Share Market Today: അദാനി ഓഹരികൾ കൂപ്പുകുത്തി, ബാങ്കിംഗ് ഓഹരികൾ വീണു; മൂന്ന് മാസത്തെ ഏറ്റവും വലിയ ഇടിവിൽ വിപണി

അദാനി കമ്പനികളുടെ ഉയർന്ന കടബാധ്യതയെക്കുറിച്ച് ഹിൻഡൻബർഗ് റിപ്പോർട്ട് സൂചിപ്പിച്ചതോടെ ഇത് ബാങ്കിംഗ് മേഖലയെ പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളെ പ്രതികൂലമായി ബാധിച്ചതിനാൽ ബാങ്കിംഗ് ഓഹരികൾ ഇടിഞ്ഞു 
 

Share Market Today 27 01 2023

മുംബൈ: കടുത്ത വിൽപന സമ്മർദത്തെ തുടർന്ന് ഇക്വിറ്റി വിപണികൾ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി.  അദാനി ഗ്രൂപ്പ് ഓഹരികളിലെ ഇടിവ് മൊത്തത്തിലുള്ള വിപണി വികാരത്തെ തളർത്തി.

അദാനി കമ്പനികളുടെ ഉയർന്ന കടബാധ്യതയെക്കുറിച്ച് അടുത്തിടെയുള്ള റിപ്പോർട്ടിൽ ഹിൻഡൻബർഗ് നടത്തിയ അവകാശവാദങ്ങൾ ബാങ്കിംഗ് മേഖലയെ പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളെ പ്രതികൂലമായി ബാധിച്ചതിനാൽ ബാങ്കിംഗ് ഓഹരികളാണ് ഏറ്റവും പിന്നിലെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.

ബിഎസ്ഇ സെൻസെക്‌സ് 874 പോയിന്റ് ഇടിഞ്ഞ് 59,331 ൽ വ്യാപാരം അവസാനിപ്പിച്ചു, 2022 ഒക്ടോബർ 21 ന് 59,307 ൽ അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ് ഇത്. എൻഎസ്ഇ നിഫ്റ്റി 288 പോയിന്റ് നഷ്ടത്തിൽ 17,604 വരെ ഇടിഞ്ഞ് വ്യാപാരം അവസാനിച്ചു.

നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ് എന്നിവയാണ്  നഷ്ടത്തിൽ മുന്നിൽ, ഇവ യഥാക്രമം 18, 15 ശതമാനം ഇടിഞ്ഞു. ബാങ്കിങ് ഓഹരികളിൽ എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, ഇൻഡസ്‌ഇൻഡ് ബാങ്ക് എന്നിവ 5 ശതമാനം വരെ ഇടിഞ്ഞു.

മറ്റ് അദാനി കമ്പനികളായ അദാനി വിൽമർ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി പവർ, അംബുജ സിമൻറ്, എസിസി എന്നിവയുടെ ഓഹരികൾ 5 മുതൽ 20 ശതമാനം വരെ  നഷ്ടത്തിൽ ക്ലോസ് ചെയ്തു. 

കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പിന്റെ ഇടപാടുകളുടെ  സൂക്ഷ്മപരിശോധന സെബി വർദ്ധിപ്പിച്ചിട്ടുണ്ട്, കൂടാതെ ഗ്രൂപ്പിന്റെ വിദേശ നിക്ഷേപകരുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രാഥമിക അന്വേഷണത്തിനായി ഹിൻഡൻബർഗ് റിസർച്ച് നൽകിയ റിപ്പോർട്ടും പഠിക്കും എന്ന മാർക്കറ്റ് റെഗുലേറ്റർ അറിയിച്ചിട്ടുണ്ട്.

ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ 6 ശതമാനം ഉയർന്നു, ബജാജ് ഓട്ടോ 5.8 ശതമാനം ഉയർന്നു, ഡോ റെഡ്ഡീസ് 3 ശതമാനം ഉയർന്നു. ഈ ഓഹരികൾ മൂന്നാം പാദത്തിലെ ശക്തമായ വരുമാനത്തിൽ വെള്ളിയാഴ്ചത്തെ വിപണി തകർച്ചയെ ശക്തമായി ചെറുത്തു. കൂടാതെ, ഓട്ടോ, ഫാർമ, എഫ്എംസിജി സൂചികകൾ മാത്രമാണ് വിശാലാടിസ്ഥാനത്തിലുള്ള വിൽപനയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്, നിഫ്റ്റി പിഎസ്ബിയും ഓയിൽ ആൻഡ് ഗ്യാസ് സൂചികകളും 5 ശതമാനം വീതം ഇടിഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios