Share Market Today: നിക്ഷേപകർ ആശങ്കയിൽ; നേട്ടം തുടരാനാകാതെ വിപണിയിൽ ഇടിവ്

ആദ്യ വ്യാപാരത്തിലെ നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി ഇടിഞ്ഞു.  പവർ, മെറ്റൽ ഓഹരികൾ വിറ്റഴിച്ചതോടെ സൂചികകൾ കൂപ്പുകുത്തി 
 

Share Market Today 09 11 2022

മുംബൈ: ആഗോള സൂചനകൾ ദുർബലമായതോടെ ആഭ്യന്തര സൂചികൾ ഇന്ന് നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. പവർ, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾ ഓഹരികൾ വിറ്റഴിച്ചതിനാൽ സെൻസെക്‌സും നിഫ്റ്റിയും തളർന്നു. ബിഎസ്‌ഇ സെൻസെക്‌സ് 152 പോയിന്റ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 61,033 എന്ന നിലയിലും നിഫ്റ്റി 46 പോയിന്റ് അല്ലെങ്കിൽ 0.25 ശതമാനം ഇടിഞ്ഞ് 18,157 ലും വ്യാപാരം അവസാനിപ്പിച്ചു. 

സെൻസെക്സിൽ ഇന്ന് ഏറ്റവും വലിയ നഷ്ടം ഉണ്ടാക്കിയത് പവർഗ്രിഡാണ്, 4.06 ശതമാനം ഇടിഞ്ഞു, ടെക് മഹീന്ദ്ര, സൺ ഫാർമ, ബജാജ് ഫിൻസെർവ്, എൻടിപിസി ഓഹരികളും ഇടിഞ്ഞു. നേരെമറിച്ച്, ഐടിസി, ഡോ റെഡ്ഡീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്സിഎൽ ടെക് എന്നിവ നേട്ടമുണ്ടാക്കി, 1.99 ശതമാനം വരെ ഈ ഓഹരികൾ ഉയർന്നു.

രണ്ട് സൂചികകളും ആദ്യ വ്യാപാരത്തിൽ യഥാക്രമം 61,447, 18,296 എന്നിങ്ങനെ ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.5 ശതമാനവും 0.3 ശതമാനവും ഇടിഞ്ഞു.

മേഖലകൾ പരിശോധിക്കുമ്പോൾ, ബാങ്ക് ഓഹരികൾ ഒഴികെ എല്ലാ സൂചികകളും ഇന്ന് നഷ്ടത്തിലായിരുന്നു, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക ഏകദേശം 4 ശതമാനം ഉയർന്നപ്പോൾ  നിഫ്റ്റി റിയാലിറ്റി സൂചിക 1.4 ശതമാനം ഇടിഞ്ഞ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കി.

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾക്കായി ആഗോള നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ ബുധനാഴ്ച യൂറോപ്യൻ വിപണികൾ നേരിയ തോതിൽ താഴ്ന്നു. പാൻ-യൂറോപ്യൻ സ്റ്റോക്സിൽ  ട്രാവൽ ആൻഡ് ലെഷർ സ്റ്റോക്കുകൾ 1 ശതമാനം ഇടിഞ്ഞതോടെ ആദ്യകാല വ്യാപാരത്തിൽ സൂചിക 0.4 ശതമാനം ഇടിഞ്ഞു.  

 

Latest Videos
Follow Us:
Download App:
  • android
  • ios