വമ്പന്മാരോട് കൊമ്പുകോർക്കാൻ ടാറ്റ, ബിഗ് ബാസ്‌കറ്റുമായി കൈകോർക്കുന്നുവെന്ന് റിപ്പോർട്ട്
ഇ-കൊമേഴ്സ് രംഗത്ത് ഒരുമിച്ച് മുന്നേറാൻ ബിഗ് ബാസ്കറ്റുമായി ടാറ്റ ഗ്രൂപ്പ് സംസാരിച്ചതായി റിപ്പോർട്ട്. ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ അവസാനത്തോടെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
മുംബൈ: ഇ-കൊമേഴ്സ് രംഗത്ത് ഒരുമിച്ച് മുന്നേറാൻ ബിഗ് ബാസ്കറ്റുമായി ടാറ്റ ഗ്രൂപ്പ് സംസാരിച്ചതായി റിപ്പോർട്ട്. ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ അവസാനത്തോടെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
20 ശതമാനം ഓഹരിയും ഡയറക്ടർ ബോർഡിൽ രണ്ട് സ്ഥാനങ്ങളുമാണ് ടാറ്റയുടെ ലക്ഷ്യം. അലിബാബ ഗ്രൂപ്പിന്റെ സ്ഥാപനമായ ബിഗ്ബാസ്കറ്റ് കൊവിഡ് കാലത്ത് വൻ തോതിൽ മുന്നേറ്റം നേടിയിരുന്നു. ഉപഭോക്താക്കൾ ലോക്ക്ഡൗണിൽ ഇ-കൊമേഴ്സിനെ ആശ്രയിച്ചിരുന്നു.
ബിഗ് ബാസ്കറ്റ് തങ്ങളുടെ കമ്പനിയിലെ നിക്ഷേപം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. സിങ്കപ്പൂർ ഗവൺമെന്റിന്റെ തെമാസെക്, അമേരിക്കൻ കമ്പനിയായ ജനറേഷൻ പാർട്നേർസ്, ഫിഡെലിറ്റി ആന്റ് ടൈബൂൺ കാപിറ്റൽ എന്നിവരിൽ നിന്ന് 350 മുതൽ 400 ദശലക്ഷം ഡോളർ വരെ സമാഹരിക്കാനാണ് നീക്കം. ഇതിലൂടെ കമ്പനിയുടെ മൂല്യം 33 ശതമാനം ശതമാനം ഉയർന്ന് രണ്ട് ബില്യൺ ഡോളറിലേക്ക് എത്തും.
മുകേഷ് അംബാനിയുടെ അതിവേഗം വളരുന്ന റിലയൻസ് റീട്ടെയ്‌ലും ആമസോണുമാണ് ടാറ്റയുടെ എതിരാളികൾ. ആഗസ്റ്റിൽ കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിനെ വാങ്ങിയ റിലയൻസ്, ജിയോ മാർട്ടിന്റെ വിതരണ ശൃംഖല ശക്തമാക്കഗി. 420 നഗരങ്ങളിലായി 1800 സ്റ്റോറുകളാണ് ഇതിലൂടെ റിലയൻസിന് നേടാനായത്. ഇതോടെ കമ്പനിയുടെ റീട്ടെയ്ൽ ടേണോവർ രണ്ട് ലക്ഷം കോടിയിലേക്ക് എത്തും. ഇന്ത്യൻ റീട്ടെയ്ൽ രംഗത്തിന്റെ മൂന്നിലൊന്ന് ഭാഗമാണ് ഇതോടെ റിലയൻസിന്റെ കൈയ്യിലാവുന്നത്.