ഉള്ളിവില; വിപണിയിൽ നിന്ന് കേൾക്കുന്നത് ആശ്വാസ വാർത്ത, കാരണം ഇതാണ്...
വിപണിയിൽ നിന്ന് കേൾക്കുന്ന വാർത്തകൾ സത്യമാണെങ്കിൽ അതിനിനി അധികം താമസമില്ലെന്ന് പറയാം. ജനുവരി രണ്ടാം വാരത്തോടെ ഉള്ളിവില 20 നും 25 നും ഇടയിലാകുമെന്നാണ് കണക്കുകൂട്ടൽ.
ദില്ലി: ഇന്ത്യയുടെ ചരിത്രത്തിൽ ഉള്ളിക്ക് ഏറ്റവും ഉയർന്ന വില നൽകേണ്ടി വന്ന കാലം ഏതെന്ന് ചോദിച്ചാൽ നിസംശയം പറയാം അത് 2019 ആണെന്ന്. റോക്കറ്റ് പോലെ കുതിച്ചുയർന്ന ഉള്ളിവില ആഴ്ചകളായി മൂന്നക്കത്തിൽ നിന്ന് താഴേക്ക് പോയിട്ടില്ല. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന ഉള്ളിയുടെ വിലക്കയറ്റത്തിന് ഒരു അവസാനമില്ലേയെന്നാണ് ചോദ്യം ഉയർന്നിരിക്കുന്നത്.
വിപണിയിൽ നിന്ന് കേൾക്കുന്ന വാർത്തകൾ സത്യമാണെങ്കിൽ അതിനിനി അധികം താമസമില്ലെന്ന് പറയാം. ജനുവരി രണ്ടാം വാരത്തോടെ ഉള്ളിവില 20 നും 25 നും ഇടയിലാകുമെന്നാണ് കണക്കുകൂട്ടൽ. അടുത്ത മാസം ആദ്യം പുതിയ ഉള്ളി മാർക്കറ്റിലെത്തുമെന്നതാണ് കാരണം. അടുത്ത ഉള്ളിവിളവെടുപ്പ് നടക്കുന്നതോടെയാവുമിത്. ഇതോടെ വിലയിൽ 80 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഉള്ളിവില കുതിച്ചുയർന്നപ്പോൾ മുതൽ പലവഴിക്ക് കേന്ദ്രം വില താഴ്ത്താൻ ശ്രമിച്ചിരുന്നു. കയറ്റുമതി വെട്ടിക്കുറച്ചും പൂഴ്ത്തിവയ്പ്പ് നിരോധിച്ചും വിവിധ രാഷ്ട്രങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്‌തുമാണ് കേന്ദ്രം വില നിയന്ത്രിക്കാൻ ശ്രമിച്ചത്. എന്നാൽ ഈ വഴികളൊന്നും ഫലം കണ്ടിരുന്നില്ല. റീട്ടെയ്ൽ വിപണിയിൽ ഉള്ളിവില ഇപ്പോഴും 160 രൂപയ്ക്കടുത്താണ് ഉള്ളത്.