'57 സര്‍ക്കുലറുകള്‍ ഒറ്റ സര്‍ക്കുലര്‍ കൊണ്ട് തിരുത്തി', രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി സെബി: പുറത്തേക്ക് ഒഴുകി വിദേശ നിക്ഷേപം
പ്രധാനമായും ആഗോള പ്രതിസന്ധികളും ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എഫ്പിഐ നികുതിയുമാണ് വന്‍ തോതില്‍ നിക്ഷേപം പിന്‍വലിക്കുന്ന അവസ്ഥയിലേക്ക് നിക്ഷേപകരെ നയിച്ചത്.
മുംബൈ: വിദേശ നിക്ഷേപത്തിന്‍റെ ഒഴുക്ക് തടയാന്‍ അതിവേഗ നടപടികളെടുത്ത് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഒറ്റദിവസം കൊണ്ട് ഒറ്റസര്‍ക്കുലറിലൂടെ മുന്‍പ് ഇറക്കിയ 57 സര്‍ക്കുലറുകളിലും 183 സംശയ നിവാരണ സൂചികയിലും സെബി മാറ്റം വരുത്തി. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ക്ക് (എഫ്പിഐ) നികുതി പരിഷ്കരണം വരുത്തിയതിനെ തുടര്‍ന്ന് വന്‍ തോതില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ രാജ്യത്ത് നിന്ന് പിന്‍വലിക്കപ്പെട്ടു.
ഇതോടെയാണ് ഇന്ത്യന്‍ മൂലധന വിപണിയില്‍ സമ്മര്‍ദ്ദം വര്‍ധിച്ചു. കഴിഞ്ഞ ദിവസം നടന്ന സെബി യോഗം വിപണിയിലെ പ്രതിസന്ധികള്‍ വിലയിരുത്തി, നിക്ഷേപ സമാഹരണത്തിനുളള നിബന്ധനകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. എഫ്പിഐകളെ പുതിയ തീരുമാനപ്രകാരം രണ്ടായി തരം തിരിച്ചു.
നിക്ഷേപകരുടെ രജിസ്ട്രേഷനും നോ യുവര്‍ കസ്റ്റമര്‍ മാനദണ്ഡങ്ങളും ലളിതമാക്കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ കീഴില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളോ, ഹൗസിംഗ് ഫിനാന്‍സ് കമ്പനികളോ ഉണ്ടെങ്കില്‍ അവരുടെ ബൈ ബാക്ക് മാനദണ്ഡങ്ങളില്‍ സെബി ഇളവ് വരുത്തി.
ആഗസ്റ്റ് മാസത്തിന്‍റെ ആദ്യപകുതിയില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) പിന്‍വലിച്ചത് 10,416.25 കോടി. ആഗസ്റ്റ് ഒന്ന് മുതല്‍ 16 വരെയുളള കണക്കുകള്‍ പ്രകാരമാണിത്. പ്രധാനമായും ആഗോള പ്രതിസന്ധികളും ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എഫ്പിഐ നികുതിയുമാണ് വന്‍ തോതില്‍ നിക്ഷേപം പിന്‍വലിക്കുന്ന അവസ്ഥയിലേക്ക് നിക്ഷേപകരെ എത്തിച്ചത്.
ഇക്കാലയിളവില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിക്ഷേപമായി എത്തിയത് 2,096.38 കോടി രൂപ മാത്രവും.