Share Market Today: നിക്ഷേപകർക്ക് ചാകര; വിപണിയിൽ മുന്നേറ്റം തുടരുന്നു

സെൻസെക്സ്, നിഫ്റ്റി റെക്കോർഡ് നിരക്കിലേക്ക് ഉയർന്നിരുന്നു. വിപണിയിൽ നേട്ടം കൊയ്യുന്ന ഓഹരികൾ ഏതൊക്കെയാണെന്ന് അറിയാം 
 

Share Market Today 30 11 2022

മുംബൈ: ആഭ്യന്തര സൂചികകൾ തുടർച്ചയായ ഏഴാം സെഷനിലും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.  സെൻസെക്‌സ് 417.81 പോയിന്റ് അഥവാ 0.67 ശതമാനം ഉയർന്ന് 63,099.65ലും നിഫ്റ്റി 140.30 പോയിന്റ് അഥവാ 0.75 ശതമാനം ഉയർന്ന് 18,758.30ലുമാണ്  ഇന്ന് വ്യാപാരം  അവസാനിപ്പിച്ചത്. വിപണിയിൽ ഇന്ന് ഏകദേശം 1992 ഓഹരികൾ മുന്നേറി, 1395 ഓഹരികൾ ഇടിഞ്ഞു, 104 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. 

നിഫ്റ്റിയിൽ ഇന്ന് എം ആൻഡ് എം, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഗ്രാസിം ഇൻഡസ്ട്രീസ്, ബജാജ് ഓട്ടോ, അൾട്രാടെക് സിമൻറ് തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. അതേസമയം, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ, എച്ച്സിഎൽ ടെക്നോളജീസ്, ഐടിസി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.

മേഖലകൾ പരിശോധിക്കുമ്പോൾ, പൊതുമേഖലാ ബാങ്ക് ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും നേട്ടത്തിൽ അവസാനിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്മോൾക്യാപ് സൂചിക 0.6 ശതമാനവും ഉയർന്നു.

അതേസമയം നാളെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ രൂപ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ പ്രത്യേക ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന ഡിജിറ്റൽ രൂപ ആർബിഐ പുറത്തിറക്കും. ഡിജിറ്റൽ കറൻസിയുടെ (CBDC) സാധ്യത പഠിക്കാൻ 2020 ൽ  ഒരു ഗ്രൂപ്പിനെ ആർബിഐ നിയമിച്ചിരുന്നു. ഡിജിറ്റൽ രൂപയുടെ അന്തിമ പതിപ്പ് ഇനിയും തയ്യാറായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ ശേഷം മാത്രമായിരിക്കും അന്തിമ രൂപം നിശ്ചയിക്കുക.   ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പാണ് ഇ-രൂപ അല്ലെങ്കിൽ ഡിജിറ്റൽ രൂപ.   ഡിജിറ്റൽ രൂപയുടെ  ഇൻറർബാങ്ക് ഇടപാടുകളിലെ മൊത്ത വ്യാപാരത്തിനായി ഒരു പതിപ്പും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ചില്ലറ വ്യാപാരത്തിനായി മറ്റൊരു പതിപ്പും ആർബിഐ തയ്യാറാക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios