അമ്പോ ! വന്‍ കുതിപ്പ്, ബാങ്കുകള്‍ തിളങ്ങി; വീണ്ടും റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്ന് സെന്‍സെക്സും ദേശീയ ഓഹരി സൂചികയും
അടുത്തയാഴ്ച നടക്കുന്ന യോഗത്തിൽ റിസർവ് ബാങ്കിന്റെ പ്രധാന പലിശനിരക്ക് തുടർച്ചയായ ആറാം തവണ വെട്ടിക്കുറയ്ക്കുന്നത്, ആഭ്യന്തര ഇക്വിറ്റികൾക്ക് കൂടുതൽ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ.
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് തുടരുകയാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. സെന്‍സെക്സ് ഇന്ന് 100 പോയിന്‍റ് കുതിച്ചുയര്‍ന്ന് പുതിയ ഉയരമായ 41,163 പോയിന്‍റിലേക്ക് എത്തി. നിഫ്റ്റിയിലും വന്‍ വ്യാപാര നേട്ടം പ്രകടമാണ്. നിഫ്റ്റി 12,138 പോയിന്‍റിലാണിപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.
ബാങ്ക് സ്റ്റോക്കുകള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നിഫ്റ്റി ബാങ്ക് സൂചിക ചരിത്രത്തിലാദ്യമായി 32,000 പോയിന്‍റിലേക്ക് ഉയര്‍ന്നു. 0.40 ശതമാനമാണ് നേട്ടം. യെസ് ബാങ്ക്, ടിസിഎസ്, ടാറ്റാ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ക്ക് സെന്‍സെക്സില്‍ ഇന്ന് 0.5 ശതമാനം മുതല്‍ ഒരു ശതമാനം വരെ കയറ്റം ഉണ്ടായി.
കോർപ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറച്ചത് ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച വിവിധ നടപടികളുടെ പശ്ചാത്തലത്തിൽ അടുത്ത ഏതാനും പാദങ്ങളിൽ രാജ്യത്തിന്‍റെ വളര്‍ച്ചാ വീണ്ടെടുക്കൽ പ്രതീക്ഷകൾ ഇന്ത്യൻ വിപണികളെ പുതിയ ഉയരങ്ങളിലെത്തിച്ചു. വിദേശ പോര്ട്ട്ഫോളിയൊ നിക്ഷേപകരും (എഫ്പിഐ) ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നെറ്റ് സെല്ലർമാരായ ശേഷം ഇന്ത്യൻ ഓഹരി വാങ്ങുന്നവരായി മാറിയതും വിപണി നേട്ടത്തിന് കാരണമായി.
അടുത്തയാഴ്ച നടക്കുന്ന യോഗത്തിൽ റിസർവ് ബാങ്കിന്റെ പ്രധാന പലിശനിരക്ക് തുടർച്ചയായ ആറാം തവണ വെട്ടിക്കുറയ്ക്കുന്നത്, ആഭ്യന്തര ഇക്വിറ്റികൾക്ക് കൂടുതൽ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ.
രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്കുകള്‍ നാളെ പ്രഖ്യാപിക്കും, വളർച്ച അഞ്ച് ശതമാനത്തിൽ താഴെയാകുമെന്ന് പല സാമ്പത്തിക വിദഗ്ധരും പ്രവചിച്ച സാഹചര്യത്തില്‍ വിപണിയുടെയും നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്.
“സർക്കാർ അടുത്തിടെ സ്വീകരിച്ച നടപടികൾ വളർച്ചയെ മുന്നോട്ട് നയിക്കുമെന്ന് വിപണികൾ പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയും കാണുന്നതായി” എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.