വാഹന നിർമാതാക്കൾക്ക് ഇത് പ്രതിസന്ധിയുടെ കാലം; ഡോളറിനെതിരെ വീണ്ടും മൂല്യത്തകർച്ച നേരിട്ട് രൂപ
നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചികകൾ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. അതേസമയം, നിഫ്റ്റി ഫാർമ സൂചിക 1.8 ശതമാനം ഉയർന്നു.
മുംബൈ: ക്രൂഡ് ഓയിൽ വിലയും ആഗോള ഓഹരികളും കുതിച്ചുയർന്നപ്പോൾ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളിൽ വെള്ളിയാഴ്ച വ്യാപാരത്തകർച്ച തുടർന്നു. പ്രധാനമായും ബാങ്കുകളും സാമ്പത്തിക ഓഹരികളും ഇടിഞ്ഞതാണ് വിപണിയിൽ വ്യാപാര നഷ്ടത്തിന് കാരണം.
ബിഎസ്‌ഇ സെൻസെക്സ് 410 പോയിൻറ് അഥവാ 1.5 ശതമാനം ഇടിഞ്ഞ് 27,850 എന്ന നിലയിലെത്തി നിഫ്റ്റി 50 സൂചിക 110 പോയിൻറ് അഥവാ 1.4 ശതമാനം ഇടിഞ്ഞ് 8,140 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.
വ്യക്തിഗത ഓഹരികളിൽ ഏഴ് ശതമാനം ഇടിഞ്ഞ കോട്ടക് മഹീന്ദ്ര ബാങ്ക് വീണ്ടും നഷ്ടം നേരിട്ടു. ഇൻഡസ് ഇൻഡ് ബാങ്ക് അഞ്ച് ശതമാനം ഇടിഞ്ഞു. ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്‌സിയും നാല് ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. അതേസമയം, ഫാർമ ഓഹരികളിൽ മുന്നേറ്റമുണ്ട്. ലൂപ്പിൻ, സിപ്ലാ തുടങ്ങിയ ഓഹരികൾ യഥാക്രമം 10 ഉം 7 ഉം ശതമാനം ഉയർന്നു.
നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചികകൾ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. അതേസമയം, നിഫ്റ്റി ഫാർമ സൂചിക 1.8 ശതമാനം ഉയർന്നു.
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇടിവ് തുടരുന്നു. ആഭ്യന്തര ഓഹരി വിപണിയിൽ സമ്മർദ്ദം വർധിക്കാൻ ഇത് കാരണമായി. യുഎസ് ഡോളറിനെതിരെ 76.05 എന്ന നിലയിൽ ദുർബലമായ ഓപ്പണിംഗിന് ശേഷം ഇന്ത്യൻ രൂപ 76.11 ആയി വീണ്ടും ഇടിഞ്ഞു.
കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ ചെയ്തത് ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ പ്രതിസന്ധി വർദ്ധിപ്പിച്ചു. പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് എന്നിവയാണ് മാർച്ചിൽ വൻ വിൽപ്പന ഇടിവ് രേഖപ്പെടുത്തിയ വാഹന നിർമാതാക്കൾ.