ഇന്ത്യക്കാര്‍ പേടിഎമ്മിനെ വിട്ട് എന്‍.പി.സി.ഐയുടെ ആപ്പിലേക്കോ?
- മാര്‍ച്ച് 2018 വരെയുളള കണക്കുകള്‍ പ്രകാരം 165 ശതമാനം വര്‍ദ്ധനവാണ് ബി.ബി.പി.എസ്. നേടിയത്
- 75 ല്‍ നിന്ന് 96 ലേക്ക് സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കും
മുംബൈ: നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ.) ഭാരത് ബില്ല് പേയ്മെന്‍റ് സിസ്റ്റത്തിന്‍റെ (ബി.ബി.പി.എസ്.) പ്രചാരം ഏറുന്നു. മാര്‍ച്ച് 2018 വരെയുളള കണക്കുകള്‍ പ്രകാരം 165 ശതമാനം വര്‍ദ്ധനവാണ് ബി.ബി.പി.എസ്. നേടിയത്. ഇതോടെ പേടിഎം ഉള്‍പ്പെടെയുളള സേവനദാതാക്കള്‍ക്ക് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ ഏറെ വിയര്‍ക്കേണ്ട അവസ്ഥയായി.
നിലവില്‍ 75 സേവനങ്ങളാണ് ബിബിപിഐ ആപ്പിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. വലിയ വളര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ സേവനങ്ങളില്‍ വര്‍ദ്ധനവ് വരുത്താന്‍ എന്‍പിസിഐ ആലോചിച്ചു വരുകെയാണ്. 75 ല്‍ നിന്ന് 96 ലേക്ക് സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് ആലോചന.
മാര്‍ച്ചില്‍ സാമ്പത്തിക കൈമാറ്റത്തില്‍ 75 ശതമാനം വര്‍ദ്ധനവാണ് ബിബിപിഎസ്സിലുണ്ടായത്. മുന്‍ വര്‍ഷത്തില്‍ 1.8 കോടിയായിരുന്ന ട്രാന്‍സാക്ഷന്‍സ് ഈ വര്‍ഷം 3.15 കോടിയായി വര്‍ദ്ധിച്ചു. ഈ കാലയിളവില്‍ മൊത്തം സാമ്പത്തിക കൈമാറ്റത്തിന്‍റെ മൂല്യം വര്‍ദ്ധിച്ചത് 165 ശതമാനത്തോളമാണ്. മുന്‍ വര്‍ഷം 1,125 കോടിയായിരുന്ന മൊത്തമൂല്യം ഈ വര്‍ഷം 2,986 കോടിയിലേക്കുയര്‍ന്നു. ഭാവിയില്‍ ബിബിപിഎസ്സിനെ പ്രത്യേക കമ്പനിയാക്കാനും എന്‍പിസിഐയ്ക്ക് പദ്ധതിയുണ്ട്.