Share Market Live: നഷ്ടം നികത്തി വിപണി; സെൻസെക്സ് 783 പോയിന്റ് ഉയർന്നു
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ നഷ്ടം നികത്തി ഓഹരി വിപണി. നിക്ഷേപകർ സന്തോഷത്തിൽ, മുന്നേറ്റം നടത്തിയ ഓഹരികൾ ഇവയാണ്.
മുംബൈ: ആഭ്യന്തര ഓഹരി വിപണി ഇന്ന് ഉയർന്നു, സെൻസെക്സ് 783.14 പോയിൻറ് അഥവാ 1.38 ശതമാനം ഉയർന്ന് 57571.95 ലും നിഫ്റ്റി 244.70 പോയിൻറ് അഥവാ 1.45 ശതമാനം ഉയർന്ന് 17132 എന്ന നിലയിലുമാണ് വ്യവഹാരം ആരംഭിച്ചത്. വിപണിയിൽ ഇന്ന് ഏകദേശം 1633 ഓഹരികൾ മുന്നേറി, 250 ഓഹരികൾ ഇടിഞ്ഞു, 65 ഓഹരികൾക്ക് മാറ്റമില്ലാതെ തുടർന്നു.
Read Also: കശ്മീരി ആപ്പിൾ കടൽ കടക്കും; ആദ്യമായി രുചിക്കാൻ യുഎഇ
നിഫ്റ്റി മിഡ്‌കാപ്പ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ ഇന്ന് ഒരു ശതമാനത്തിൽ അധികം ഉയർന്നു. രാവിലെയുള്ള വ്യാപാരത്തിൽ മിക്കവാറും എല്ലാ മേഖലാ സൂചികകളും നേട്ടത്തിലായിരുന്നു. നിഫ്റ്റി മെറ്റൽ ഇന്നലെത്തെ നഷ്ടം നികത്തി 3 ശതമാനത്തിലധികം നേട്ടമുണ്ടാക്കി, തുടർന്ന് ബാങ്കും 2 ശതമാനത്തിലധികം ഉയർന്നു.
ഇൻഡസ്‌ഇൻഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ ഓഹരികൾ ഇന്ന് വിപണിയിൽ 12 ശതമാനം വരെ ഉയർന്നു.
ആഭ്യന്തര സൂചികകൾക്ക് പുറമെ ഏഷ്യൻ വിപണികളും ഇന്ന് രാവിലെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ജപ്പാനിലെ നിക്കി സൂചിക 225 2.19 ശതമാനത്തിലധികം ഉയർന്നപ്പോൾ, കൊറിയ കോമ്പോസിറ്റ് സ്റ്റോക്ക് പ്രൈസ് ഇൻഡക്‌സ് അല്ലെങ്കിൽ കോസ്പിഐ സൂചിക 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
Read Also: കുതിച്ചുയർന്ന് സ്വർണവില, കൂടെ വെള്ളിയും; രണ്ട് ദിവസംകൊണ്ട് ഉയർന്നത് 680 രൂപ!
വ്യക്തിഗത ഓഹരി പരിശോധിക്കുമ്പോൾ, സെപ്തംബർ പാദത്തിൽ വ്യാപാരം മെച്ചപ്പെടുത്തിയതിനാൽ എം ആൻഡ് എം ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരികൾ 10 ശതമാനം നേട്ടമുണ്ടാക്കി. കൂടാതെ, കെഇസി ഇന്റർനാഷണലിന്റെ ഓഹരികൾ 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. എല്ലാ സെഗ്‌മെന്റുകളിലുമായി 1,407 കോടി രൂപയുടെ പുതിയ ഓർഡറുകൾ ആണ് കെഇസി ഇന്റർനാഷണൽ നേടിയത്.