ഇന്ത്യൻ ഓഹരി വിപണികൾക്ക് നല്ല കാലം: തുടർച്ചയായ മൂന്നാം ദിവസവും നേട്ടം
ഇന്ന് സെന്‍സെക്സ് 150 പോയന്റ് ഉയര്‍ന്ന് 60546-ലും നിഫ്റ്റി 45 പോയന്റ് മുന്നേറി 18048-ലുമാണ് വ്യാപാരം ആരംഭിച്ചത്
മുംബൈ: മൂന്നാം ദിവസവും മുന്നേറ്റം തുടർന്ന് ഇന്ത്യൻ ഓഹരി വിപണികൾ. ജനുവരിയില്‍ ഇതുവരെ നാലു ശതമാനത്തിലേറെയാണ് പ്രധാന ഓഹരി സൂചികകൾ മുന്നേറിയത്. നിഫ്റ്റി 52 പോയിന്റ് നേട്ടത്തില്‍ 18055 ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 221 പോയിന്റ് നേട്ടത്തോടെ 60616 ലും ചൊവ്വാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് 94 പോയിന്റ് നേട്ടത്തോടെ 38442 ലും വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് സെന്‍സെക്സ് 150 പോയന്റ് ഉയര്‍ന്ന് 60546-ലും നിഫ്റ്റി 45 പോയന്റ് മുന്നേറി 18048-ലുമാണ് വ്യാപാരം ആരംഭിച്ചത്. പക്ഷെ 18050 ലെത്തും മുൻപ് സൂചികകള്‍ താഴേക്ക് വന്നു. ആദ്യ ഒരു മണിക്കൂറിലെ താഴോട്ടുള്ള യാത്ര പിന്നീട് നിക്ഷേപകർക്ക് പ്രതീക്ഷയേകി മുന്നോട്ടായി. ഒരു ഘട്ടത്തിൽ 17964 ലായിരുന്ന നിഫ്റ്റി വൈകുന്നേരം മൂന്ന് മണി വരെ സൂചികകള്‍ ഉയർന്ന് നിന്നു. 18081 ലെത്തിയ ഓഹരി വിപണി പിന്നീട് 18055-ല്‍ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി-50 ൽ 25 ഓഹരികൾ ഇന്ന് മുന്നേറി. ഐടി കമ്പനിയായ എച്ച്സിഎല്‍ ടെക് 4 ശതമാനത്തിലേറെ മുന്നേറി. അദാനി പോര്‍ട്ട്‌സ് മൂന്ന് ശതമാനവും, എച്ച്ഡിഎഫ്സി, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഡിവീസ് ലാബ്‌സ് എന്നീ ഓഹരികള്‍ ഒരു ശതമാനവും നേട്ടമുണ്ടാക്കി.
നിഫ്റ്റി-50 ൽ 24 ഓഹരികളുടെ വിലയിടിഞ്ഞു. മെറ്റല്‍ വിഭാഗത്തിലുള്ള ജെഎസ്ഡബ്യൂ സ്റ്റീല്‍ നാല് ശതമാനവും ടാറ്റ സ്റ്റീല്‍ മൂന്ന് ശതമാനവും താഴേക്ക് പോയി. ബിപിസിഎല്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ ഒരു ശതമാനത്തിലേറെ നഷ്ടം നേരിട്ടു.