Stock Market Today : രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിൽ ഇന്ത്യൻ ഓഹരി സൂചികകൾ; മൂന്നാം ദിവസവും കൂപ്പുകുത്തി
നിഫ്റ്റി 17757 പോയിന്റിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഇന്നലത്തെ ക്ലോസിങിനെ അപേക്ഷിച്ച് 1.01 ശതമാനം അഥവാ 181.40 പോയിന്റ് താഴെയാണ്
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. തുടർച്ചയായ മൂന്നാം ദിവസവും നഷ്ടം നേരിട്ടതോടെയാണിത്. ടെക്നോളജി സ്റ്റോക്കുകൾ അവരുടെ ഇടിവ് തുടരുകയും റിലയൻസ് ഇൻഡസ്ട്രീസിനുണ്ടായ മൂല്യ ഇടിവുമെല്ലാം ഇന്നത്തെ ഓഹരി സൂചികകളുടെ പിന്നോട്ട് പോക്കിന് കാരണമായി.
സെൻസെക്‌സ് 59464.62 പോയിന്റിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലത്തെ ക്ലോസിങിൽ നിന്ന് 634.20 പോയിന്റ് അഥവാ 1.06 ശതമാനം ഇടിവിലാണ് സെൻസെക്സ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സെൻസെക്‌സ് യഥാക്രമം 656 പോയിന്റും 554 പോയിന്റും നഷ്ടത്തിലായിരുന്നു.
നിഫ്റ്റി 17757 പോയിന്റിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഇന്നലത്തെ ക്ലോസിങിനെ അപേക്ഷിച്ച് 1.01 ശതമാനം അഥവാ 181.40 പോയിന്റ് താഴെയാണ്. 17921.00 പോയിന്റിൽ നേട്ടത്തോടെ പ്രവർത്തനം തുടങ്ങിയ ശേഷം നിഫ്റ്റി ഒരു ഘട്ടത്തിൽ 17648.45 പോയിന്റിലേക്ക് താഴ്ന്നിരുന്നു.
തുടർച്ചയായ മൂന്നാം ദിവസവും ഐടി ഓഹരികളാണ് ഓഹരി സൂചികകളെ തിരിച്ചടിയിലേക്ക് നയിച്ചത്. ഇൻഫോസിസ് 2.23 ശതമാനം ഇടിഞ്ഞ് 1826 രൂപയിലെത്തി. എച്ച്സിഎൽ ടെക്നോളജീസ് 1.97 ശതമാനം ഇടിഞ്ഞ് 1175.50 രൂപയായി. ടിസിഎസ് 2.09 ശതമാനം ഇടിഞ്ഞ് 3834 രൂപയായി.
ബജാജ് ഫിൻസെർവ്, ഹിന്ദുസ്ഥാൻ യൂണിവലർ, ഡോ.റെഡ്ഡി ലബോറട്ടറീസ്, സൺ ഫാർമ എന്നീ ഓഹരികളും വൻ തിരിച്ചടി നേരിട്ടു. സെൻസെക്‌സിന്റെ ഭാഗമായ 30 ഓഹരികളിൽ എട്ടെണ്ണം മാത്രമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റിയിൽ 15 ഓഹരികൾ മുന്നേറി. 35 ഓഹരികൾ ഇടിഞ്ഞു. എഫ്എംസിജി, ഫാർമ, ഐടി എന്നീ മേഖലാ സൂചികകൾ ഒരു ശതമാനം താഴേക്ക് പോയി. നിഫ്റ്റി മെറ്റൽ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയ മേഖലാ സൂചിക.