ് വല്ല്യേട്ടൻ. അറയ്ക്കൽ മാധവനുണ്ണിയും പിള്ളേരും തിരിച്ചെത്തിയപ്പോൾ പുതിയ സിനിമ കാണുന്ന അതേ ഫ്രഷ്നെസ്സോടെയാണ് ഓരോ പ്രേക്ഷകനും തിയറ്ററിൽ എത്തിയത് എന്ന കാര്യത്തിൽ സംശയമില്ല. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ റീ റിലീസായി വല്ല്യേട്ടൻ എത്തിയപ്പോൾ, മലയാള സിനിമ പ്രേമികൾക്ക് മറക്കാനാവാത്തതും ഗൃഹാതുരത്വമുണർത്തുന്നതുമായ അനുഭവം കൂടിയായി അത്. ചിത്രത്തിൽ അഭിനയിച്ച അതുല്യ കലാകാരന്മാരായ ഇന്നസെന്റ്, സുകുമാരി, കലാഭവൻ മണി, എൻഎഫ് വർഗീസ്, അഗസ്റ്റിൻ തുടങ്ങിയവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടായിരുന്നു വല്ല്യേട്ടൻ തുടങ്ങിയത്.
ടിവിയിൽ കണ്ട സിനിമ ബിഗ് സ്ക്രീനിൽ എത്തിയപ്പോൾ അതിന്റെ സൗണ്ട് ക്വാളിറ്റി എത്രത്തോളം ആണെന്നത് പറഞ്ഞറിയിക്കുക പ്രയാസമാണ്. അതുതന്നെയാണ് റി റിലീസിൽ ആദ്യം പറയേണ്ട കാര്യവും. പ്രത്യേകിച്ച് തീം മ്യൂസിക്കിന്റെയൊക്കെ പവർ എത്രത്തോളം ആണെന്നത് വല്ല്യേട്ടൻ ഫോർ കെ കാട്ടിത്തരുന്നു.
രാജാമണിയുടെ പശ്ചാത്തല സംഗീതവും മോഹൻ സിത്താരയുടെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഒക്കെ, പുത്തൻ സാങ്കേതിക മികവിലും യാതൊരുവിധ കോട്ടവും തട്ടാതെ തിയറ്ററിൽ മുഴങ്ങി. സിനിമയുടെ ആഖ്യാനത്തിൻ്റെ വൈകാരിക വ്യാപ്തിയും തീവ്രതയും വർധിപ്പിക്കുന്നതിൽ രാജാമണിയുടെ പശ്ചാത്തല സംഗീതത്തിന്റെ പങ്ക് വളരെ നിർണായകമാണ്. അത് എത്രത്തോളം ആണെന്നത് തിയറ്ററിൽ തന്നെ അനുഭവിച്ചറിയേണ്ടുന്ന കാര്യവുമാണ്. ആ വ്യപ്തി ഒട്ടും ചോരാതെ തന്നെ ബിജിഎമ്മും സൗണ്ട് എഫക്ടും റീമിക്സ് ചെയ്തുള്ള അവതരണവും കയ്യടി അർഹിക്കുന്നുണ്ട്.
വല്ല്യേട്ടന്റെ രണ്ടാം വരവിൽ ഒരുപക്ഷേ എല്ലാവരും കേൾക്കാൻ ആഗ്രഹിച്ചത് മമ്മൂട്ടിയുടെ സംഭാഷണങ്ങൾ ആയിരിക്കും. രഞ്ജിത്തിന്റെ ചടുലമായ സംഭാഷണങ്ങളെ ബിഗ് സ്ക്രീനിൽ, അതിഗംഭീരവും സ്പഷ്ടവുമായി മമ്മൂട്ടി അവതരിപ്പിക്കുന്നത് കേൾക്കാൻ തന്നെ ചേലേറെയാണ്. അതിനൊപ്പമുള്ള വിഷ്വൽസും എടുത്തു പറയേണ്ടുന്ന കാര്യമാണ്. ഷാജി കൈലാസ് സിനിമകളിൽ പലപ്പോഴും കണ്ടിട്ടുള്ള സിംഗിൽ ഷോട്ടുകളും ആംഗിളുകളും തിയറ്ററിൽ ചെറുതല്ലാത്ത ദൃശ്യാനുഭൂതിയാണ് സമ്മാനിക്കുന്നത്. ഛായാഗ്രാഹകൻ രവി വർമൻ അന്ന് ഓരോ ഷോട്ടുകളും ദൃശ്യങ്ങളും അത്രത്തോളം ഗംഭീരമായി ഒപ്പിയെടുത്തത് കൊണ്ടാണ് ആ അനുഭവം സാധ്യമായത് എന്ന കാര്യത്തിൽ തർക്കമില്ല. പണ്ടത്തെ സിനിമാട്ടോഗ്രഫിയുടെ പവർ എത്രത്തോളമാണെന്നാണ് ഇന്ന് ബിഗ് സ്ക്രീനിൽ കാണാൻ സാധിച്ചതും.
ഫോർ കെ അറ്റ്മോസ് ദൃശ്യമികവിലെ അഭിനേതാക്കളുടെ പ്രകടനങ്ങൾ കാണാൻ അതിഗംഭീരമാണ്. തന്റെ അനുജന്മാർക്കായി എല്ലാം ത്യജിച്ച് ജീവിക്കുന്ന അറയ്ക്കൽ മാധവനുണ്ണിയായി മമ്മൂട്ടി കസറിക്കയറുന്നത് ഓരോ ആരാധകർക്കും 'രോമാഞ്ചിഷിക്കേഷൻ' സമ്മാനിക്കും. മാധവനുണ്ണിയ്ക്ക് ഒത്ത എതിരാളിയായി സായ് കുമാറിന്റെ പ്രകടനവും സംഭാഷണങ്ങളും പപ്പൻ എന്ന കഥാപാത്രമായുള്ള കലാഭവൻ മണിയുടെ പരകായപ്രവേശനവുമെല്ലാം വലിയൊരു ദൃശ്യാനുഭൂതിയാണ് സമ്മാനിക്കുന്നത്.
ഇനിമേൽ താൻടാ ആരംഭം; ത്രസിപ്പിച്ച് വിഡാമുയര്‍ച്ചി ടീസർ, ചിത്രം പൊങ്കലിന് തിയറ്ററുകളിൽ
ഇത്തരത്തിൽ, ആദ്യസൃഷ്ടിക്ക് യാതൊരുവിധ കോട്ടവും തട്ടാതവണ്ണം, കുടുതൽ ദൃശ്യ-ശ്രവ്യമികവോടെ വല്ല്യേട്ടനെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഡോൾബി അറ്റ്മോസ് മിക്സിംഗ് ചെയ്ത എം ആർ രാജാകൃഷ്ണനും സൗണ്ട് ഡിസൈനിംഗ് നടത്തിയ ധനുഷ് നയനാരും കയ്യടി അർഹിക്കുന്നുണ്ട്. എന്തായാലും ടെലിവിഷനിൽ നിരവധി ആവർത്തി കണ്ട സിനിമ, തിയറ്ററിൽ മികച്ചൊരു ദൃശ്യ-ശ്രവ്യ മികവ് സമ്മാനിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം