കാറുകള്‍ നിര്‍മിക്കാനാകുന്നില്ല, സ്മാര്‍ട്ട്ഫോണുകളുടെ ഉല്‍പ്പാദനം നിലച്ചു; കൊറോണ ലോകത്തെ ഭയപ്പെടുത്തുന്നു

ചൈനയെയോ, ചൈനീസ് കമ്പനികളെയോ മാത്രം ബാധിക്കുന്ന തിരിച്ചടിയല്ല കൊറോണ വിപണിയില്‍ ഉണ്ടാക്കിയത്. ലോകമാകെ അതിന്‌റെ പ്രതിഫലനങ്ങള്‍ ഉണ്ടായി...

these companies have taken a hit due to coronavirus

ബീജിങ്: അപ്രതീക്ഷിതമായി കയറിവന്നൊരു വില്ലന്‌റെ മുഖമാണ് വിപണിയില്‍ കൊറോണ വൈറസിന്. ചൈനയെയോ, ചൈനീസ് കമ്പനികളെയോ മാത്രം ബാധിക്കുന്ന തിരിച്ചടിയല്ല കൊറോണ വിപണിയില്‍ ഉണ്ടാക്കിയത്. ലോകമാകെ അതിന്‌റെ പ്രതിഫലനങ്ങള്‍ ഉണ്ടായി. കൊറോണ ബാധയെ തുടര്‍ന്ന് വന്‍ തിരിച്ചടി നേരിട്ട ചില കമ്പനികള്‍ ഇവയാണ്.

ഫോക്‌സ്‌കോണ്‍

ഐഫോണുകളുടെ ലോകത്തെ ഏറ്റവും വലിയ അസംബ്ലറാണ് ഫോക്‌സോകോണ്‍. ഹുവാവെയ്ക്ക് വേണ്ടി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുന്നതും, ആമസോണിന്‌റെ കിന്‌റില്‍ ഇ ബുക്ക്, എക്കോ എന്നിവ നിര്‍മ്മിക്കുന്നതും ഈ കമ്പനിയാണ്. ചൈനയിലെ ഏറ്റവും വലിയ സ്വകാര്യ തൊഴില്‍ ദാതാവെന്ന പ്രത്യേകതയും ഉണ്ട്. എച്ച്പി, ഡെല്‍ തുടങ്ങിയ കമ്പനികള്‍ക്ക് പാര്‍ട്‌സുകള്‍ നല്‍കുന്നുമുണ്ട്. കൊറോണ ബാധയെ തുടര്‍ന്ന് ഫെബ്രുവരി ആദ്യം മുതല്‍ കമ്പനിയുടെ ചൈനയിലെ എല്ലാ പ്ലാന്‌റുകളും പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്.

ടെസ്ല

ലോകത്തെ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളില്‍ പ്രധാനികളാണ് ടെസ്ല. അവരുടെ ഏറ്റവും പ്രധാനമായ പ്ലാന്‌റാണ് ഷാങ്ഹായി നഗരത്തിലെ ഗിഗ ഷാങ്ഹായി. ഫെബ്രുവരി പത്ത് മുതല്‍ ഭാഗികമായി പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, വളരെ കുറച്ച് തൊഴിലാളികള്‍ മാത്രമാണ് ജോലിക്ക് വരുന്നത്. ഇവരെയെത്തിക്കാന്‍ 40 ബസുകളാണ് ഷട്ടില്‍ സര്‍വീസ് നടത്തുന്നത്. സര്‍ക്കാര്‍ സഹായവും ലഭിക്കുന്നുണ്ട്. ഈ ഫാക്ടറിയില്‍ നിന്ന് ആദ്യത്തെ കാര്‍ ഡിസംബര്‍ 30 നാണ് പുറത്തുവന്നത്. ആഴ്ചയില്‍ 3000 കാറുകള്‍ എന്ന കണക്കില്‍ വര്‍ഷത്തില്‍ ഒന്നര ലക്ഷം കാറുകളാണ് ഈ പ്ലാന്‌റില്‍ നിന്ന് പുറത്തിറക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

ആപ്പിള്‍

ചൈനീസ് മാനുഫാക്ചറിങ് കമ്പനികളെ അധികമായി ആശ്രയിച്ചതിന്‌റെ തിരിച്ചടിയാണ് ഇപ്പോള്‍ ആപ്പിള്‍ നേരിടുന്നത്. ലോക വിപണിയിള്‍ ഫോണുകളുടെ വിതരണം തടസപ്പെട്ടു. മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ലക്ഷ്യമിട്ട മുന്നേറ്റം കാഴ്ചവയ്ക്കാനാവില്ലെന്നാണ് ആപ്പിള്‍ വിലയിരുത്തുന്നത്. ആപ്പിള്‍ ഐ ഫോണിന്‌റെ പ്രധാന വിപണി കൂടിയാണ് ചൈന.

ഫോക്‌സ്‌വാഗന്‍

ചൈനയിലെ കമ്പനിയുടെ 15 അസംബ്ലി പ്ലാന്‌റുകളില്‍ ഒരെണ്ണം മാത്രമാണ് ഫെബ്രുവരി 13 ലെ റിപ്പോര്‍ട്ട് പ്രകാരം തുറന്നിരിക്കുന്നത്. വാഹന നിര്‍മ്മാതാക്കളായ ഇവരുടെ 40 ശതമാനം കാറുകളും വില്‍ക്കപ്പെടുന്നത് ചൈനീസ് വിപണിയിലാണ്. ഉല്‍പ്പാദനവും വിപണനവും തടസ്സപ്പെട്ട നിലയിലാണ് കമ്പനി.

ഡിസ്‌നി

ഷാങ്ഹായി നഗരത്തിലും ഹോങ്കോങിലും സ്ഥിതി ചെയ്യുന്ന രണ്ട് തീം പാര്‍ക്കുകള്‍ ഡിസ്‌നി അടച്ചിരിക്കുകയാണ്. ടൂറിസ്റ്റ് സീസണിന്‌റെ മധ്യത്തില്‍ നില്‍ക്കെയാണ് കൊറോണയുടെ തിരിച്ചടി ഡിസ്‌നിക്കേറ്റത്. ഷാങ്ഹായിയിലെ പ്ലാന്‌റില്‍ നിന്നുള്ള പ്രവര്‍ത്തന വരുമാനം 135 ദശലക്ഷം ഡോളറും ഹോങ്കോങില്‍ നിന്നുള്ള പ്രവര്‍ത്തന വരുമാനം 40 ദശലക്ഷം ഡോളറും ഇടിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹോണ്ട

ജാപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയ്്ക്ക് വുഹാനില്‍ മാത്രം മൂന്ന് പ്ലാന്‌റുകളുണ്ട്. ആറ് ലക്ഷം യൂണിറ്റാണ് ഇവിടെ നിന്നും പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത്. കൊറോണയെ തുടര്‍ന്ന് പ്ലാന്‌റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്

കൊറോണ ബാധയെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായത് സിങ്കപ്പൂര്‍ എയര്‍ലൈന്‍സിനെയും അവരുടെ സില്‍ക് എയര്‍ എന്ന ഉപകമ്പനിയെയും സാരമായി ബാധിച്ചു. എല്ലാ റൂട്ടുകളിലും ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയിട്ടുണ്ട്. ലണ്ടന്‍, ന്യൂയോര്‍ക്, ടോക്യോ, സിഡ്‌നി,
ജൊഹന്നാസ്ബര്‍ഗ് നഗരങ്ങളിലേക്ക് മാത്രമാണ് മാര്‍ച്ച് മുതല്‍ മെയ് വരെ ഈ എയര്‍ലൈന്‍ കമ്പനികള്‍ സര്‍വീസ് നടത്തുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios