തുടർച്ചയായ മൂന്നാം മാസവും വിദേശ നിക്ഷേപ വരവിൽ വൻ വർധന; റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇക്വിറ്റി സെഗ്മെന്റ്
ഇന്ത്യയിലേക്കുള്ള നിക്ഷേപകരുടെ അവിശ്വസനീയമായ വരവിന് സാക്ഷ്യം വഹിക്കുകയാണെന്നും ഇത് വിപണികളിൽ മുന്നേറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായ മൂന്നാം മാസവും വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഇന്ത്യൻ വിപണിയിൽ സജീവമായി തുടരുന്നു. ഡിസംബർ മാസം 68,558 കോടി രൂപ ഇന്ത്യൻ വിപണികളിൽ എഫ്പിഐകൾ നിക്ഷേപിച്ചു.
നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് എഫ് പി ഐ ഡാറ്റ ലഭ്യമാക്കിത്തുടങ്ങിയതിന് ശേഷം ഇക്വിറ്റി സെഗ്മെന്റിനെ സംബന്ധിച്ചിടത്തോളം ഉണ്ടായ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. ഇക്വിറ്റികളിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിക്ഷേപം പരിധി നവംബറിൽ എഫ്പിഐകൾ നടത്തിയ 60,358 കോടി രൂപയുടെ നിക്ഷേപമാണ്.
ഡിപോസിറ്ററികളുടെ കണക്കനുസരിച്ച്, 2020 ഡിസംബറിൽ വിദേശ നിക്ഷേപകർ 62,016 കോടി രൂപ ഇക്വിറ്റികളിലേക്കും 6,542 കോടി രൂപ ഡെറ്റ് വിപണിയിലേക്കും നിക്ഷേപിച്ചു. പോയ മാസത്തെ മൊത്തം നിക്ഷേപം 68,558 കോടി രൂപയാണ്.
ഇതിനുമുമ്പ്, ഒക്ടോബർ, നവംബർ മാസങ്ങളിലും എഫ്പിഐകൾ അറ്റ വാങ്ങലുകാരായിരുന്നു. യഥാക്രമം 22,033 കോടി രൂപയും 62,951 കോടി രൂപയും നിക്ഷേപമായി ഇന്ത്യൻ വിപണിയിൽ എത്തി.
“വിദേശ നിക്ഷേപകർ ചില ബ്ലൂചിപ്പ് സ്റ്റോക്കുകളിൽ നിന്ന് പുറത്തുകടന്ന് ചെറുകിട, മിഡ് ക്യാപ്പ് സ്ഥലത്തേക്ക് പ്രവേശിക്കുന്നതാണ് ഇതിന് കാരണം. ബ്ലൂചിപ്പുകൾ ഇതുവരെയുളള നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ആകർഷിക്കുകയും ഉയർന്ന മൂല്യനിർണ്ണയത്തിലെത്തുകയും ചെയ്തിട്ടുണ്ട്,” ഗ്രോവിലെ സഹസ്ഥാപകനും സിഒഒയുമായ ഹർഷ് ജെയിൻ പറഞ്ഞു.
ഇന്ത്യയിലേക്കുള്ള നിക്ഷേപകരുടെ അവിശ്വസനീയമായ വരവിന് സാക്ഷ്യം വഹിക്കുകയാണെന്നും ഇത് വിപണികളിൽ മുന്നേറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു - അഞ്ച് വർഷത്തിനുള്ളിൽ കാണാത്ത തരത്തിലുളളതാണിതെന്നും അദ്ദേഹം ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.
വാക്സിൻ വിജയം സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും നിക്ഷേപ റാലി 2021 ലും തുടരാമെന്നും ജെയിൻ കൂട്ടിച്ചേർത്തു.