Stock Market Today : ഇന്നും തിരിച്ചടി നേരിട്ട് ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ
Stock Market Today : 1963 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ 1279 ഓഹരികളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 116 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല
മുംബൈ: ഇന്ത്യൻ ആഭ്യന്തര ഓഹരി സൂചികകൾ ഇന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 16500 ന് താഴേക്ക് പോയി. ഓട്ടോ, ഫിനാൻഷ്യൽ സെക്ടറുകളിൽ ഓഹരികളുടെ പിന്നോക്കം പോക്കാണ് ഇന്ത്യൻ ഓഹരി സൂചികകൾക്ക് തിരിച്ചടിയായത്. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 366.22 പോയിന്റ് താഴെ പോയി. 0.66 ശതമാനമാണ് നഷ്ടം. 55,102.68 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 108 പോയിന്റ് താഴേക്ക് പോയി. 0.65 ശതമാനമാണ് നഷ്ടം. 16498 പോയിന്റിലാണ് നിഫ്റ്റി ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. 1963 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ 1279 ഓഹരികളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 116 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.
അൾട്രാടെക് സിമന്റ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, ശ്രീ സിമന്റ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളാണ് ഇന്ന് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയത്. ഒഎൻജിസി, യു പി എൽ, പവർഗ്രിഡ് കോർപ്പറേഷൻ, വിപ്രോ, ടെക്ക് മഹീന്ദ്ര തുടങ്ങിയ കമ്പനികൾക്ക് ഇന്ന് നേട്ടമുണ്ടായി. ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ്, ബാങ്കിംഗ് സെക്ടറുകളിൽ വലിയ നഷ്ടമാണ് ഇന്നു രേഖപ്പെടുത്തിയത്. രണ്ട് ശതമാനമാണ് ഈ സെക്ടറുകളിൽ കമ്പനികളുടെ നഷ്ടം.