അനിൽ അംബാനിക്ക് വീണ്ടും 'എട്ടിന്റെ പണി'; കള്ളത്തരം കൈയ്യോടെ പിടിച്ച് സെബി
അനിൽ അംബാനിയാണ് കമ്പനിയുടെ ചെയർമാൻ. ടോപ് മാനേജ്മെന്റിന് തട്ടിപ്പ് നടത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നുവെന്നാണ് ആരോപണം
മുംബൈ: നേരിട്ടോ അല്ലാതെയോ ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്ന് അനിൽ അംബാനിയെ സ്റ്റോക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വിലക്കി. ഇദ്ദേഹത്തിന്റെ റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിനെയും മറ്റ് മൂന്ന് വ്യക്തികളെയും വിലക്കിയിട്ടുണ്ട്. വിപണിയിൽ അനാരോഗ്യകരമായ ഇടപെടൽ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിലെ സീനിയർ എക്സിക്യുട്ടീവുമാരായ അമിത് ബപ്ന, രവീന്ദ്ര സുധാകർ, പിങ്കേഷ് ആർ ഷാ എന്നിവരാണ് വിലക്കപ്പെട്ട മറ്റ് മൂന്ന് പേർ. കമ്പനി ഫണ്ട് വകമാറ്റി, സാമ്പത്തിക രേഖകളിൽ കൃത്രിമത്വം കാട്ടി, സാമ്പത്തിക രേഖകളിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് സെബി ആരോപിച്ചിരിക്കുന്നത്.
അനിൽ അംബാനിയാണ് കമ്പനിയുടെ ചെയർമാൻ. ടോപ് മാനേജ്മെന്റിന് തട്ടിപ്പ് നടത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നുവെന്നാണ് ആരോപണം. എന്നാൽ റിലയൻസ് ഹോം ഫിനാൻസ് ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. അമിത് ബപ്ന, രവീന്ദ്ര സുധാകർ, പിങ്കേഷ് ആർ ഷാ എന്നിവർ ടോപ് മാനേജ്മെന്റിന്റെ തെറ്റായ നീക്കങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകിയെന്നാണ് സെബിയുടെ കുറ്റപ്പെടുത്തൽ. കണക്കുകളിൽ കള്ളത്തരം കാട്ടി പൊതുജനത്തെ ഇവർ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണമുണ്ട്.