ബിഗ് ബാസ്കറ്റിലെ ഭൂരിഭാഗം ഓഹരിയും കൈക്കലാക്കി ടാറ്റ ഡിജിറ്റൽ
ഓൺലൈൻ ഗ്രോസറി വിൽപ്പന പ്ലാറ്റ്ഫോമായ ബിഗ് ബാസ്കറ്റിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ സൺസ് വാങ്ങി. ഇ-കൊമേഴ്സ് വിപണിയിൽ ആമസോണിനോടും, വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ടിനോടും റിലയൻസ് ഇന്റസ്ട്രീസിന്റെ ജിയോ മാർട്ടിനോടും ഇനി ടാറ്റ നേരിട്ട് ഏറ്റുമുട്ടും.
ബെംഗളൂരു: ഓൺലൈൻ ഗ്രോസറി വിൽപ്പന പ്ലാറ്റ്ഫോമായ ബിഗ് ബാസ്കറ്റിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ സൺസ് വാങ്ങി. ഇ-കൊമേഴ്സ് വിപണിയിൽ ആമസോണിനോടും, വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ടിനോടും റിലയൻസ് ഇന്റസ്ട്രീസിന്റെ ജിയോ മാർട്ടിനോടും ഇനി ടാറ്റ നേരിട്ട് ഏറ്റുമുട്ടും.
ടാറ്റ സൺസിന് കീഴിലെ ടാറ്റ ഡിജിറ്റലാണ് ഓഹരികൾ വാങ്ങിയത്. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബിഗ് ബാസ്കറ്റിലെ 64.3 ശതമാനം ഓഹരി വാങ്ങാൻ ടാറ്റ ഡിജിറ്റലിന് മാർച്ചിൽ തന്നെ ഇന്ത്യയിലെ ആന്റിട്രസ്റ്റ് ബോഡി അനുവാദം നൽകിയിരുന്നു.
95 ബില്യൺ രൂപയുടേതാണ് ഇടപാടെന്നാണ് മാധ്യമ വാർത്തകൾ പറയുന്നത്. ബിഗ് ബാസ്കറ്റിൽ അലിബാബ ഗ്രൂപ്പിനുണ്ടായിരുന്ന ഓഹരി കൂടി ഇനി ടാറ്റ ഡിജിറ്റലിന്റേതാകും. ഇ-കൊമേഴ്സ് വിപണി ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കുന്ന കാലത്താണ് ഈ ഇടപാടെന്നതാണ് പ്രധാനം. കൊവിഡ് മഹാമാരി ഓൺലൈൻ ഷോപ്പിങിൽ വലിയ മാറ്റമാണ് വരുത്തിവെച്ചിരിക്കുന്നത്.
ടാറ്റ ഗ്രൂപ്പിനാകട്ടെ ഉപ്പ് തൊട്ട് ആഡംബര കാറുകൾ വരെയുള്ള വിപണിയിൽ സ്വാധീനമുണ്ട്. ഇതിന് പുറമെ സോഫ്റ്റ്‌വെയർ രംഗത്തും സ്വാധീനമുണ്ട്. തങ്ങളുടെ എല്ലാ ബിസിനസും ഒറ്റ കുടക്കീഴിൽ ലഭ്യമാകുന്ന സൂപ്പർ ആപ്പ് ടാറ്റ സൺസ് ഉടൻ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്.