കര്‍ഷകര്‍ക്ക് ആശ്വാസം; റബര്‍ വില കുതിയ്ക്കുന്നു
പ്രതികൂല കാലാവസ്ഥമൂലം തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലെ റബര്‍ ഉല്‍പാദനത്തിലും വന്‍ ഇടിവുണ്ടായി. ചില രാജ്യങ്ങളില്‍ കൊവിഡ് കാരണം തൊഴിലാളി ക്ഷാമം നേരിടുന്നു.
തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ഷകര്‍ക്ക് ആശ്വാസമേകി റബര്‍ വില കുതിക്കുന്നു. കഴിഞ്ഞ ദിവസം വില 150ല്‍ എത്തി. ഇതോടെ സീസണില്‍ കര്‍ഷകരും വ്യാപാരികളും പ്രതീക്ഷയിലാണ്. വിദേശത്ത് ഉല്‍പ്പാദനം കുറഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ നേട്ടമായത്. റബര്‍ വില സ്ഥിരതാ ഫണ്ട് 200 രൂപയാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരും രംഗത്തെത്തി. 2017 ലാണ് ഇതിന് മുന്‍പ് റബറിന് 150 രൂപയിലെത്തിയത്. പിന്നീട് പലപ്രാവശ്യം 110 ലേക്ക് വരെ കൂപ്പ് കുത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ റബര്‍ വീണ്ടും 150 തൊട്ടു.
കഴിഞ്ഞയാഴ്ച 140 നും 145 നും ഇടയിലായിരുന്നു ആര്‍എസ്എസ് 4 നും ആര്‍എസ്എസ് 5 നും വില. പ്രതികൂല കാലാവസ്ഥമൂലം തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലെ റബര്‍ ഉല്‍പാദനത്തിലും വന്‍ ഇടിവുണ്ടായി. ചില രാജ്യങ്ങളില്‍ കൊവിഡ് കാരണം തൊഴിലാളി ക്ഷാമം നേരിടുന്നു. ലോക്ഡൗണില്‍ പൊതുഗതാഗതം ഇല്ലാത്തതിനെത്തുടര്‍ന്നാണ് സ്വാകാര്യവാഹനങ്ങള്‍ക്ക് ഡിമാന്റ് കൂടിയത്.
വിദേശത്ത് നിന്ന് ഒരു തരത്തിലുള്ള ഇറക്കുമതിയും ഇപ്പോഴില്ല. വില ഉയരുമെന്ന ബോധ്യത്തില്‍ ആഭ്യന്തര കര്‍ഷകര്‍ വില്‍പ്പനയില്‍ നിന്നും മാറി നിന്നതും ഗുണമായി. സര്‍ക്കാര്‍ നല്‍കുന്ന വില സ്ഥിരതാ ഫണ്ടിനൊപ്പമാണ് ഇപ്പോഴത്തെ റബര്‍വില.