കരുത്താര്‍ജ്ജിച്ച് രൂപ; ഡോളറിനെതിരെ മൂല്യം 69.85 ആയി
ഓഗസ്റ്റ് 24-നാണ് ഇതിനു മുമ്പ് ഡോളർ 70 രൂപ നിലവാരത്തിന് താഴെയെത്തിയത്. അന്ന് 69.91 രൂപയായിരുന്നു ഡോളർമൂല്യം.
കൊച്ചി: വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ ഒറ്റ ദിവസം കൊണ്ട് 77 പൈസയുടെ കുതിപ്പ്. ഇതോടെ, രൂപയുടെ ഡോളർമൂല്യം 69.85 എന്ന നിലയിൽ വ്യാഴാഴ്ച ക്ലോസ് ചെയ്തു. അതായത്, ഒരു ഡോളറിന് 69.85 രൂപ. മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന മൂല്യത്തിലെത്തിയിരിക്കുകയാണ് ഇതോടെ ഇന്ത്യൻ കറൻസി.
ഓഗസ്റ്റ് 24-നാണ് ഇതിനു മുമ്പ് ഡോളർ 70 രൂപ നിലവാരത്തിന് താഴെയെത്തിയത്. അന്ന് 69.91 രൂപയായിരുന്നു ഡോളർമൂല്യം. അസംസ്‌കൃത എണ്ണയുടെ വില കുറയുന്നതും ഓഹരി വിപണിയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ഒഴുകിയെത്തിയതും രൂപയ്ക്ക് കരുത്തായി.