കോഴിയിറച്ചിക്ക് കിലോക്ക് 87രൂപ നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോഴി കര്‍ഷകര്‍ രംഗത്ത്. ഈ വിലക്ക് കോഴി വിറ്റാല്‍ കേരളത്തിലെ പൗള്‍ട്രി ഫാമുകള്‍ അടച്ച് പൂട്ടേണ്ടി വരുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

സംസ്ഥാനത്തിനാവശ്യമായ കോഴിയുടെ 30 ശതമാനമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ബാക്കി തമിഴ്നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്.കേരളത്തില്‍ കെട്ടിട നികുതി ലൈസന്‍സ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്, വൈദ്യുതി ചാര്‍ജ്ജ്, ജീവനക്കാരുടെ വേതനം എന്നിവ നല്‍കി ഒരു കിലോ കോഴി ഉത്പാദിപ്പിക്കുന്നതിന് കര്‍ഷകന് ഇന്നത്തെ നിരക്കനുസരിച്ച് 85 രൂപയാകും. ഇത് വിപണിയിലെത്തുമ്പോള്‍ മറ്റ് ചെലവുകള്‍ ഉള്‍പ്പടെ ശരാശരി 25 രൂപ കൂടി കൂടും. ധനമന്ത്രിയുടെ പുതിയ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ നഷ്‌ടം കര്‍ഷകര്‍ സഹിക്കേണ്ടി വരുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

തമിഴ്നാട്ടില്‍ കോഴികൃഷിക്ക് നികുതിയിളവുണ്ട്. കേരളത്തിലേക്ക് കോഴിക്കുഞ്ഞുങ്ങള്‍ വരുന്നത് പുറത്ത് നിന്നാണ്. ഇതിന് പോലും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. നികുതി ഇളവ് നല്‍കുകയോ യാഥാര്‍ത്ഥ്യബോധത്തോടെ വില നിശ്ചയിക്കുകയോ ചെയ്തില്ലെങ്കില്‍ പൗള്‍ട്രി ഫാമുകള്‍ പൂട്ടേണ്ടി വരുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.