ടെലികോം ഓഫര്‍ യുദ്ധം മുറുകുന്നു; ഒരു രൂപയ്ക്ക് 300 മിനിറ്റ് 4ജി കോളുമായി റിലയന്‍സ് കമ്യൂണിക്കേഷന്‍സ്
ദില്ലി: റിലയന്‍സ് ജിയോയ്ക്കു പിന്നാലെ ടെലികോം രംഗത്ത് ഓഫര്‍ യുദ്ധമാണ്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സും ഇതിലേക്കു ചേരുന്നു. ഒരു രൂപയ്ക്ക് 300 മിനിറ്റ് 4ജി കോളിങ് എന്ന ഓഫറാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മുന്നോട്ടുവയ്ക്കുന്നത്.
ആപ് ടു ആപ് ടോക്കിങ് എന്നതാണ് 30 ദിവസ കാലാവധിയുള്ള ഓഫറില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മുന്നോട്ടുവയ്ക്കുന്ന പാക്കെജ്. ദിവസേന 10 മിനിറ്റ് വീതം 30 ദിവസത്തേക്കാകും ഓഫര്‍. 7 എംബി വീതമുള്ള പ്രതിദിന ഡാറ്റ ക്രെഡിറ്റ് രീതിയാണ് ഓഫറിനു റിലയന്‍സ് കമ്യൂണിക്കേഷന്‍സ് സ്വീകരിക്കുന്നത്. വാട്സ് ആപ്പ്, ഫേസ്ബുക്ക് മെസെഞ്ചര്‍, സ്കൈപ്പ്, ഗൂഗിള്‍ ഹാങ്ഔട്ട്, വൈബര്‍ തുടങ്ങിയ ആപ്പുകളില്‍ ഓഫര്‍ ഉപയോഗിക്കാം.
ഒരു രൂപ മാത്രമേ ചെലവു വരുന്നുള്ളൂ എന്നതാണ് ഓഫറിന്റെ മുഖ്യ ആകര്‍ഷണം. 110 മില്യണ്‍ ഉപയോക്താക്കളാണ് ആര്‍കോമിന് രാജ്യത്തുള്ളത്. ഇതില്‍ എത്ര പേര്‍ക്ക് 4ജി സേവനം ലഭിക്കുന്നുണ്ടെന്ന കൃത്യമായ കണക്ക് കമ്പനി അറിയിച്ചിട്ടില്ല. 850 മെഗാഹെര്‍ട്സ് സ്പെക്ട്രം ബാന്‍ഡിലാണ് ആര്‍കോം 4ജി സേവനങ്ങള്‍ നല്‍കുന്നത്.