ജിയോ-ഗൂഗിൾ കൂട്ടുകെട്ട്; ഇന്ത്യയിൽ ചൈനീസ് കമ്പനികളെ കാത്തിരിക്കുന്നത് വൻ തിരിച്ചടി
നിലവിൽ രാജ്യത്തെ പത്തിൽ എട്ട് സ്മാർട്ട്ഫോണുകളും ചൈനീസ് കമ്പനികളുടേതാണ്. ഷവോമി, ബിബികെ ഇന്റസ്ട്രീസ് (റിയൽമി, ഒപ്പൊ, വിവോ) എന്നിവയ്ക്ക് ഇന്ത്യൻ വിപണിയിൽ രണ്ട് ബില്യൺ ഡോളറിന്റെ സ്വാധീനമുണ്ട്.
ദില്ലി: രാജ്യത്ത് റിലയൻസ് ഇന്റസ്ട്രീസിന്റെ ജിയോ സ്മാർട്ട്ഫോൺ രംഗത്ത് നടത്താൻ പോകുന്ന വൻ നീക്കം മേഖലയിൽ സ്വാധീനമുള്ള ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. ഗൂഗിൾ കൂടി ജിയോയ്ക്ക് ഒപ്പം കൈകോർക്കുന്നതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ മാർക്കറ്റിലെ ചൈനീസ് കമ്പനികളുടെ സ്വാധീനം നഷ്ടമാകുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
കഴിഞ്ഞ ആഴ്ച നടന്ന കമ്പനിയുടെ വാർഷിക യോഗത്തിൽ വച്ചാണ് മുകേഷ് അംബാനി സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. ചെറിയ വിലയ്ക്ക് ലഭിക്കുന്ന 4ജി, 5ജി സ്മാർട്ട്ഫോണുകൾക്കായി ഗൂഗിൾ ഒരു ആൻഡ്രോയ്‌ഡ് ഓപ്പറേറ്റിങ് സിസ്റ്റം തയ്യാറാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനെ പിൻപറ്റിയാണ് ഇപ്പോഴത്തെ നിഗമനങ്ങളിലേക്ക് വിദഗ്ദ്ധർ എത്തിയിരിക്കുന്നത്.
നിലവിൽ രാജ്യത്തെ പത്തിൽ എട്ട് സ്മാർട്ട്ഫോണുകളും ചൈനീസ് കമ്പനികളുടേതാണ്. ഷവോമി, ബിബികെ ഇന്റസ്ട്രീസ് (റിയൽമി, ഒപ്പൊ, വിവോ) എന്നിവയ്ക്ക് ഇന്ത്യൻ വിപണിയിൽ രണ്ട് ബില്യൺ ഡോളറിന്റെ സ്വാധീനമുണ്ട്. ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് റിലയൻസ് കടന്നുവന്നാൽ ഈ കമ്പനികളുടെ സ്വാധീനം നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിലയൻസ് 2017 ൽ ജിയോ ഫോൺ അവതരിപ്പിച്ചത് ഇതിന്റെ മുന്നോടിയായാണ് നോക്കിക്കാണുന്നത്. നിലവിൽ രാജ്യത്തെ 10 കോടി പേർ ജിയോയുടെ ഈ ഫീച്ചർ ഫോൺ ഉപയോഗിക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ഇന്ത്യൻ വിപണിയിൽ റിലയൻസ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചാൽ അത് വലിയ വിജയമായിരിക്കും എന്നാണ് പ്രതീക്ഷ. റിലയൻസിനോട് കിടപിടിക്കാൻ ചൈനീസ് കമ്പനികൾ വൻ വിലക്കുറവ് പ്രഖ്യാപിക്കേണ്ടി വരുമെന്നും എങ്കിലും റിലയൻസ് വിപണി കീഴടക്കാൻ തന്നെയാണ് സാധ്യതയെന്നുമാണ് വിലയിരുത്തൽ.