Stock Market Today: നിക്ഷേപകർ ആശങ്കയിൽ തന്നെ, സെൻസെക്‌സ് 168 പോയിന്റ് ഇടിഞ്ഞു; ഐടി മേഖല തിളങ്ങുന്നു
മൊത്തവില പണപ്പെരുപ്പം 22 മാസത്തെ കുറഞ്ഞ നിരക്കിലെത്തിയതും നിക്ഷേപകർക്ക് ആശ്വാസം നൽകിയില്ല. നിഫ്റ്റി 17,895 ൽ. നേട്ടമുണ്ടാക്കി ഐടി ഓഹരികൾ
മുംബൈ: ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകളായ സെൻസെക്സും നിഫ്റ്റിയും പ്രാരംഭ നേട്ടത്തിന് ശേഷം ഇടിഞ്ഞു. സ്വകാര്യമേഖലയിലെ സാമ്പത്തിക ഓഹരികളിലെ ദൗർബല്യം പ്രധാന സൂചികകളെ ബാധിച്ചു, എന്നിരുന്നാലും ഐടി ഓഹരികളിലെ വില്പന കുറച്ച് പിന്തുണ നൽകി. പ്രധാന സൂചികകളായ സെൻസെക്സ് 168.2 പോയിന്റ് അല്ലെങ്കിൽ 0.3 ശതമാനം നഷ്ടത്തിൽ 60,093 ലെവലിലും നിഫ്റ്റി 61.8 പോയിൻറ് അഥവാ 0.3 ശതമാനം ഇടിഞ്ഞ് 17,894.9 ലെവലിലും വ്യാപാരം അവസാനിപ്പിച്ചു
നിഫ്റ്റിയിലെ 50 ഓഹരികളിൽ 32 ഓഹരികൾ നഷ്ടത്തിലാണ് അവസാനിച്ചത്. അദാനി എന്റർപ്രൈസസ്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, മാരുതി സുസുക്കി, എൻടിപിസി, അപ്പോളോ ഹോസ്പിറ്റൽസ്, എച്ച്ഡിഎഫ്സി, എസ്ബിഐ ലൈഫ്, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികൾ. അതേസമയം, ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ, ടെക് മഹീന്ദ്ര എന്നിവ ഒന്ന് മുതൽ മൂന്ന് ശതമാനം ഉയർന്ന് ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചു. ഹീറോ മോട്ടോകോർപ്പ്, പവർഗ്രിഡ്, ബജാജ് ഫിനാൻസ്, എസ്ബിഐ, ഐടിസി എന്നിവയും നിഫ്റ്റിയിലെ മികച്ച നേട്ടമുണ്ടാക്കിയ ഓഹരിയിൽ ചിലതാണ്.
ഡിസംബറിലെ മൊത്തവില പണപ്പെരുപ്പം കണക്കുകൾ പുറത്ത് വന്നു. 22 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പണപ്പെരുപ്പം. എന്നാൽ ഈ കണക്കുകൾക്ക് നിക്ഷേപകരെ ആശ്വസിപ്പിക്കാനായില്ല. വിശാലമായ വിപണിയിൽ ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകളും യഥാക്രമം 0.3 ശതമാനവും 0.1 ശതമാനവും താഴ്ന്നു.
മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റിയിലെ ഐടി, പിഎസ്ബി സൂചികകൾ വിപണിയെ വെല്ലുവിളിക്കുകയും ഒരു ശതമാനത്തിലധികം ഉയർന്ന് ക്ലോസ് ചെയ്യുകയും ചെയ്തു. ലോഹ, സാമ്പത്തിക മേഖലകൾ നഷ്ടത്തിലായിരുന്നു.