Share Market Live: ഐടി മേഖല തുണച്ചു, വിപണി മുന്നേറുന്നു; സെൻസെക്‌സ് 304 പോയിന്റ് ഉയർന്നു
നിക്ഷേപകർ ആശ്വാസത്തിൽ, വിപണിയിൽ ഓഹരികൾ മുന്നേറുന്നു. ഐടി മേഖലയിൽ വാങ്ങലുകൾ വർധിച്ചു നേട്ടത്തിലുള്ള ഓഹരികളെ അറിയാം.
മുംബൈ: ഐടി മേഖലയിലെ വാങ്ങലുകൾക്കും ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതകൾക്കും ഇടയിൽ ബുധനാഴ്ച ആദ്യകാല വ്യാപാരത്തിൽ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഉയർന്നു. ആഭ്യന്തര വിപണിയിലെ പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 304.17 പോയിന്റ് ഉയർന്ന് 62,006.46 ലെത്തി. എൻഎസ്ഇ നിഫ്റ്റി 88.05 പോയിന്റ് ഉയർന്ന് 18,473.35 ലെത്തി.
ബിഎസ്ഇ സെൻസെക്‌സിൽ ഇന്ന് ആദ്യ വ്യാപാരത്തിൽ എച്ച്‌സിഎൽ ടെക്‌നോളജീസ്, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ്, വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, ആക്‌സിസ് ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, അൾട്രാടെക് സിമന്റ് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി. അതെ സമയം പവർ ഗ്രിഡും ഐടിസിയും പിന്നിലായി.
ഏഷ്യയിലെ മറ്റിടങ്ങളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവിടങ്ങളിലെ ഇക്വിറ്റി മാർക്കറ്റുകൾ താഴ്ന്ന നിലയിലാണ്, ഹോങ്കോംഗ് നേരിയ നേട്ടത്തിൽ ആരംഭിച്ചു.
അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.18 ശതമാനം ഉയർന്ന് ബാരലിന് 80.13 ഡോളറിലെത്തി. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ചൊവ്വാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) 455.94 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്. കറൻസി വിപണിയിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 82.75 ആയി
അതേസമയം, ചൊവ്വാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഭ്യന്തര വിപണിയിൽ ബിഎസ്ഇ ബെഞ്ച്മാർക്ക് 103.90 പോയിൻറ് അഥവാ 0.17 ശതമാനം താഴ്ന്ന് 61,702.29 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 35.15 പോയിന്റ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 18,385.30 ൽ അവസാനിച്ചു.
ആദ്യകാല വ്യാപാരത്തിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്ന ഓഹരികൾ സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡ്, ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡ്, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്, മെട്രോ ബ്രാൻഡ് ലിമിറ്റഡ്, ലെമൺ ട്രീ ഹോട്ടൽസ് ലിമിറ്റഡ്, ഫൈവ്-സ്റ്റാർ ബിസിനസ് ഫിനാൻസ് ലിമിറ്റഡ്, എസ്ജെവിഎൻ ലിമിറ്റഡ് എന്നിവയുടേതാണ്.