മരുന്നുകമ്പനിയായ ഫൈസറിന്റെ പ്രഖ്യാപനം: രണ്ടാം ദിവസവും റെക്കോർഡ് മുന്നേറ്റം നടത്തി ഓഹരി വിപണി
ഐടി, ഫാർമ, എഫ്എംസിജി ഓഹരികളിൽ വിൽപ്പന സമ്മർദ്ദത്തിന് സാക്ഷ്യം വഹിച്ചു.
മുംബൈ: പ്രാഥമിക ട്രയൽ ഫലങ്ങളെ അടിസ്ഥാനമാക്കി കൊവിഡ് -19 വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന മരുന്നുകമ്പനിയായ ഫൈസറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ച തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ വിപണികൾ റെക്കോർഡ് വ്യാപാര നിലവാരത്തിലേക്ക് ഉയർന്നു.
ബെഞ്ച്മാർക്കുകളിൽ, എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 600 പോയിന്റിലധികം നേട്ടത്തിലേക്ക് ഉയർന്നു, ആദ്യമായി 43,000 ലെവലിന് മുകളിലേക്ക് എത്തിയത് വിപണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. വിശാലമായ നിഫ്റ്റി 50 സൂചികയും 12,600 മാർക്കിലെത്തി. ബജാജ് ഫിനാൻസ് (9 ശതമാനം), ഇൻഡസ് ഇൻഡ് ബാങ്ക് (5 ശതമാനം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (4 ശതമാനം) എന്നിവയാണ് സെൻസെക്സ് നേട്ടത്തിലേക്ക് കുതിപ്പ് നടത്തിയ ഓഹരികൾ.
ധനകാര്യ സേവനങ്ങൾ, പിഎസ്‍യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, എനർജി, മെറ്റൽ സൂചികകൾ എന്നിവ 1-3.4 ശതമാനം വരെ ഉയർന്നു. ഐടി, ഫാർമ, എഫ്എംസിജി ഓഹരികളിൽ വിൽപ്പന സമ്മർദ്ദത്തിന് സാക്ഷ്യം വഹിച്ചു.