Share Market Today: നിക്ഷേപകർ പ്രതീക്ഷയിൽ; നഷ്ടം നികത്തി സൂചികകൾ മുന്നേറി
വിപണിയിൽ ഇന്ന് സെൻസെക്‌സും നിഫ്റ്റിയും പ്രതിരോധം തീർത്ത് മുന്നേറി. വിപണിയിൽ ഇന്ന് നേട്ടം കൊയ്ത ഓഹരികൾ അറിയാം
മുംബൈ: എണ്ണവിലയിലെ ഇടിവ് വിപണിയെ ഉണർത്തിയതിനാൽ ആഭ്യന്തര ഇക്വിറ്റി വിപണികൾ മൂന്ന് ദിവസത്തെ തുടർച്ചയായ നഷ്ടം മറികടന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 270 പോയിൻറ് അഥവാ 0.4 ശതമാനം ഉയർന്ന് 61,400 ലെവൽ വീണ്ടെടുത്ത് 61,418 ൽ അവസാനിച്ചു. നിഫ്റ്റി 89 പോയിന്റ് അഥവാ 0.49 ശതമാനം ഉയർന്ന് 18,249ലും വ്യാപാരം അവസാനിപ്പിച്ചു.
വിപണിയിൽ ഇന്ന് ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, അൾട്രാടെക് സിമന്റ്, ടൈറ്റൻ, എൽ ആൻഡ് ടി, ഇൻഫോസിസ്, ഐ ടി സി, ടെക് എം, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, സൺ ഫാർമ, ആർഐഎൽ, ടിസിഎസ് എന്നീ ഓഹരികൾ 0.6 ശതമാനത്തിനും 2.9 ശതമാനത്തിനും ഇടയിൽ ഉയർന്നു. അതേസമയം നെസ്‌ലെ ഇന്ത്യ, പവർ ഗ്രിഡ്, ഭാരതി എയർടെൽ, കൊട്ടക് ബാങ്ക് എന്നീ ഓഹരികൾ 0.85 ശതമാനം വരെ കുറഞ്ഞു.
വിശാലമായ വിപണികളിൽ ബിഎസ്ഇ മിഡ്കാപ്പ് സൂചിക 0.48 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.10 ശതമാനം ഇടിഞ്ഞു. മേഖലകളിൽ, നിഫ്റ്റി റിയാലിറ്റി സൂചിക ഒഴികെ മറ്റെല്ലാം വ്യാപാരത്തിൽ നേട്ടമുണ്ടാക്കി. നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക 1.66 ശതമാനം വർദ്ധിച്ചു. നിഫ്റ്റി റിയാലിറ്റി സൂചിക 1.22 ശതമാനം ഇടിവോടെ അവസാനിച്ചു.
വ്യക്തിഗത ഓഹരികളിൽ വൺ 97 കമ്മ്യൂണിക്കേഷൻസ് ഓഹരികൾ 535 രൂപയിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം 11.3 ശതമാനം ഇടിഞ്ഞ് 476 രൂപയിലെത്തി, ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരികൾ ഇന്ന് 2.67 ശതമാനം ഉയർന്ന് 1,170 രൂപയിലെത്തി.