സെൻസെക്സ് ഒരു ലക്ഷം കടക്കുമോ? വിപണി വളർച്ചയുടെ പാതയിലെന്ന് വിലയിരുത്തൽ
ചരിത്രത്തിലാദ്യമായി 60000 എന്ന വൻ നാഴികക്കല്ല് പിന്നിട്ട ബിഎസ്ഇ സെൻസെക്സ് അധികം വൈകാതെ ഒരു ലക്ഷം എന്ന നാഴികക്കല്ലും പിന്നിടുമെന്ന് സാമ്പത്തിക രംഗത്തിന്റെ പ്രതീക്ഷ
മുംബൈ: ചരിത്രത്തിലാദ്യമായി 60000 എന്ന വൻ നാഴികക്കല്ല് പിന്നിട്ട ബിഎസ്ഇ സെൻസെക്സ് അധികം വൈകാതെ ഒരു ലക്ഷം എന്ന നാഴികക്കല്ലും പിന്നിടുമെന്ന് സാമ്പത്തിക രംഗത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസം വ്യാപാരം ആരംഭിച്ച ഉടനാണ് 325 പോയിന്റ് ഉയർന്ന് സെൻസെക്സ് വൻ നേട്ടത്തിലെത്തിയത്. നിഫ്റ്റി 93 പോയിന്റുയർന്ന് 17900 പിന്നിട്ടു.
ഒരു വർഷത്തിൽ താഴെ സമയമെടുത്തതാണ് സെൻസെക്സ് 50000 ൽ നിന്ന് 60000ത്തിലേക്ക് എത്തിയത്. ഇപ്പോഴത്തെ മാറ്റം 2003-2007 കാലത്തെപ്പോലെയാണെന്നും രണ്ട് - മൂന്ന് വർഷത്തേയ്ക്ക് വിപണി വളർച്ചയുടെ പാതയിൽ തന്നെയാകുമെന്നും സ്വസ്തിക ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് റിസേർച് ഹെഡ് സന്തോഷ് മീന പറഞ്ഞു.
ആഗോള വിപണികളിലെ നേട്ടം ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചതാണ് കഴിഞ്ഞ ദിവസത്തെ കുത്തിപ്പിന് കാരണം. പലിശ നിരക്കുയർത്തൽ, സാമ്പത്തിക ഉത്തജന പാക്കേജ് എന്നിവയിൽ അമേരിക്കൻ ഫെഡറൽ റിസർവ് സ്വീകരിച്ച നിലപാടുകളാണ് ഇതിൽ പ്രധാനം. അമേരിക്കൻ വിപണി കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധികൾ മറികടന്ന് മുന്നേറ്റത്തിന്റെ പാതയിലാണെന്ന സൂചന വെളിപ്പെട്ടതോടെയാണ് നിക്ഷേപകരുടെ സജീവമായ ഇടപെടൽ ഉണ്ടായത്.
മൂന്നാഴ്ച കൊണ്ട് സെന്‍സെക്സ് രണ്ടായിരം പോയിന്‍റിന്റെ നേട്ടമാണ് കൈവരിച്ചത്. ഏഷ്യൻ പെയിന്റ്‌സ്, ഐഷർ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് ടാറ്റാ മോട്ടോർസ്, എൽ ആന്റ് ടി, ഒഎൻജിസി, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.