മില്‍മ പാല്‍ വില കൂട്ടിയേക്കും
കൊച്ചി: മില്‍മ പാല്‍ ഉത്പന്നങ്ങളുടെ വില കൂട്ടിയേക്കും. പാല്‍ വില വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് മില്‍മ വ്യക്തമാക്കുന്നത്. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന പ്രോഗ്രാമിങ് കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച അന്തിമ വിലയിരുത്തലില്‍ എത്തിയത്. ആഭ്യന്തര പാല്‍ ഉല്‍പാദനത്തില്‍ കുറവ് വന്നതോടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് മില്‍മ ചെയര്‍മാന്‍ പറയുന്നത്.
ആഭ്യന്തര ഉല്‍പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായത്. ഇതുമൂലം അന്യസംസ്ഥാനത്തുനിന്ന് കൂടുതല്‍ പാല്‍ വാങ്ങേണ്ട സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം പ്രതിദിനം 1.86 ലക്ഷം ലിറ്റര്‍ പാല്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിയിരുന്നു. ഇപ്പോള്‍ ഇത് 3.60 ലക്ഷം ലിറ്റര്‍ പാല്‍ ആയി ഉയര്‍ന്നു. പാല്‍ ഉപയോഗം വര്‍ധിച്ചതും ആഭ്യന്തര ഉല്‍പാദനത്തിലുണ്ടായ കുറവുമാണ് ഇതിനു കാരണമെന്നും മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി. പ്രോഗ്രാമിങ് കമ്മിറ്റിയുടെ ശുപാര്‍ശ ഭരണസമിതിക്കും സംസ്ഥാന സര്‍ക്കാരിനും സമര്‍പ്പിക്കാനാണ് മില്‍മയുടെ തീരുമാനം.