കേന്ദ്രതീരുമാനം ഗുണമായി; വോഡഫോൺ ഐഡിയയ്ക്ക് ഓഹരി വിപണിയിൽ മുന്നേറ്റം
വ്യാഴാഴ്ച രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു കമ്പനിയുടെ ഓഹരി വില ഉണ്ടായിരുന്നത്.
ദില്ലി: വോഡഫോൺ ഐഡിയയുടെ ഓഹരി വിലയിൽ 18 ശതമാനത്തിന്റെ വർധന. വെള്ളിയാഴ്ച വ്യാപാരത്തിനിടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനിയുടെ ഓഹരി വില ഏഴ് രൂപ നാല് പൈസയിൽ എത്തി. നികുതി പരിഷ്കരണത്തിനുളള ബില്ല് കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചതോടെയാണ് കമ്പനിക്ക് ഓഹരി വിപണിയിൽ നേട്ടം ഉണ്ടായത്.
വ്യാഴാഴ്ച രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു കമ്പനിയുടെ ഓഹരി വില ഉണ്ടായിരുന്നത്. കമ്പനിയിലെ തന്റെ ഓഹരികൾ മുഴുവൻ ഇന്ത്യയിലെ ഏതെങ്കിലും ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് കൈമാറാമെന്ന് കുമാർ മംഗളം ബിർളയുടെ പ്രസ്താവനക്ക് പിന്നാലെ ഓഹരി വിപണിയിൽ കമ്പനിയുടെ മൂല്യം താഴേക്ക് പോവുകയായിരുന്നു.
കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം വോഡഫോൺ ഐഡിയ അടക്കമുള്ള കമ്പനികൾക്ക് നേട്ടമുണ്ടാകും. ഇപ്പോഴത്തെ നിലയിൽ മുന്നോട്ട് പോവുക കമ്പനിയെ സംബന്ധിച്ച് ക്ലേശകരമാണ്. കടത്തിൽ മുങ്ങി നിൽക്കുന്ന കമ്പനിയെ വിപണിയിൽ നിലനിർത്താൻ ലക്ഷ്യമിട്ടാണ് കുമാർ മംഗളം ബിർള തന്റെ ഓഹരികൾ സർക്കാറിന് കൈമാറാമെന്ന് നിലപാട് സ്വീകരിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona