Share Market Live: ചൈനയിൽ മാന്ദ്യ ഭീതി; ഇന്ത്യൻ സൂചികകൾ ഇടിഞ്ഞു
വിപണിയിൽ സൂചികകൾ തളർന്നു. കനത്ത ഇടിവ് രേഖപ്പെടുത്തി ഓഹരി വിപണി. ഇന്ന് വിപണിയിൽ നേട്ടത്തിലുള്ള ഓഹരികൾ അറിയാം.
മുംബൈ: ചൈനയിലെ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടുന്നതിനിടയിൽ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 100 പോയിൻറിലധികം താഴ്ന്ന് 17,650 ൽ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 350 പോയിന്റ് താഴ്ന്ന് 59,294 ലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി മിഡ്‌ക്യാപ് നിഫ്റ്റി സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
Read Also: സ്വർണവില വീണ്ടും ഇടിഞ്ഞു; ഒരാഴ്ചകൊണ്ട് കുറഞ്ഞത് 440 രൂപ
വിപണിയിൽ ഇന്ന് ഏകദേശം 929 ഓഹരികൾ മുന്നേറി, 1238 ഓഹരികൾ ഇടിഞ്ഞു, 158 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
അദാനി പോർട്ട്‌സ്, പവർ ഗ്രിഡ് കോർപ്പറേഷൻ, എച്ച്‌യുഎൽ, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ഡോ.റെഡ്ഡീസ് ലാബ്‌സ് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎൻജിസി, വിപ്രോ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ തുടങ്ങിയവ നഷ്ടത്തിലുമാണ്
നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഐടി എന്നിവ വ്യാപാരത്തിൽ തകർന്നതോടെ മറ്റ് മേഖലകളും തകർച്ചയിലേക്ക് എത്തി.
വ്യക്തിഗത ഓഹരികളിൽ പരിശോധിക്കുകയാണെങ്കിൽ, ഏകദേശം 7,000 കോടി രൂപയ്ക്ക് ഡിബി പവർ കമ്പനി ഏറ്റെടുത്തതിന് ശേഷം അദാനി പവറിന്റെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 427 രൂപയിലെത്തി. കൂടാതെ, ഫ്യൂച്ചർ എന്റർപ്രൈസസിന്റെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 1.9 രൂപയിലെത്തി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് രണ്ടാം വാരം രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 2.238 ബില്യൺ ഡോളർ ഇടിഞ്ഞ് 570.74 ബില്യൺ ഡോളറായി. ഓഗസ്റ്റ് അഞ്ചിന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ കരുതൽ ശേഖരം 897 മില്യൺ ഡോളർ കുറഞ്ഞ് 572.978 ബില്യൺ ഡോളറായി.