ചെറുകിട വ്യാപാര മേഖലയ്ക്കുളള പ്രഖ്യാപനങ്ങള്‍ പേരിനുമാത്രമെന്ന് വ്യാപാരികൾ
പ്രളയവും കൊവിഡും സൃഷ്ടിച്ച പ്രതിസന്ധിയുടെ നടുക്കയത്തിലുളള വ്യാപാര മേഖലയ്ക്ക് നിവര്‍ന്നു നില്‍ക്കാന്‍ ഇതു മതിയാകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന വ്യാപാര മേഖലയ്ക്ക് ബജറ്റില്‍ കാര്യമായ നേട്ടമില്ല. സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് കൂടുതല്‍ തുകയും പുതിയ വ്യവസായങ്ങള്‍ക്ക് ഇല്ക്ട്രിസിറ്റി ഡ്യൂട്ടിയില്‍ ഇളവും നല്‍കിയപ്പോള്‍ ചെറുകിട വ്യാപാര മേഖലയ്ക്കുളള പ്രഖ്യാപനങ്ങള്‍ പേരിനു മാത്രമായി.
പ്രളയവും കൊവിഡും സൃഷ്ടിച്ച പ്രതിസന്ധിയുടെ നടുക്കയത്തിലുളള വ്യാപാര മേഖലയ്ക്ക് നിവര്‍ന്നു നില്‍ക്കാന്‍ ഇതു മതിയാകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ വന്ന പിഴവുകളുമായി ബന്ധപ്പെട്ട ഫീസും പിഴത്തുകയും ഇളവു ചെയ്യണമെന്നതടക്കമുളള നിരവധി ആവശ്യങ്ങള്‍ വ്യാപാര മേഖല ധനമന്ത്രിക്കു മുന്നില്‍ വച്ചിരുന്നു. കൊവിഡ് കാലത്തെ വായ്പ പലിശയില്‍ ഇളവ് നല്‍കണമെന്ന ആവശ്യവും ബജറ്റില്‍ ഉള്‍പ്പെടാതെ പോയി.
അതേ സമയം പ്രളയ സെസ് നിര്‍ത്തലാക്കുന്നത് നേട്ടമാണ്. വാറ്റ്, വില്‍പന നികുതി കുടിശിക നിവാരണ പദ്ധതി ദീര്‍ഘിപ്പിച്ചതും ആശ്വാസമാണ്. കെഎസ്ഐഡിസി, കിന്‍ഫ്ര എന്നിവ വഴി വ്യവസായ സംരംഭങ്ങള്‍ക്കായി നടത്തുന്ന ഭൂമിയിടപാടുകള്‍ക്ക് സ്റ്റാംപ് ഡ്യൂടിടി നാല് ശതമാനവും രജിസ്ട്രേഷന്‍ ഫീസ് ഒരു ശതമാനവുമാക്കിയതും സംരംഭകര്‍ക്ക് ശുഭവാര്‍ത്തയാണ്.