ഓഹരി വിപണികൾ നേട്ടത്തിൽ; സെൻസെക്സ് 250 പോയന്‍റ് ഉയർന്നു
മുംബൈ: ഓഹരി വിപണികൾ നേട്ടത്തിൽ തിരിച്ചെത്തി. മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 250 പോയന്‍റ് ഉയർന്നു. 34,200ന് മുകളിലാണ് സെൻസെക്സിലെ വ്യാപാരം. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10,500 കടന്നു. 70 പോയന്‍റിലേറെ നേട്ടമാണ് നിഫ്റ്റിയിലുണ്ടായത്. രാജ്യാന്തര വിപണികളിലെ സമ്മിശ്ര പ്രതികരണത്തിനൊപ്പം രൂപയും ശക്തിപ്പെട്ടതാണ് ഇന്ത്യൻ വിപണികളെ തുണച്ചത്.
ഏഷ്യൻ വിപണികളിൽ ജപ്പായ് നിക്കേയ് ഒഴിച്ചുള്ളവ നേട്ടത്തിലാണ്. ഇന്ന് പുറത്ത് വരാനിരിക്കുന്ന ഉപഭോക്തൃ പണപ്പെരുപ്പ നിരക്കും വ്യാവസായിക വളർച്ച നിരക്കും വിപണി ഉറ്റുനോക്കുന്നു. ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഭെൽ എന്നിവയാണ് നേട്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം എസ്ബിഐ, കോൾ ഇന്ത്യ, എൻടിപിസി എന്നിവ നഷ്ടത്തിലാണ്.
മൂന്നാംപാദത്തിൽ 2,416 കോടി രൂപയുടെ നഷ്ടം നേരിട്ടതാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികളെ നഷ്ടത്തിലാക്കിയത്. കിട്ടാക്കടം 1.99 ലക്ഷം കോടി രൂപയായി ഉയർന്നതാണ് നഷ്ത്തിന് ആധാരം. 17 വർഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം എസ്ബിഐ രേഖപ്പെടുത്തിയതിനാൽ ഓഹരി വില 4 ശതമാനത്തോളം ഇടിഞ്ഞു. ഡോളറുമായുള്ള വിനിമയത്തിൽ 12 പൈസയുടെ നേട്ടത്തോടെ 64 രൂപ 28 പൈസയിലാണ് രൂപയുടെ വിനിമയം.