വ്യാപാരത്തിനിടെ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി, വിപണിയിൽ ആശങ്ക വർധിക്കുന്നു
എണ്ണവില ഇന്ന് നേട്ടത്തിലേക്ക് ഉയർന്നു.
മുംബൈ: ആഭ്യന്തര ഇക്വിറ്റി മാർക്കറുകളിൽ വലിയ ചാഞ്ചാട്ടം ഉണ്ടായപ്പോൾ, ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ റെക്കോഡ് നിരക്കിലേക്ക് ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ 76.55 എന്ന റെക്കോഡ് മൂല്യത്തകർച്ചയിലേക്ക് രൂപ നീങ്ങിയെങ്കിലും പിന്നീട് തിരിച്ചുകയറി. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ 76.34 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. 76.29 എന്ന നിലയിലാണ് ഇന്ത്യൻ രൂപ വ്യാപാരം അവസാനിച്ചത്.
കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് ആഭ്യന്തര, ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമോ? എന്ന ആശങ്കയിലാണ് നിക്ഷേപകരെന്ന് ട്രേഡർമാർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ഇതുവരെ 5,700 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ ഇത് 15 ലക്ഷത്തിന് മുകളിലാണ്. സെൻസെക്സ് ഇന്ന് ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ 1,200 പോയിൻറ് ഉയർന്നു. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ബുധനാഴ്ച 1,943 കോടി ഡോളർ വിലമതിക്കുന്ന ഇക്വിറ്റി ഓഹരികൾ വാങ്ങി.
പ്രധാന ആഗോള കറൻസികൾക്കെതിരെ യുഎസ് ഡോളർ സൂചിക 100.17 ലാണ് വ്യാപാരം നടന്നത്.
ലോകത്തെ മുൻനിര എണ്ണ ഉൽപാദകർ ഉൽപാദനം കുറയ്ക്കുന്നതിനുളള ഒരു കരാറിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് വന്നതിന് പിന്നാലെ രൂപയുടെ സമ്മർദ്ദം വർധിച്ചു. എണ്ണവില ഇന്ന് നേട്ടത്തിലേക്ക് ഉയർന്നു. ജൂലൈ ഡെലിവറിയിലെ ബ്രെന്റ് ബാരലിന് 0.4 ശതമാനം വർധിച്ച് 32.97 ഡോളറിലെത്തി.