പ്രതീക്ഷയേകി വാള്‍മാര്‍ട്ട്; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നു
അപാരല്‍, ഹോംവെയര്‍, ജ്വല്ലറി, ഹാര്‍ഡ്ലൈന്‍സ് തുടങ്ങിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ലോകത്തെ 14 മാര്‍ക്കറ്റുകളിലേക്കാണ് എത്തിക്കുന്നത്.
ദില്ലി: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മൂന്നിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് വാള്‍മാര്‍ട്ട്. 2027 ഓടെ 1000 കോടി ഡോളറിലേക്ക് എത്തിക്കാനാണ് ശ്രമം. രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായ മേഖലക്ക്(എംഎസ്എംഇ) പ്രതീക്ഷയേകുന്നതാണ് വാള്‍മാര്‍ട്ടിന്റെ തീരുമാനം. ഭക്ഷ്യ വസ്തുക്കള്‍, മരുന്നുകള്‍, ആരോഗ്യം, വസ്ത്രം, ചെരുപ്പ് തുടങ്ങിയ സുപ്രധാന മേഖലകളിലാവും വികസനം. ഫ്‌ലിപ്കാര്‍ട്ട് സമര്‍ത്ഥ്, വാള്‍മാര്‍ട്ട് വൃദ്ധി എന്നിവയിലൂടെയാണ് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ വിതരണ ശൃംഖല ഇതിനായി വികസിപ്പിക്കും.
ഇന്ത്യ ഇപ്പോള്‍ തന്നെ വാള്‍മാര്‍ട്ടിന്റെ പ്രധാന വിപണി സ്രോതസുകളിലൊന്നാണ്. നിലവില്‍ 300 കോടി ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക കയറ്റുമതിയാണ് ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് വാള്‍മാര്‍ട്ട് നടത്തുന്നത്. അപാരല്‍, ഹോംവെയര്‍, ജ്വല്ലറി, ഹാര്‍ഡ്ലൈന്‍സ് തുടങ്ങിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ലോകത്തെ 14 മാര്‍ക്കറ്റുകളിലേക്കാണ് എത്തിക്കുന്നത്. അമേരിക്ക, കാനഡ, മെക്‌സിക്കോ, സെന്‍ട്രല്‍ അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വിപണി.