റബ്ബർ വിലയിൽ ഇടിവ്, രണ്ടാഴ്‍ചക്കിടെ കുറഞ്ഞത് കിലോക്ക് ആറ് രൂപ
റബ്ബർ വിലയിൽ ഇടിവ്. രണ്ടാഴ്‍ചയ്‍ക്കിടെ ആറു രൂപയോളം കുറഞ്ഞു. ഉൽപ്പാദനം കുറഞ്ഞ സമയത്ത് വിലയിടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കി. സർക്കാർ സബ്സിഡി ആറ് മാസമായി നിലച്ചതോടെ പ്രതിസന്ധി രൂക്ഷമായി.
മാസം ആദ്യം 131 രൂപയായിരുന്നു ആർഎസ്എസ് നാലാം ഗ്രേഡ് റബ്ബറിന്റെ വില. അഞ്ചാം ഗ്രേഡിന് 127 രൂപയും. ഇപ്പോഴിത് 125 ഉം 120 ആയി കുറഞ്ഞു. റബ്ബർ ബോർഡ് നിശ്ചയിക്കുന്ന ഈ വിലയിൽ മൂന്നു രൂപ കുറച്ചാണ് കർഷകർക്ക് ലഭിക്കുന്നത്. മാസം അവസാനത്തോടെ റബ്ബർ ടാപ്പിംഗ് നിലക്കും. എല്ലാ വർഷവും ഏറ്റവും കൂടുതൽ വില ലഭിക്കുന്ന സമയമാണിത്. അന്താരാഷ്‍ട്ര മാർക്കറ്റിൽ വിലയിടിഞ്ഞതാണ് കാരണമെന്നാണ് റബ്ബർ ബോർഡിന്റെ വിശദീകരണം. എന്നാൽ ടയർ ലോബി ഇടപെടലാണ് വിലയിടിവിന് കാരണമെന്നാണ് കച്ചവടക്കാരുടെ ആക്ഷേപം.
ഉയർന്ന വിലയ്‍ക്ക് റബ്ബർ സംഭരിച്ച കച്ചവടക്കാർ വിറ്റഴിക്കാനാവാതെ വിഷമിക്കുകയാണ്. കുറഞ്ഞ വില 150 രൂപ നിശ്ചയിച്ച്സബ്സിഡി ഏർപ്പെടുത്തിയെങ്കിലും കഴിഞ്ഞ ആറ് മാസമായ പണം കിട്ടുന്നില്ല. കഴിഞ്ഞ ബജറ്റിൽ റബ്ബർ കർഷകർക്കായി 500 കോടി മാറ്റിവച്ചെങ്കിലും കുറച്ച് നാൾ മുൻപാണ് 43 കോടി രൂപ അനുവദിച്ചത്.