50,000 ത്തിന് മുകളിലേക്ക് റെക്കോർഡ് കുതിപ്പ്; അഗ്നിബാധാ റിപ്പോർട്ടിനും ലാഭ ബുക്കിംഗിനും പിന്നാലെ ഇടിവ്
ദീർഘകാലത്തേക്ക് ഇന്ത്യൻ വിപണികളുടെ പ്രകടനം മികച്ചതായി നിൽക്കുമെന്നാണ് വിശകലന വിദഗ്ധരുടെ കണക്കുകൂട്ടൽ.
ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു ദിവസമായിരുന്നു ഇന്ന്. സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 50,000 ലെവലിനെ മറികടന്നത് നിക്ഷേപകരെ ആവേശക്കൊടുമുടിയിലെത്തിച്ചു. എന്നാൽ, കമ്പോളത്തിന് നേട്ടങ്ങൾ മുറുകെ പിടിക്കാനായില്ല, ലാഭം നേടുന്നതിലും കുറവുണ്ടായി. സെഷനിൽ നേരത്തെ 50,184 എന്ന റെക്കോഡിലെത്തിയ സെൻസെക്സ് വ്യാപാരം അവസാനിക്കാറായപ്പോഴേക്കും 0.34 ശതമാനം ഇടിഞ്ഞ് 49,624.76 ൽ എത്തി. എൻഎസ്ഇ നിഫ്റ്റി 0.37 ശതമാനം ഇടിഞ്ഞ് 14,590 മാർക്കിലും എത്തി.
കൊവിഡ് ഷീൽഡ് വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ തീ പടർന്നതായുളള റിപ്പോർട്ടിന് പിന്നാലെ വിപണി വികാരത്തിന് തിരിച്ചടി നേരിട്ടു. വിപണിയുടെ നേട്ടം ഇടിഞ്ഞു. ഇൻട്രാ -ഡേ വ്യാപാരത്തിൽ സെൻസെക്സ് ബെഞ്ച്മാർക്ക് റെക്കോർഡ് ഉയരത്തിൽ നിന്ന് 785 പോയിന്റ് ഇടിഞ്ഞ് 49,399 എന്ന താഴ്ന്ന നിലയിലെത്തിയിരുന്നു.
ഒഎൻജിസി, ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് സൂചികയിൽ ഏറ്റവും പിന്നോക്കം പോയത്. രണ്ട് ശതമാനത്തിനും നാല് ശതമാനത്തിനും ഇടയിലാണ് ഇടിവ്. എച്ച്ഡിഎഫ്സി ഇരട്ടകൾ, എയർടെൽ, ടിസിഎസ്, ഐടിസി, എസ്ബിഐ എന്നിവയിലെ ലാഭ ബുക്കിംഗ് സൂചികയുടെ താഴേക്ക് പോക്കിന് കാരണമായി.
കേന്ദ്ര ബാങ്കിന്റെ നടപടികൾ ഗുണം ചെയ്തു
എല്ലാ പ്രധാന മേഖലാ സൂചികകളും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി പിഎസ്‍യു ബാങ്ക് സൂചിക മൂന്ന് ശതമാനം ഇടിഞ്ഞു, നിഫ്റ്റി റിയൽറ്റി സൂചിക (2.3 ശതമാനം ഇടിവ്), നിഫ്റ്റി മെറ്റൽ സൂചിക (2 ശതമാനം ഇടിവ്) എന്നിവയും നഷ്ട മാർജിനിലേക്ക് എത്തി.
എഫ്ഐഐ നിക്ഷേപ വരവിനെ പിന്തുണയ്ക്കുന്ന രീതിയിലുളള കേന്ദ്ര ബാങ്കിന്റെ പണലഭ്യത വിപുലീകരണ നടപടികൾ, കൊവിഡ് -19 വാക്സിൻ കണ്ടെത്തിയതിന് പിന്നാലെയുളള വി ആകൃതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കലിന്റെ ശുഭസൂചനകൾ, അമേരിക്കൻ ഐക്യനാടുകളുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്റെ സത്യപ്രതിജ്ഞ എന്നിവയാണ് ഇന്ന് വിപണിയിൽ റെക്കോർഡ് മുന്നേറ്റത്തിന് സഹായിച്ച ഘടകങ്ങൾ. ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 50,000 മാർക്കിന് മുകളിലേക്ക് കുതിച്ചുകയറുകയും 50,184 എന്ന റെക്കോർഡ് ഉയരത്തിലെത്തി നിക്ഷേപകരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. നിഫ്റ്റി 50 സൂചികയും 14,753 എന്ന റെക്കോർഡ് ഉയരത്തിലെത്തി.
മുന്നോട്ട് പോകുമ്പോൾ, ഇന്ത്യൻ കോർപ്പറേറ്റുകളുടെ ബാലൻസ് ഷീറ്റിലെ മികച്ച സംഖ്യകളും ധനകാര്യ രംഗത്തിന്റെ വീണ്ടെടുക്കലിനുളള സർക്കാർ നടപടികളും സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു. മൂലധന വിപണികളിലും ഇത് പ്രതിഫലിക്കാൻ സാധ്യതയുണ്ട്, അതുവഴി ദീർഘകാലത്തേക്ക് ഇന്ത്യൻ വിപണികളുടെ പ്രകടനം മികച്ചതായി നിൽക്കുമെന്നാണ് വിശകലന വിദഗ്ധരുടെ കണക്കുകൂട്ടൽ.
ആഗോള വിപണികളുടെ പ്രകടനം
പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനിൽ നിന്ന് നിക്ഷേപകർ വലിയ ഉത്തേജനം പ്രതീക്ഷിക്കുന്നത് മൂലം ലോക ഓഹരികൾ വ്യാഴാഴ്ച റെക്കോർഡ് നിലാവാരത്തിൽ പ്രകടനം നടത്തുകയും ചെയ്തു. ഡോളറിന്റെ മൂല്യത്തിൽ ഇടിവ് നേരിട്ടത് ഇന്ത്യൻ രൂപ അടക്കമുളള കറൻസികളുടെ മൂല്യം ഉയരാൻ ഇടയാക്കി.
യൂറോപ്യൻ വിപണികൾ, എഫ് ടി എസ് ഇ, ഡാക്സ്, സി എസി 40 എന്നിവ 0.2 ശതമാനം മുതൽ 0.4 ശതമാനമായി വരെ ഉയർന്നു. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ഈ വർഷത്തെ ആദ്യ നയ യോഗത്തിനായി കാത്തിരുന്നതിനാൽ യൂറോയുടെ നിരക്ക് മെച്ചപ്പെട്ട നിലയിൽ തുടരുന്നു.
വാൾസ്ട്രീറ്റ്, ഏഷ്യൻ ഓഹരികൾ ഒറ്റരാത്രികൊണ്ട് പുതിയ ഉയരങ്ങൾ കീഴടക്കി. 50 ഓളം രാജ്യങ്ങളെ ഉൾക്കൊള്ളുന്ന എം എസ് സി ഐയുടെ ആഗോള സൂചിക 0.3 ശതമാനവും നേട്ടമുണ്ടാക്കി.