സൊമാറ്റോ ഐപിഒ ജൂലൈ പകുതിയോടെ എത്തുന്നു, ഓഹരി വിൽപ്പനയ്ക്ക് സെബി അംഗീകാരം; സൊമാറ്റോ ഐപിഒ അറിയേണ്ടതെല്ലാം
ചൈനയുടെ ആന്റ് ഗ്രൂപ്പിന്റെ പിന്തുണയുള്ള സൊമാറ്റോ അതിന്റെ പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്ന് 8,250 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്.
സൊമാറ്റോയുടെ ഐപിഒയ്ക്ക് സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അംഗീകാരം. ജൂലൈ പകുതിയോടെ ഓൺലൈൻ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ വിപണിയിൽ ലിസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ചൈനയുടെ ആന്റ് ഗ്രൂപ്പിന്റെ പിന്തുണയുള്ള സൊമാറ്റോ അതിന്റെ പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്ന് 8,250 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. ഈ വർഷം ഏപ്രിലിൽ കമ്പനി നിർദ്ദിഷ്ട ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) കൈമാറിയിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയും വലിയ സ്റ്റാർട്ടപ്പുകളിലൊന്നിന്റെ ലിസ്റ്റിംഗുമാണ് നടക്കുന്നത്, സൊമാറ്റോ ജൂലൈ പകുതിയോടെ വിപണിയിലേക്ക് എത്തുമെന്നാണ് സീ ബിസിനസ് റിപ്പോർട്ട് ചെയ്യുന്നത്. ഫുഡ് അഗ്രഗേറ്റർ 7,500 കോടി രൂപ വിലമതിക്കുന്ന പുതിയ ഇക്വിറ്റി ഷെയറുകളും കമ്പനിയുടെ ആദ്യകാല നിക്ഷേപകരായ ഇൻഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡിന്റെ 750 കോടിയുടെ ഓഹരികളും വിൽപ്പനയ്ക്ക് എത്തിക്കും.
പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ഓർഗാനിക്ക്, ഇനോർഗോനിക്ക് വളർച്ചാ സംരംഭങ്ങൾക്കുമായി ഐപിഒയിലൂടെ സമാഹരിക്കുന്ന പണം വിനിയോഗിക്കും. ഓൺലൈൻ ഭക്ഷ്യ വിതരണ മേഖലയിൽ രാജ്യത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗണ്യമായ വളർച്ചയുണ്ടായി, വിപണി വിഹിതം നേടുന്നതിന് സൊമാറ്റോയും സ്വിഗ്ഗിയും ഇന്ന് നേരിട്ടുളള മത്സരത്തിലാണ്.
മുൻ സാമ്പത്തിക വർഷത്തേക്കാൾ 2020 സാമ്പത്തിക വർഷത്തെ സൊമാറ്റോയുടെ വരുമാനം 394 മില്യൺ ഡോളറിലേക്ക് (ഏകദേശം 2,960 കോടി രൂപ) ഉയർന്നിരുന്നു. പലിശ, നികുതി, മൂല്യത്തകർച്ച, പലിശനിരക്ക് (ഇബിഐറ്റിഡിഎ) നഷ്ടം 2,200 കോടി രൂപയാണ്.
ഫെബ്രുവരിയിൽ, ടൈഗർ ഗ്ലോബൽ, കോറ എന്നിവയിൽ നിന്ന് 250 മില്യൺ ഡോളർ (1,800 കോടി രൂപ) സൊമാറ്റോ സമാഹരിച്ചിരുന്നു, ഓൺലൈൻ ഫുഡ് ഓർഡറിംഗ് പ്ലാറ്റ്ഫോമിന്റെ മൂല്യം 5.4 ബില്യൺ ഡോളറിലേക്ക് കുതിച്ചുയരാൻ ഇത് സഹായിച്ചു.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ആഗോള കോർഡിനേറ്ററും ബുക്ക് റണ്ണിംഗ് ലീഡ് മാനേജമാരും. ബോഫ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് പൊതു ഓഹരി വിൽപ്പനയുടെ മർച്ചന്റ് ബാങ്കർമാർ.
കമ്പനിയുടെ ഇക്വിറ്റി ഷെയറുകൾ ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ പട്ടികപ്പെടുത്തും. 2021 ന്റെ ആദ്യ പകുതിയിൽ ഐപിഒയ്ക്കായി കമ്പനി പദ്ധതിയിടുന്നതായി കഴിഞ്ഞ വർഷം സോമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ ജീവനക്കാരെ അറിയിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona