Stock Market Live : അഞ്ച് ദിവസത്തെ കുതിപ്പിന് അന്ത്യം; നേരിയ തോതിൽ ഇടിഞ്ഞ് ഇന്ത്യൻ ഓഹരി സൂചികകൾ
ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിൽ 278.14 ലക്ഷം കോടി രൂപയിൽ നിന്ന് 278.49 ലക്ഷം കോടി രൂപയായി ഉയർന്നു
മുംബൈ: ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റ് ഇന്ത്യൻ വിപണി ഇന്ന് അഞ്ച് ദിവസത്തെ നേട്ടത്തിന് ശേഷം ഇടിഞ്ഞു. സെൻസെക്‌സ് 12 പോയിന്റ് താഴ്ന്ന് 61223ലും നിഫ്റ്റി രണ്ട് പോയിന്റ് താഴ്ന്ന് 18255ലുമാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സിൽ 2.66 ശതമാനത്തോളം ഇടിഞ്ഞ് ഏഷ്യൻ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, എച്ച്‌യുഎൽ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 58 പോയിന്റും 153 പോയിന്റും ഉയർന്നു.
ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 278.14 ലക്ഷം കോടി രൂപയിൽ നിന്ന് 278.49 ലക്ഷം കോടി രൂപയായി ഉയർന്നു. സെൻസെക്‌സിലെ 30 ഓഹരികളിൽ 18 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, ഇന്ത്യൻ ഓയിൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. മാർച്ചിൽ അമേരിക്കയിൽ പണപ്പെരുപ്പം ചെറുക്കാനായി പലിശ നിരക്ക് ഉയർത്തുമെന്ന് ഫെഡറൽ റിസർവിലെ ഉന്നതർ പറഞ്ഞതാണ് ആഗോള വിപണി ഇടിയാനുള്ള പ്രധാന കാരണം.