ക്രയോൺ കാപിറ്റലിന് നാല് വർഷത്തേക്ക് സെബിയുടെ വിലക്ക്
ഈ തുകയിൽ 2021 ജനുവരി 22 വരെ 59.52 കോടി രൂപ കമ്പനി തിരിച്ച് നൽകി.
മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ക്രയോൺ കാപിറ്റലിനെ നാല് വർഷത്തേക്ക് വിലക്കി. കമ്പനി ആർട്ട് ഫണ്ട് സ്കീം വഴി നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത പണം മുഴുവൻ തിരികെ കൊടുക്കാനും ഉത്തരവിട്ടു.
കളക്ടീവ് ഇൻവസ്റ്റ്മെന്റ് സ്കീം വഴി പൊതുജനത്തിൽ നിന്ന് ക്രയോൺ കാപിറ്റൽ പണം സമാഹരിച്ചിരുന്നു. എന്നാലിതിന് സെബിയിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ല. 2006 ൽ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി 474 പേരിൽ നിന്നായി 60.57 കോടി രൂപയാണ് സമാഹരിച്ചത്. ഈ തുക ആർട്ട്‌വർക്കുകൾക്ക് മേലാണ് നിക്ഷേപിച്ചത്.
ഈ തുകയിൽ 2021 ജനുവരി 22 വരെ 59.52 കോടി രൂപ കമ്പനി തിരിച്ച് നൽകി. 112 പേർക്കായി 1.04 കോടി രൂപ ഇനിയും നൽകാനുണ്ട്. 2012 നവംബറിൽ പദ്ധതി അവസാനിപ്പിച്ചതാണെന്നും അതിന് ശേഷം നിക്ഷേപകരിൽ നിന്ന് കമ്പനി പണം സമാഹരിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ക്രയോൺ ഫണ്ട് സ്വകാര്യ ട്രസ്റ്റാണെന്നും ഇതിന്റെ സ്പോൺസറും അസറ്റ് മാനേജറഫും ഒരു പാർട്ണർഷിപ്പ് സ്ഥാപനമാണെന്നും അതിന് സെബിയിൽ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും വാദിച്ചു. ക്രയോൺ കാപിറ്റൽ കമ്പനിയുടെ പദ്ധതികൾക്ക് മേലിൽ മാത്രമേ സിഐഎസ് റഗുലേഷൻ ബാധകമാകൂവെന്നും കമ്പനി പറഞ്ഞെങ്കിലും വാദങ്ങൾ തള്ളി.
പണം മടക്കി നൽകാനുള്ള നിക്ഷേപകർക്ക് തുക പത്ത് ശതമാനം പലിശ സഹിതം ഉടൻ മടക്കി നൽകാനാണ് സെബി ഉത്തരവിൽ പറയുന്നത്. ഇതിന് ആറ് മാസം സമയമുണ്ട്. നിക്ഷേപകർക്ക് മുഴുവൻ പലിശ നൽകി തീർക്കാൻ ഒൻപത് മാസം സമയവും അനുവദിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona