കനത്ത നഷ്ടം നേരിട്ട് ഓഹരി സൂചികകൾ; സെൻസെക്സ് 1158 പോയിന്റും നിഫ്റ്റി 353 പോയിന്റും ഇടിഞ്ഞു
ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക്, പവർ, മെറ്റൽ, ഫാർമ, റിയാൽറ്റി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളുടെ പ്രകടനമാണ് വിപണിക്ക് തിരിച്ചടിയായത്
മുംബൈ: തുടർച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾക്ക് കനത്ത നഷ്ടം. സെൻസെക്‌സ് (Sensex) 1158.63 പോയന്റ് താഴ്ന്ന് 59,984.70ലും നിഫ്റ്റി (Nifty) 353.70 പോയന്റ് നഷ്ടത്തിൽ 17,857.30ലുമാണ് ഇന്ന് പ്രവർത്തനം അവസാനിപ്പിച്ചത്. ഒക്ടോബറിലെ ഫ്യൂച്ചർ കരാറുകൾ അവസാനിക്കുന്ന ദിവസം കൂടിയായതിനാൽ നഷ്ടത്തിന് ഇരട്ടി ആഘാതമുണ്ട്.
ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക്, പവർ, മെറ്റൽ, ഫാർമ, റിയാൽറ്റി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളുടെ പ്രകടനമാണ് വിപണിക്ക് തിരിച്ചടിയായത്. പൊതുമേഖല ബാങ്ക്, മെറ്റൽ, റിയാൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, പവർ, ഫാർമ സൂചികകൾക്ക് രണ്ട് മുതൽ അഞ്ച് ശതമാനം വരെ നഷ്ടം നേരിട്ടു. അദാനി പോർട്‌സ്, ഐടിസി, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് വലിയ നഷ്ടം നേരിട്ടത്. ഇൻഡസ്ഇന്റ് ബാങ്ക്, എൽ ആന്റ് ടി, അൾട്രടെക് സിമെന്റ്, ഏഷ്യൻ പെയിന്റ്‌സ്, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾക്ക് ഒരു ശതമാനം വീതം നഷ്ടമായി. അമേരിക്കയിലെ ജിഡിപി കണക്കുകൾ പുറത്തുവരാനായി കാത്തിരിക്കുകയാണ് നിക്ഷേപകർ. യുഎസ് ഫെഡറൽ റിസർവിന്റെ യോഗം അടുത്തയാഴ്ച നടക്കുന്നുണ്ട്.